പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്കിൽ നേരിയ കുറവ്. സെപ്റ്റംബറിലെ അഞ്ചു ശതമാനത്തിൽനിന്ന് നേരിയ കുറവോടെ 4.9 ശതമാനത്തിലേക്കു താഴ്ന്നു.
ഗ്രാമീണ മേഖലകളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലും മൊത്തത്തിലുള്ള തൊഴിൽ പങ്കാളിത്തത്തിലും ഉണ്ടായ വർധനയാണ് ഇതിന് കാരണമായത്.
സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്) പ്രകാരം, 15 വയസും അതിനു മുകളിലും പ്രായമുള്ളവരുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 2025 ഒക്ടോബറിൽ രേഖപ്പെടുത്തിയ 5.2 ശതമാനത്തിനേക്കാൾ 0.3 ശതമാനം കുറവുണ്ടായി.
നഗരപ്രദേശങ്ങളിൽ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് സെപ്റ്റംബറിലെ 6.9 ശതമാനത്തിൽനിന്ന് 6.7 ശതമാനമായി കുറഞ്ഞപ്പോൾ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 4.2 ശതമാനത്തിൽ മാറ്റമില്ലാതെ നിന്നു.
വനിതകളുടെ എണ്ണം കൂടി
സ്ത്രീകളുടെ ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ റേറ്റ് (എൽഎഫ്പിആർ) വർധിച്ചു. സെപ്റ്റംബറിലെ 34.6 ശതമാനത്തിൽനിന്നും മുൻ വർഷം ഒക്ടോബറിലെ 34.2 ശതമാനത്തിൽനിന്നും 35 ശതമാനം ഉയർന്നു. ഈ വർഷം ഫെബ്രുവരിക്കുശേഷമുള്ള ഉയർന്ന നിരക്കാണിത്.
ഗ്രാമീണ മേഖലയിലെ വനിത എൽഎഫ്പിആർ മുൻ മാസത്തെ 38.8 ശതമാനത്തിൽനിന്ന് ഒക്ടോബറിൽ 39.5 ശതമാനത്തിലേക്ക് മുന്നേറി. എന്നാൽ നഗരമേഖലയിലെ വനിതകളുടെ തൊഴിൽ പങ്കാളിത്തം 25.9 ശതമാനവുമായി മാറ്റമില്ലാതെ തുടർന്നു.
തൊഴിൽ ഉയർന്നു
ജോലി ചെയ്യുന്നവരോ ജോലി അന്വേഷിക്കുന്നവരോ ജോലി ചെയ്യാൻ സന്നദ്ധരായവരോ ആയ ജനങ്ങളുടെ അനുപാതം അളക്കുന്ന മൊത്തത്തിലുള്ള എൽഎഫ്പിആർ സെപ്റ്റംബറിലെ 55.5 ശതമാനത്തിൽനിന്ന് 55.7 ശതമാനമായി ഉയർന്നു. തൊഴിലുള്ള ജനങ്ങളുടെ അനുപാതം അളക്കുന്ന വർക്കർ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യുപിആർ) ഇതേ കാലയളവിൽ 52.7 ശതമാനത്തിൽനിന്ന് 53 ശതമാനമായി മെച്ചപ്പെട്ടു.
സെപ്റ്റംബറിലെ 58 ശതമാനത്തിൽനിന്ന് എൽഎഫ്പിആർ 58.4 ശതമാനത്തിലേക്ക് ഉയർന്നതോടെ ഗ്രാമീണ മേഖലയിലാണ് കൂടുതൽ മെച്ചപ്പെടൽ ഉണ്ടായത്. എന്നാൽ നഗരമേഖലയിൽ ഇത് 50.7 ശതമാനത്തിൽനിന്ന് 50.5 ശതമാനത്തിലേക്കു നേരിയ താഴ്ചയുണ്ടായി.
വനിതകളുടെ തൊഴിലില്ലായ്തമ നിരക്ക് സെപ്റ്റംബറിലെ 5.2 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി താഴ്ന്നു. പുരുഷന്മാരുടേത് 4.9 ശതമാനത്തിൽ തുടർന്നു.
Tags : Female labor force Periodic Labour Force Survey Statistics Programme Business