ജീവിതത്തിൽ ഒരിടത്തും വിജയിക്കാൻ കഴിയാത്തവരാണ് നെഗറ്റിവിറ്റി പറയുന്നത്; പ്രേംനസീർ വിവാദത്തിൽ പ്രതികരിച്ച് ടിനി ടോം
Saturday, July 5, 2025 9:23 AM IST
പ്രേം നസീറിനെ അപകീർത്തിപ്പെടുത്തിയെന്ന സംവിധായകൻ എം.എ. നിഷാദിന്റെ ആരോപണത്തിൽ വിശദീകരണവുമായി നടൻ ടിനി ടോം.
താൻ എപ്പോഴോ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വളച്ചൊടിച്ച് ഇങ്ങനെ അവതരിപ്പിക്കുന്നതെന്നും പ്രേംനസീറിനെപ്പോലുള്ള ലെജന്റുകളെ അപമാനിക്കുന്ന രീതിയിൽ ഒരിക്കലും താൻ സംസാരിക്കില്ലെന്നും ടിനി ടോം പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാൻ നാട്ടിൽ പോലുമില്ലാത്ത സമയത്താണ് ഓരോ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പ്രേംനസീർ സാറൊക്കെ ലെജന്റ്സ് അല്ലേ ? അവരെക്കുറിച്ചൊക്കെ മോശമായി ആരെങ്കിലും പറയുമോ ? ഞാൻ നേരിട്ട് കാണുക കൂടി ചെയിതിട്ടില്ലാത്തവരാണ് അവരൊക്കെ.
ജീവിച്ചിരിക്കുന്നവരെക്കുറിച്ച് പോലും ഞാൻ മോശമായി സംസാരിക്കില്ല. നസീർ സാറിനെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകളൊന്നും ഒരിക്കലും പറയില്ല.
അദ്ദേഹത്തിന്റെ മകനുമായൊക്കെ നല്ല അടുപ്പമുള്ളയാളാണ് ഞാൻ. മുമ്പ് എപ്പോഴോ പറഞ്ഞ കാര്യമാണ് ഇപ്പോൾ എടുത്ത് വളച്ചൊടിച്ചിരിക്കുന്നത്. ഞാൻ പറഞ്ഞ കാര്യങ്ങളെ ദുർവ്യാഖ്യാനിക്കുകയാണ് ചെയ്തിരിക്കുന്നത്.
സിനിമയുടെ ലൈംലൈറ്റിൽ നിന്ന് മാറുമ്പോഴുണ്ടാകുന്ന കഷ്ടപ്പാടുകളെക്കുറിച്ച് മണിയൻപിള്ള രാജുവും ഇന്നസെന്റുമൊക്കെ ഒരുപാട് പറഞ്ഞ് കേട്ടിട്ടുണ്ട്. ആ കഥകളൊക്കെ ഉള്ളുലയ്ക്കുന്നതാണ്. കാമറയ്ക്ക് മുന്നിൽ വരാൻ കഴിയാതെ പോയ ഒരുപാട് പേരുടെ കഥ അവരൊക്കെ പറഞ്ഞ് എനിക്ക് അറിയാം. ആ അവസ്ഥ പറയാനേ ശ്രമിച്ചിട്ടുള്ളൂ. ഒരിക്കലും ഒരു ലെജന്റിനെ അപമാനിക്കില്ല.’ ടിനി പറഞ്ഞു.
കാര്യങ്ങളെ വളച്ചൊടിക്കുന്നവരാണ് ചീപ്പ് പബ്ലിസിറ്റി ആഗ്രഹിക്കുന്നത്. ജീവിതത്തിൽ ഒരിടത്തും വിജയിക്കാൻ കഴിയാത്ത ഫ്രസ്ട്രേറ്റഡായ ആളുകൾ ഇങ്ങനെ എപ്പോഴും നെഗറ്റിവിറ്റി പ്രചരിപ്പിച്ചുകൊണ്ടിരിക്കും.
അവർക്ക് പബ്ലിസിറ്റിക്ക് വേറെ വഴിയില്ല. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. എനിക്ക് ജനങ്ങൾക്കിടയിൽ നല്ല പബ്ലിസിറ്റിയാണുള്ളത്, എനിക്ക് ചീപ്പ് പബ്ലിസിറ്റിയുടെ ആവശ്യമില്ല. അന്തരീക്ഷത്തിൽ 3000 കോടി രോഗാണുക്കളുണ്ടെന്നാണ് പറയപ്പെടുന്നത്.
അതിലൊന്നായി മാത്രമേ ഇങ്ങനെ ആരോപണങ്ങളുന്നയിക്കുന്നവരെ ഞാൻ കാണുന്നുള്ളൂ. ആ രോഗാണു നമ്മൾക്കേൽക്കാത്തത് നമ്മുടെ പോസിറ്റിവിറ്റി കാരണമാണ്. നമ്മൾ ആരെയും വേദനിപ്പിക്കാനോ അപകീർത്തിപ്പെടുത്താനോ നിൽക്കാറില്ല. മറ്റുള്ളവരുടെ സന്തോഷമാണ് നമ്മുടെ മുൻഗണന. അതുകൊണ്ടുതന്നെ പോസിറ്റീവായ കാര്യങ്ങൾ മാത്രമേ സംസാരിക്കാൻ ശ്രമിക്കാറുള്ളൂ.
എന്നെ മനപ്പൂർവം കരിവാരിത്തേയ്ക്കാൻ ശ്രമിക്കുന്നവർക്ക് സർവേശ്വരൻ തിരിച്ചു കൊടുക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. കർമ എന്നൊന്നുണ്ട്. എന്നും പ്രാർത്ഥനയോടെ ജീവിതം തുടങ്ങുന്നയാളാണ് ഞാൻ.
അതിന്റെ അനുഗ്രഹം എന്നും എന്റെയൊപ്പമുണ്ട്. നെഗറ്റിവിറ്റി പടച്ചുവിടുന്നവർ അത് ചെയ്യട്ടേ. എന്നെയത് ബാധിക്കില്ല. ഇതിന്റെ പേരിൽ തളരുകയുമില്ല. പറയാനുള്ള കാര്യങ്ങൾ ഇനിയും പറയും. അഭിപ്രായ സ്വാതന്ത്ര്യം എന്നൊന്ന് ഉണ്ടല്ലോ. ഇപ്പോൾ നമ്മൾ സിനിമാക്കാർ സമരം ചെയ്തുകൊണ്ടിരിക്കുന്നതും അതിന് വേണ്ടിയാണല്ലോ. ആരെയും ഭയന്ന് ജീവിക്കില്ല.'' ടിനി ടോം കൂട്ടിച്ചേർത്തു.