മുണ്ടുമടക്കി മാസ് ലുക്കിൽ മോഹൻലാൽ; ദിലീപ് ചിത്രത്തിൽ ജോയിൻ ചെയ്തു?
Thursday, July 3, 2025 9:30 AM IST
ദിലീപ് നായകനാകുന്ന ‘ഭഭബ’യിൽ മോഹൻലാൽ ജോയിൻ ചെയ്തതായി റിപ്പോർട്ട്. സിനിമയിലേതെന്നു കരുതപ്പെടുന്ന മോഹൻലാലിന്റെ ഒരു ലുക്കും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. കറുപ്പ് ഷർട്ടും മുണ്ടും ധരിച്ച് മാസ് ലുക്കിലാണ് മോഹൻലാലിനെ കാണാനാകുന്നത്.
പെരുമ്പാവൂരിൽ ഒരു ഗോഡൗണിൽ താൽക്കാലികമായി നിർമിച്ചിരിക്കുന്ന സെറ്റിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. അതേസമയം പരസ്യ ചിത്രീകരണത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നും കേൾക്കുന്നുണ്ട്.
ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാനം.
ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അതിഥിവേഷത്തിൽ മോഹൻലാൽ എത്തുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പൂർണമായും മാസ് കോമഡി എന്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും വേഷമിടുന്നുണ്ട്.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാന്റി എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിക്കുന്നത്.