ദുഷ്പ്രചാരണങ്ങൾ തുടരുന്നുണ്ടെന്ന് അറിയാം; സമയം വരുമ്പോൾ പ്രതികരിക്കും; ബാലചന്ദ്രമേനോൻ
Saturday, July 5, 2025 11:34 AM IST
സമൂഹമാധ്യമങ്ങളിൽ വരുന്ന ദുഷ്പ്രചാരണങ്ങളോട് പ്രതികരിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. താനുൾപ്പെട്ട കേസിൽ തനിക്ക് അനുകൂലമായി അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചിട്ടും തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ദുഷ്പ്രചാരണങ്ങൾ ശക്തമായി തുടരുന്നുണ്ടെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.
ഇത്തരത്തിൽ തനിക്കെതിരെ അസത്യപ്രചാരണങ്ങൾ നടത്തുന്നവർ അതിൽ നിന്ന് പിന്തിരിയണം എന്ന് അദ്ദേഹം അഭ്യർഥിച്ചു.
""എനിക്കെതിരായ ദുഷ്പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോഴും തുടരുന്നുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. ഞാനുൾപ്പെടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ എനിക്ക് അനുകൂലമായ ഒരു റഫറൽ റിപ്പോർട്ട് ബഹുമാനപ്പെട്ട കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന വസ്തുത നിലനിൽക്കുമ്പോഴും ഇത്തരത്തിൽ ദുഷ്പ്രചാരണം തുടരുന്നത് എന്നെ ദോഷകരമായി ബാധിക്കുന്നുണ്ട്.
ഈ പ്രവൃത്തി ചെയ്യുന്ന പ്രമോട്ടർമാരോട് അതിൽ നിന്ന് പിന്മാറണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. എന്തുകൊണ്ടാണ് ഞാൻ പ്രതികരിക്കാത്തതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്.
കൃത്യമായ സമയം വരുമ്പോൾ ഞാൻ പ്രതികരിക്കും. അതുവരെയും മൗനത്തിന് തങ്കത്തിന്റെ മൂല്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സ്നേഹത്തോടെ, ബാലചന്ദ്ര മേനോൻ.’’
നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു മുനീർ അറസ്റ്റിലായെന്നു വാർത്തകൾ വന്നിരുന്നു.
കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് മീനു മുനീറിനെ അറസ്റ്റ് ചെയ്തതും പിന്നീട് ജാമ്യത്തിൽ വിട്ടതെന്നുമായിരുന്നു വാർത്തകൾ. മിനു മുനീറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു.
എന്നാൽ തന്നെ അറസ്റ്റ് ചെയ്തു എന്ന വാർത്ത അസത്യമാണെന്നും റീച്ചുകൂട്ടാൻ വേണ്ടിയാണ് മാധ്യമങ്ങൾ തന്റെ ചിത്രങ്ങളോടൊപ്പം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതെന്നുമാണ് മീനു മുനീർ വിശദീകരിച്ചത്.