x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യൻ ഓഹരിവിപണിക്ക് സമ്മർദം

ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
Published: March 30, 2026 01:25 AM IST | Updated: March 30, 2026 01:25 AM IST

ഇ​ന്ത്യ​ൻ ഓ​ഹ​രി ഇ​ൻ​ഡ​ക്‌​സു​ക​ൾ കൂ​ടു​ത​ൽ പ​രു​ങ്ങി​ലേ​ക്ക്‌, ബാ​ധ്യ​ത​ക​ൾ പ​ണ​മാ​ക്കാ​ൻ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ന​ട​ത്തി​യ നീ​ക്കം വി​പ​ണി​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. മു​ൻ​നി​ര സൂ​ചി​ക​ക​ൾ ഒ​രു ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​ഞ്ഞു. വി​പ​ണി സാ​ങ്കേ​തി​ക​മാ​യി ദു​ർ​ബ​ല​മെ​ന്ന കാ​ര്യം മു​ൻ​വാ​ര​ങ്ങ​ളി​ൽ സൂ​ചി​പ്പി​ച്ച​ത്‌ ശ​രി​വ​ച്ച്‌ സൂ​ചി​ക താ​ഴ്‌​ന്ന ത​ല​ങ്ങ​ളി​ലേ​ക്ക്‌ നീ​ങ്ങു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്‌​റ്റി​നു ശേ​ഷം ആ​ദ്യ​മാ​യി തു​ട​ർ​ച്ച​യാ​യി അ​ഞ്ച്‌ ആ​ഴ്‌​ച​ക​ളി​ൽ വി​പ​ണി​ക്കു തി​രി​ച്ച​ടി നേ​രി​ട്ടു.

സെ​ൻ​സെ​ക്‌​സ്‌ 949 പോ​യി​ന്‍റും നി​ഫ്‌​റ്റി സൂ​ചി​ക 294 പോ​യി​ന്‍റും പ്ര​തി​വാ​ര ന​ഷ്‌​ട​ത്തി​ലാ​ണ്. ഒ​രു മാ​സ​ കാ​ല​യ​ള​വി​ൽ ബോം​ബെ സൂ​ചി​ക 7703 പോ​യി​ന്‍റും നി​ഫ്‌​റ്റി 2359 പോ​യി​ന്‍റും ഇ​ടി​ഞ്ഞു. ഈ ​വ​ർ​ഷം പി​റ​ന്ന് ആ​ദ്യ മൂ​ന്നു മാ​സ​ങ്ങ​ളി​ൽ ഇ​വ യ​ഥാ​ക്ര​മം 11,637 പോ​യി​ന്‍റും 3310 പോ​യി​ന്‍റും ത​ക​ർ​ച്ച​യി​ലാ​ണ്. അ​താ​യ​ത് ഇ​ടി​വ്‌ 13 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം. മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ യു​ദ്ധസാ​ഹ​ച​ര്യ​ത്തി​ൽ ബാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കാ​ൻ രാ​ജ്യാ​ന്ത​ര ഫ​ണ്ടു​ക​ൾ ന​ട​ത്തു​ന്ന നീ​ക്കം സൂ​ചി​ക​യെ വീ​ണ്ടും ത​ള​ർ​ത്താം.

ഓ​ഹ​രി വി​റ്റ്‌ ഡോ​ള​ർ ശേ​ഖ​രി​ക്കാ​നു​ള്ള നീ​ക്കം രൂ​പ​യു​ടെ റി​ക്കാ​ർ​ഡ്‌ ത​ക​ർ​ച്ച​യ്‌​ക്ക്‌ ഇ​ട​യാ​ക്കി. രൂ​പ​യു​ടെ മൂ​ല്യം മു​ൻ വാ​രം സൂ​ചി​പ്പി​ച്ച 95ലേ​ക്ക്‌ അ​ടു​ത്തു. ബു​ള്ളി​ഷാ​യി നീ​ങ്ങു​ന്ന ക്രൂ​ഡ്‌ ഓ​യി​ൽ 100 ഡോ​ള​റി​നു മു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്‌ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​നു ക​ന​ത്ത ഭാ​ര​മാ​വും. പ്ര​ത്യേ​കി​ച്ച്‌ കോ​ർ​പ​റേ​റ്റ്‌ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള അ​ടു​ത്ത ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കു തി​ള​ക്കം മ​ങ്ങാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന​തു സ്ഥി​തി സ​ങ്കീ​ർ​ണ​മാ​ക്കാം.

