മുംബൈ: ഡോളറിനെതിരേ രൂപയുടെ വീഴ്ച തുടരുന്നു. ഇന്നലെ വ്യാപാരത്തിൽ രൂപ 90.80 എന്ന എക്കാലത്തെയും താഴ്ന്ന മൂല്യത്തിലെത്തിയിരുന്നു. ഒടുവിൽ മുൻ ക്ലോസിംഗിനെക്കാൾ 25 പൈസ നഷ്ടത്തിൽ 90.74 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലെ അനിശ്ചിതത്വവും വിദേശ നിക്ഷേപകരുടെ തുടരുന്ന പിന്മാറ്റവുമാണ് രൂപയുടെ കൂപ്പുകുത്തലിന് കാരണമാകുന്നത്.
നിക്ഷേപകരിൽ റിസ്ക് എടുക്കാനുള്ള വിമുഖതയും ഒപ്പം ഇറക്കുമതിക്കാരിൽ നിന്നുള്ള ശക്തമായ ഡോളർ ആവശ്യകതയുമാണ് രൂപയുടെ ഇടിവിനു കാരണമാകുന്നതെന്നാണ് വിദേശനാണ്യ വ്യാപാരികൾ അഭിപ്രായപ്പെട്ടത്.
ഇന്റർബാങ്ക് വിദേശനാണ്യ വിനിമയ വിപണിയിൽ രൂപ 90.53 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 90.80 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്കു പതിച്ചു. ഒടുവിൽ ഇതിൽനിന്ന് ചെറിയൊരു മുന്നേറ്റമുണ്ടാക്കിയെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിൽ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച 17 പൈസ നഷ്ടത്തിൽ 90.49 എന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഏഷ്യൻ നാണയങ്ങളിൽ മൂല്യത്തകർച്ച നേരിടുന്നതിൽ രൂപയാണ് മുന്നിൽ.ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക ശക്തമായ നിലയിലാണ്. ബ്രെന്റ് ക്രൂഡ് വില 0.21 ശതമാനം ഉയർന്ന് ഒരു ബാരലിന് 61.25 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
ഓഹരിവിപണി
ഇന്ത്യയുടെ പ്രധാന ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. 50 ഓഹരികളുടെ നിഫ്റ്റി 19.65 പോയിന്റ് താഴ്ന്ന് 26,027.30ലും 30 ഓഹരികളുടെ ബിഎസ്ഇ സെൻസെക്സ് 54.30 പോയിന്റ് നഷ്ടത്തിൽ 85,213.36ലുമാണ് ക്ലോസ് ചെയ്തത്.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐ ഐകൾ) ഇന്നലെ 1468.32 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഈ മാസം എല്ലാ വിപണി ദിവ സങ്ങളിലും എഫ്ഐഐകൾ വില്പനക്കാരായിരുന്നു. ഇതുവരെ 21,073.83 കോടി രൂപയുടെ ഇന്ത്യൻ ഓഹരി വിറ്റത്.
Tags : Rupee fall Rupee huge fall dollar biggest depreciation