മുംബൈ: രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നടത്തിയ ശക്തമായ ഇടപെടലിനെത്തുടർന്ന് ഡോളറിനെതിരേ വൻ തിരിച്ചുവരവ് നടത്തി രൂപ. പ്രദേശിക വിപണിയിൽ ആർബിഐ വൻതോതിൽ ഡോളർ വിറ്റഴിച്ചതോടെ രൂപയുടെ മൂല്യം ഒരു ശതമാനം വർധിച്ച് 90.0963 എന്ന നിലയിലെത്തി.
കഴിഞ്ഞ ഏഴു മാസത്തിനിടയിലെ രൂപയുടെ ഏറ്റവും വലിയ മുന്നേറ്റമാണിത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രൂപയുടെ മൂല്യം റിക്കാർഡ് നിലയിലേക്കു താഴ്ന്നകൊണ്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 91.0837ൽ എത്തിയിരുന്നു. അതേസമയം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയായി ഇന്ത്യൻ രൂപ തുടരുകയാണ്.
91 രൂപ എന്ന നിലയിലാണ് ആർബിഐ പ്രധാനമായും ഡോളർ വിറ്റഴിച്ചത്. രൂപയുടെ മൂല്യം അതിവേഗം താഴുന്നത് വിപണി വളരെ നിസാരമായി കാണുന്ന പ്രവണത തടയാനാണ് ആർബിഐ ഇത്ര ശക്തമായി നീങ്ങിയത്. സെൻട്രൽ ബാങ്കിന്റെ ഈ നടപടി ഊഹക്കച്ചവടക്കാർക്കുള്ള താക്കീതാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.
ഈ മുന്നേറ്റത്തിനു തൊട്ടുമുന്പ് ഈ മാസം മാത്രം രൂപയുടെ മൂല്യം ഏകദേശം രണ്ടു ശതമാനം ഇടിഞ്ഞിരുന്നു. ഇന്ത്യൻ ഓഹരി-ബോണ്ട് വിപണികളിൽനിന്ന് വിദേശ നിക്ഷേപകർ പണം വൻതോതിൽ പിൻവലിച്ചതാണ് ഇതിനു പ്രധാന കാരണം.
അമേരിക്കയുമായുള്ള വ്യാപാര കരാറിൽ തീരുമാനമുണ്ടാകാതെ നീണ്ടുപോകുന്നതാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത്. ഈ കരാർ പൂർത്തിയാകുന്നതുവരെ രൂപയുടെ മൂല്യം 90ന് താഴേക്കു മെച്ചപ്പെടാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Tags : RBI intervention Rupee rebounds dollar