മ​ഹാ​വീ​ർ ജ​യ​ന്തി​യും ദുഃ​ഖവെ​ള്ളി​യും മൂ​ലം ഈ ​വാ​രം ര​ണ്ട്‌ അ​വ​ധി ദി​ന​ങ്ങ​ളു​ണ്ട്‌. സാ​ന്പ​ത്തി​ക വ​ർ​ഷാ​ന്ത്യ​മാ​യ​തി​നാ​ൽ ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ളും പൊ​സി​ഷ​നു​ക​ളി​ൽ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്താം. പി​ന്നി​ട്ട​വാ​രം ശ്രീ​രാ​മ ന​വ​മി മൂ​ലം വ്യാ​ഴാ​ഴ്‌​ച വി​പ​ണി പ്ര​വ​ർ​ത്തി​ച്ചി​ല്ല.

ഇ​ന്ത്യാ വോ​ളാ​റ്റി​ലി​റ്റി സൂ​ചി​ക ഉയർന്നു

നി​ക്ഷേ​പ​ക​ർ​ക്ക് അ​പാ​യ സൂ​ച​ന ന​ൽ​കി ഇ​ന്ത്യാ വോ​ളാ​റ്റി​ലി​റ്റി സൂ​ചി​ക കു​തി​ച്ചു. പി​ന്നി​ട്ട​വാ​രം 17.5 ശ​ത​മാ​നം സൂ​ചി​ക വ​ർ​ധി​ച്ച്‌ 26.80ലേ​ക്ക്‌ ക​യ​റി. ഓ​ഹ​രി വി​പ​ണി​യി​ൽ അ​സ്ഥി​ര​ത ത​ലയുയ​ർ​ത്തു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ വോ​ളാ​റ്റി​ലി​റ്റി സൂ​ചി​ക അ​പാ​യ മ​ണി മു​ഴ​ക്കു​ന്ന​തി​നാ​ൽ നി​ക്ഷേ​പ​ക​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.

സൂ​ചി​ക​യി​ൽ വ​ൻ ചാ​ഞ്ചാ​ട്ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു പു​തി​യ ബാ​ധ്യ​ത​ക​ളി​ൽ​നി​ന്നും അ​ല്പം പി​ൻ​തി​രി​യു​ന്ന​ത് അ​ഭി​കാ​മ്യം. കോ​വി​ഡ് വേ​ള​യി​ൽ, 2020 മാ​ർ​ച്ചി​ൽ സൂ​ചി​ക 65ലേ​ക്ക്‌ ഉ​യ​ർ​ന്നി​രു​ന്നു. 2024 ജൂ​ണി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലാ​ണ് വോ​ളാ​റ്റി​ലി​റ്റി സൂ​ചി​ക​യി​പ്പോ​ൾ. ഫെ​ബ്രു​വ​രി അ​വ​സാ​നം ഇ​റാ​ൻ യു​ദ്ധം തു​ട​ങ്ങി​യ ശേ​ഷം 90 ശ​ത​മാ​നം ഉ​യ​ർ​ന്നു.

കുതിപ്പില്ലാതെ നിഫ്റ്റി

നി​ഫ്‌​റ്റി 23,114ൽ​നി​ന്നും ഇ​ട​പാ​ടു​ക​ളുടെ ആ​ദ്യ പ​കു​തി​യി​ൽ 23,465ലേ​ക്ക്‌ ഉ​യ​ർ​ന്നെ​ങ്കി​ലും 23,664ലെ ​പ്ര​തി​രോ​ധ​ത്തി​ലേ​ക്ക്‌ അ​ടു​ക്കാ​നാ​യി​ല്ല. ഇ​തി​നി​ട​യി​ൽ ഉ​ട​ലെ​ടു​ത്ത വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ നി​ഫ്‌​റ്റി 22,757ലെ ​ആ​ദ്യ സ​പ്പോ​ർ​ട്ട്‌ ത​ക​ർ​ത്ത്‌ 22,471 വ​രെ ഇ​ടി​ഞ്ഞു. എ​ന്നാ​ൽ, 22,400ലെ ​ര​ണ്ടാം സ​പ്പോ​ർ​ട്ട്‌ നി​ല​നി​ർ​ത്തി​യെ​ന്നു മാ​ത്ര​മ​ല്ല വ്യാ​പാ​രാ​ന്ത്യം സൂ​ചി​ക ആ​ദ്യ സ​പ്പോ​ർ​ട്ടി​നു മു​ക​ളി​ൽ 22,819 പോ​യി​ന്‍റി​ലാ​ണ്.

