ക്രിസ്ത്യൻ ബ്രദേഴ്സിൽ അഭിനയിച്ചതിൽ ദുഃഖം തോന്നുന്നു; തുറന്ന് പറഞ്ഞ് ആനന്ദ്
Saturday, July 5, 2025 11:57 AM IST
മോഹൻലാൽ നായകനായെത്തിയ ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചതിൽ ഇപ്പോൾ ദുഃഖം തോന്നുന്നുവെന്ന് വെളിപ്പെടുത്തി നടൻ ആനന്ദ്. എന്തിനാണ് ആ വേഷം ചെയ്തതെന്ന് ആലോചിക്കാറുണ്ടെന്നും ബിജു മേനോൻ വരെ ഈ ചോദ്യം തന്നോട് ചോദിച്ചിരുന്നുവെന്നും ആനന്ദ് പറഞ്ഞു.
ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ക്രിസ്റ്റി എന്ന കഥാപാത്രത്തിന്റെ സഹായി രഞ്ജിത് എന്ന കഥാപാത്രമായാണ് ആനന്ദ് വേഷമിട്ടത്.
""ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന പടം എന്തിനാ ചെയ്തത് എന്ന് എനിക്ക് അറിയില്ല. എനിക്കതില്‍ ഖേദമുണ്ട്. പടത്തിന് വേണ്ടി അവര്‍ വിളിച്ചു. ഞാന്‍ പോയി. മോഹന്‍ലാലിന്റെ ബാക്കില്‍ നില്ക്കുന്ന പോലെ ഒരു കഥാപാത്രം. എന്തിനാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നതെന്ന് തോന്നി. എന്തിനാണ് ഞാന്‍ ആ സിനിമ ചെയ്തതെന്ന് ഏറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്ന സിനിമയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്.
സെറ്റില്‍ ഞാന്‍ അതിനെക്കുറിച്ച് ഒന്നും മിണ്ടാതെ നിന്നു. റോള്‍ ചെയ്യാമെന്ന് സമ്മതിച്ചു പോയി അത് ചെയ്തു. ആദ്യം പത്തുദിവസത്തെ ഡേറ്റ് ആയിരുന്നു ചോദിച്ചത്. പിന്നീട് അത് 20 ദിവസമായി. എനിക്ക് കിട്ടേണ്ട തുക ഞാന്‍ ചോദിച്ചുവാങ്ങി.
ആ സിനിമയിലേത് കയ്പേറിയ അനുഭവമായിരുന്നു. ആനന്ദ് നീ എന്തിന് ഈ ക്യാരക്ടര്‍ ചെയ്യുന്നുവെന്ന് സെറ്റില്‍വെച്ചു തന്നെ ബിജു മേനോന് ചോദിച്ചിരുന്നു. ബിജു മേനോന് ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.'' ആനന്ദ് കൂട്ടിച്ചേര്‍ത്തു.
ഉദയ് കൃഷ്ണ- സിബി കെ. തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ജോഷി സംവിധാനംചെയ്ത് 2011-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.