ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം മൂലം പൊറുതിമുട്ടുന്ന രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഇലക്ട്രിക് വാഹന(ഇവി) നയത്തിന്റെ കരട് പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍.
ഡല്‍ഹിയിലെ വായുമലിനീകരണ പ്രതിസന്ധിക്കു കാരണമാകുന്ന ഇന്ധന വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക, നഗരം പരിസ്ഥിതിസൗഹൃദ സംവിധാനത്തിലേക്ക് മാറ്റുക തുടങ്ങിയവയാണ് നയത്തിന്റെ ലക്ഷ്യം. പുതിയ നിയമനുസരിച്ച് ഡല്‍ഹിയില്‍ 2027 ജനുവരി ഒന്നുമുതല്‍ ഇലക്ട്രിക് മുച്ചക്രവാഹനങ്ങള്ക്കു മാത്രമായിരിക്കും പുതിയ രജിസ്ട്രേഷന് അനുമതി നല്‍കുക.
2028 ഏപ്രില്‍ ഒന്നുമുതല്‍ ഈ നിയന്ത്രണം ഇരുചക്ര വാഹനങ്ങളിലേക്കും വ്യാപിപ്പിക്കും. ഗതാഗതവകുപ്പിനു കീഴിലെ ഇവി വിഭാഗം പുറത്തിറക്കിയ കരട് നയത്തിന്മേൽ അടുത്ത 30 ദിവസത്തിനുള്ളിൽ വിദഗ്ധരിൽനിന്നും പൗരന്മാരിൽനിന്നും നിർദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ഇതിനുശേഷമായിരിക്കും നയം അന്തിമമാക്കുക.
പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുകയും ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും ഉള്‍പ്പെടുന്നതാണ് പുതിയ നയം. പെട്രോള്‍ വാഹനങ്ങള്‍ക്കു സമയബന്ധിതമായ നിയന്ത്രണങ്ങള്‍, കര്‍ശനമായ ഫ്ലീറ്റ് നിയന്ത്രണം, ഇവിയെ പ്രോത്സാഹിപ്പിക്കുന്നതിന് ചാര്‍ജിംഗ് സൗകര്യത്തിന്റെ വിപുലീകരണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഇവി നയം.
നഗരത്തില്‍ ഡെലിവറി സര്‍വീസിനായി ഉപയോഗിക്കുന്ന ടൂവീലറുകളും ഗുഡ്സ് വാഹനങ്ങളും ഇലക്ട്രിക് മാത്രമായിരിക്കും. ഇതിനായുള്ള നടപടികള്‍ കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ ആരംഭിച്ചുകഴിഞ്ഞു. നിലവിലുള്ള ബി.എസ്-6 ഇരുചക്ര വാഹനങ്ങള്‍ക്ക് ഈവർഷം ഡിസംബര്‍ 31 വരെ മാത്രമേ അനുമതി നല്‍കൂവെന്നും നയം വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ പെട്രോള്‍ ടൂവീലറുകളുടെ രജിസ്ട്രേഷന് പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് പുതിയ തീരുമാനം.
സ്കൂള്‍ ബസുകളും സര്‍ക്കാര്‍ വാഹനങ്ങളും ഘട്ടംഘട്ടമായി ഇലക്ട്രിക്കിലേക്കു മാറ്റും. നയം നിലവില്‍വന്നു രണ്ടാം വര്‍ഷത്തില്‍ വാഹനങ്ങള്‍ പത്തു ശതമാനം ഇവിയിലേക്ക് മാറ്റും. മൂന്നാം വര്‍ഷത്തില്‍ 20 ശതമാനം, 2030 ആകുമ്പോഴേക്കും 30 ശതമാനവും ഇവിയിലേക്കു മാറ്റാനാണ് ലക്ഷ്യം. വാടകയ്ക്കെടുക്കുന്നതും പാട്ടത്തിനെടുക്കുന്നതുമായ സര്‍ക്കാര്‍ വാഹനങ്ങള്‍ നൂറുശതമാനവും ഇനിമുതല്‍ ഇലക്ട്രിക് ആയിരിക്കും. പുതിയ സര്‍ക്കാര്‍ വാഹനങ്ങളെല്ലാം ഇലക്ട്രിക് വാഹനങ്ങളായിരിക്കും. ഗതാഗതസംവിധാനത്തിനു കീഴിലുള്ള പുതിയ അന്തര്‍ സംസ്ഥാന ബസുകളും ഇവിയിലേക്കു മാറും.
പ്രത്യേക സബ്സിഡികളും നികുതി ഇളവുകളും ഇലക്ട്രിക് വാഹനങ്ങള്‍ക്കു സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. 2.25 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ബാറ്ററി ശേഷി അനുസരിച്ചായിരിക്കും സബ്സിഡി. ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ക്കും ചരക്കുവാഹനങ്ങള്‍ക്കും സമാനമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ഇലക്ട്രിക് കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.
Tags : Petrol bikes EV policy Delhi government Not Registered