എന്റെ ആദ്യ ഓഡിഷന് സിബി തന്നത് നൂറിൽ രണ്ട് മാർക്ക്; മോഹൻലാൽ പറയുന്നു
Saturday, July 5, 2025 1:33 PM IST
സംവിധായകൻ സിബി മലയിലിനൊപ്പമുള്ള ആദ്യകാല അനുഭവം ഓർത്തെടുത്ത് മോഹൻലാൽ. സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘മുത്താരംകുന്ന് പിഒ’യുടെ 40-ാം വാർഷികാഘോഷ ചടങ്ങിലാണ് മോഹൻലാൽ തന്റെ ആദ്യ ഒഡീഷനിലെ അനുഭവം പങ്കുവച്ചത്.
ആദ്യമായി ഒഡീഷനിൽ പങ്കെടുക്കാൻ ചെന്നപ്പോൾ തനിക്ക് ഏറ്റവും കുറച്ചു മാർക്ക് ഇട്ടയാളാണ് സിബി മലയിൽ എന്നും എന്നാൽ അദ്ദേഹത്തിന്റെ സിനിമയിലൂടെയാണ് തനിക്ക് രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചതെന്നും മോഹൻലാൽ പറഞ്ഞു.
‘സിബി മലയിലുമായി എനിക്ക് 45 വർഷത്തിലധികം കാലത്തെ പരിചയമുണ്ട്. ഞാൻ ആദ്യമായി ഒരു ഒഡീഷന് നവോദയയിൽ ചെന്നപ്പോൾ അവിടെയുണ്ടായിരുന്നവരിൽ ഒരാളാണ് സിബി മലയിൽ. പിൽക്കാലത്ത് ഞാൻ അറിഞ്ഞത് എനിക്ക് ഏറ്റവും കുറച്ചു മാർക്കിട്ട ആളാണ് സിബി മലയിൽ എന്നാണ്.
ഏറ്റവും നല്ല മാർക്കാണ് അദ്ദേഹം തന്നത്, നൂറിൽ രണ്ട്. പിന്നീട് ആ രണ്ട് എന്ന സംഖ്യ വലിയ നിമിത്തമായി മാറി. അദ്ദേഹത്തിന്റെ സിനിമയിലൂടെയാണ് എനിക്ക് രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചത്.
എന്റെ 47 വർഷത്തെ സിനിമാ ജീവിതത്തിൽ പതിമൂന്നോളം സിനിമകളാണ് ഞാൻ സിബിയുമായി ചെയ്തത്. എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് അഭിമാനിക്കാവുന്ന ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്നയാളാണ് സിബി മലയിൽ. സിബിയുടെ എല്ലാ സിനിമയിലെയും കഥാപാത്രങ്ങൾക്ക് ഒരു മിഴിവ് ഉണ്ടാകും.
മലയാള സിനിമയിലെ ഗാനങ്ങൾ മുഴുവൻ അതിൽ നിന്ന് അകന്നുപൊയ്ക്കൊണ്ടിരുന്ന കാലത്താണ് ഞങ്ങൾ ‘ഹിസ് ഹൈനസ് അബദുള്ള’ ചെയ്യുന്നത്. മലയാള സിനിമയിലെ ഗാനങ്ങളുടെ മാർക്കറ്റ് വീണ്ടും ഏറ്റവും ഉയർന്ന നിലയിലെത്തിച്ച സിനിമകളായിരുന്നു ‘ഹിസ് ഹൈനസ് അബദുള്ള’, ‘ഭരതം’, ‘കലദളം’ എന്നീ ചിത്രങ്ങൾ.
കമലദളത്തിൽ നൃത്താധ്യാപകന്റെ വേഷമായിരുന്നു എനിക്ക്. ഞാൻ കമലദളത്തിൽ എങ്ങനെ അഭിനയിക്കുമെന്ന് പല തവണ സിബിയോട് ചോദിച്ചിട്ടുണ്ട്.
എനിക്ക് അങ്ങനെ നൃത്താധ്യാപകന്റെ വേഷം ചെയ്യാൻ കഴിയല്ല, പറഞ്ഞു തരുന്ന കാര്യങ്ങളല്ലേ ചെയ്യാൻ പറ്റൂ എന്ന് ചോദിച്ചു. ലാലിന് അത് ചെയ്യാൻ പറ്റുമെന്ന് സിബി പറഞ്ഞു. വീണ്ടും അതിൽ നിന്ന് രക്ഷപെടാൻ ഞാൻ മറ്റൊരു കാര്യം പറഞ്ഞു.
ആ സമയത്ത് ഞാൻ ‘രാജശിൽപി’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ആ കഥാപാത്രത്തിന് നീണ്ട താടിയുണ്ടായിരുന്നു. അപ്പോൾ, താടി എടുത്തും വീണ്ടും വച്ചും അഭിനയിക്കാൻ പ്രയാസമാണെന്ന് ഞാൻ സിബിയോട് പറഞ്ഞു.
എനിക്ക് താടി വളർത്തിയൊരു നൃത്താധ്യാപകൻ മതിയെന്ന് സിബി പറഞ്ഞു. അദ്ദേഹത്തിന്റെ നാട്ടിലൊക്കെ അങ്ങനെയുണ്ടത്രേ. അങ്ങനെ ഏറ്റവും വെല്ലുവിളിയോടെ അദ്ദേഹം ആ ഉദ്യമം ഏറ്റെടുത്തു.’മോഹൻലാൽ പറഞ്ഞു.
ലാൽ സിനിമയിൽ അഭിനയിക്കാൻ തുടങ്ങുന്നതിനു മുമ്പ് ഔട്ടാക്കാൻ ശ്രമിച്ചയാളാണ് താനെന്ന് സിബി മലയിൽ പ്രതികരിച്ചു.
‘ഇയാളിനി ഇവിടെ നിൽക്കണ്ട എന്ന് വിചാരിച്ച് രണ്ട് മാർക്ക് കൊടുത്തു പറഞ്ഞു വിടാൻ ശ്രമിച്ച ആളാണ് ഞാൻ. പക്ഷേ, മുകേഷിന്റെ ഭാഷയിൽ പറഞ്ഞാൽ ‘‘ഒത്തില്ല’’...’സിബി മലയിലിന്റെ വാക്കുകൾ.