ഈ ​വാ​രം ആ​ദ്യ താ​ങ്ങ്‌ 22,371 പോ​യി​ന്‍റി​ലാ​ണ്. അ​ത്‌ ന​ഷ്‌​ട​പ്പെ​ട്ടാ​ൽ തി​രു​ത്ത​ൽ 21,924 –20,930 റേ​ഞ്ചി​ലേ​ക്ക്‌ തി​രി​യാം. താ​ഴ്‌​ന്ന റേ​ഞ്ചി​ൽ ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ വാ​ങ്ങ​ലി​നു മു​തി​ർ​ന്നാ​ൽ 23,365നു ​മു​ക​ളി​ൽ ഇ​ടം ക​ണ്ടെ​ത്താം. നി​ഫ്‌​റ്റി​യു​ടെ മ​റ്റ്‌ സാ​ങ്കേ​തി​ക ച​ല​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​ൽ സൂ​പ്പ​ർ ട്രെ​ന്‍ഡ്, പാ​രാ​ബോ​ളി​ക്ക്‌ എ​സ്‌​എ​ആ​ർ, എം​എ​സി​ഡി എ​ന്നി​വ ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​ണ്. വി​പ​ണി 200 ആ​ഴ്‌​ച​ക​ളി​ലെ ശ​രാ​ശ​രി​യാ​യ 21,700നു ​മു​ക​ളി​ലാ​ണ്, ഇ​ത്‌ ദീ​ർ​ഘ​കാ​ല സ​പ്പോ​ർ​ട്ടാ​യി ക​ണ​ക്കാ​ക്കാം.

എ​ന്നാ​ൽ, ഈ ​താ​ങ്ങ്‌ ന​ഷ്‌​ട​പ്പെ​ട്ടാ​ൽ ത​ക​ർ​ച്ച​യു​ടെ ആ​ക്കം ഇ​ര​ട്ടി​ക്കാം.
നി​ഫ്റ്റി മാ​ർ​ച്ച്‌ സീ​രീ​സ്‌ സെ​റ്റി​ൽ​മെ​ന്‍റ് ക​ഴി​ഞ്ഞ​തോ​ടെ ഏ​പ്രി​ൽ ഫ്യൂ​ച്ചേ​ഴ്‌​സി​ലേ​ക്ക്‌ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ചു​വ​ടു​മാ​റ്റി. പു​തി​യ ഷോ​ർ​ട്ട്‌ പൊ​സി​ഷ​നു​ക​ൾ​ക്ക്‌ അ​വ​ർ ഉ​ത്സാ​ഹി​ച്ച​താ​യി അ​നു​മാ​നി​ക്കാം. 22,909ലാ​ണ് ഏ​പ്രി​ൽ ഫ്യൂ​ച്ചേ​ഴ്‌​സ്‌, നി​ല​വി​ൽ താ​ഴ്‌​ന്ന റേ​ഞ്ചി​ലേ​ക്ക്‌ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു ശ്ര​മം ന​ട​ത്താം. ബെയ​റി​ഷ്‌ മ​നോ​ഭ​വ​ത്തി​നി​ട​യി​ൽ 1.6 ശ​ത​മാ​നം ഇ​ടി​വ്‌ നേ​രി​ട്ട​തി​നി​ട​യി​ൽ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ മൂ​ന്ന്‌ ഇ​ര​ട്ടി​യോ​ളം വ​ർ​ധി​ച്ച്‌ 147 ല​ക്ഷം ക​രാ​റാ​യ​ത്‌ വി​ൽ​പ്പ​ന​ക്കാ​രു​ടെ ആ​ധി​പ​ത്യ​ത്തെ സൂ​ചി​പ്പി​ക്കു​ന്നു.

സെൻസെക്സിൽ വില്പന സമ്മർദം

സെ​ൻ​സെ​ക്‌​സ് 74,532 പോ​യി​ന്‍റി​ൽനി​ന്നും വാ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ 75,809 വ​രെ ഉ​യ​ർ​ന്നു. മു​ൻ​നി​ര, ര​ണ്ടാം നി​ര ഓ​ഹ​രി​ക​ളി​ലെ വി​ല്പ​ന സ​മ്മ​ർ​ദം സൂ​ചി​ക​യെ 72,556 ലേ​ക്ക്‌ ത​ള​ർ​ത്തി​യെ​ങ്കി​ലും വ്യാ​പാ​രാ​ന്ത്യം 73,583ലാ​ണ്. ഈ​വാ​രം ആ​ദ്യ പ്ര​തി​രോ​ധം 75,409ൽ, ​വി​ല്പ​ന സ​മ്മ​ർ​ദം തു​ട​ർ​ന്നാ​ൽ 72,156 – 70,729ൽ ​താ​ങ്ങ്‌ പ്ര​തീ​ക്ഷി​ക്കാം.

വിദേശ നിക്ഷേപകർ വില്പന മൂഡിൽ

വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ പോ​യ​വാ​രം 24,596.46 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു. മാ​ർ​ച്ചി​ൽ അ​വ​രു​ടെ വി​ല്പ​ന 1,11,375 കോ​ടി രൂപ​യാ​ണ്. ഈ ​വ​ർ​ഷം വി​ദേ​ശ ഫ​ണ്ടു​ക​ൾ 1,27,157 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണു വി​റ്റു​മാ​റി​യ​ത്‌. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ പി​ന്നി​ട്ട വാ​രം 26,897.05 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു. ഈ ​മാ​സ​ത്തെ അ​വ​രു​ടെ നി​ക്ഷേ​പം 1,28,065.65 കോ​ടി രൂ​പ​യാ​ണ്.

രൂ​പ​യ്ക്ക് ഇ​ടി​വ്

രൂ​പ​യ്‌​ക്ക്‌ റി​ക്കാ​ർ​ഡ്‌ ത​ക​ർ​ച്ച. തു​ട​ർ​ച്ച​യാ​യ നാ​ലാം വാ​ര​മാ​ണ് ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ ആ​ടി​യു​ല​യു​ന്ന​ത്‌. 93.71ൽ ​നി​ന്നും 94.84ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം ക്ലോ​സിം​ഗി​ൽ 94.75ലാ​ണ്. 104 പൈ​സ​യു​ടെ മൂ​ല്യത്ത​ക​ർ​ച്ച. എ​ണ്ണ ഇ​റ​ക്കു​മ​തി ചെല​വ്‌ ഉ​യ​ർ​ന്ന​തു രൂ​പ​യു​ടെ ക​രു​ത്തു ചോ​ർ​ത്തി. സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഒ​രു ദ​ശാ​ബ്‌​ദ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ക​ന​ത്ത മൂ​ല്യത്ത​ക​ർ​ച്ച​യെ​യാ​ണു രൂ​പ അ​ഭി​മു​ഖീ​ക​രി​ച്ച​ത്‌.

സ്വ​ർ​ണ​ത്തി​നു ക​യ​റ്റി​റ​ക്കം

ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണം ട്രോ​യ്‌ ഔ​ൺ​സി​നു 4491 ഡോ​ള​റി​ൽ നി​ന്ന്‌ 4114 ഡോ​ള​റി​ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം 4601 വ​രെ തി​രി​ച്ചു ക​യ​റി​യെ​ങ്കി​ലും വാ​രാ​ന്ത്യം 4493 ഡോ​ള​റി​ലാ​ണ്. 4350 ഡോ​ള​റി​ൽ ശ​ക്ത​മാ​യ താ​ങ്ങു​ണ്ട്‌.

ആ​ഭ്യ​ന്ത​ര സ്വ​ർ​ണ അ​വ​ധി​യി​ൽ പ​ത്ത്‌ ഗ്രാ​മി​നു 1.50 ല​ക്ഷം രൂ​പ​യി​ൽ പ്ര​തി​രോ​ധം ത​ല ഉ​യ​ർ​ത്തു​ന്നു. വാ​രാ​ന്ത്യം 1.47 ല​ക്ഷ​ത്തി​ലാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 1.32 ല​ക്ഷ​ത്തി​ലെ താ​ങ്ങ്‌ ന​ഷ്‌​ട​പ്പെ​ട്ടാ​ൽ സ്വ​ർ​ണം 1.25ലേ​ക്ക്‌ തി​രു​ത്ത​ലി​നു ശ്ര​മി​ക്കാം. വി​ല്പ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണു വി​പ​ണി​യെ​ങ്കി​ലും രൂ​പ​യു​ടെ ത​ക​ർ​ച്ച ആ​ഭ്യ​ന്ത​ര സ്വ​ർ​ണ വി​ല​യെ താ​ങ്ങിനി​ർ​ത്താം.

Tags : Pressure on Indian stock market

Recent News

Corehub Up