ഇനി "കണക്കില്ല'; സിനിമകളുടെ ലാഭനഷ്ട കണക്ക് പുറത്തുവിടേണ്ടെന്ന് നിർമാതാക്കളുടെ സംഘടന
Wednesday, July 9, 2025 11:23 AM IST
മലയാള സിനിമകളുടെ ലാഭനഷ്ട കണക്ക് തൽക്കാലം പുറത്തു വിടില്ലെന്ന് നിർമാതാക്കളുടെ സംഘടന. എല്ലാ മാസവും കണക്ക് പുറത്തു വിടുമെന്ന തീരുമാനം സംഘടന പിൻവലിച്ചു. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി വന്നശേഷം മതിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചു.
മാർച്ചിനു ശേഷമാണ് നഷ്ട കണക്ക് പുറത്ത് വിടാതെയായത്. ഇനി പുറത്ത് വരാനുള്ളത് ഏപ്രിൽ, മേയ്, ജൂൺ മാസത്തെ കണക്കുകളായിരുന്നു. മാർച്ചിൽ റിലീസ് ചെയ്ത 15 സിനിമകളുടെ നിര്‍മാണചെലവും ഇവയ്ക്ക് തിയറ്ററില്‍നിന്ന് ലഭിച്ച കലക്ഷന്‍ തുകയുടെ വിവരങ്ങളുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അവസാനമായി പുറത്ത് വിട്ടത്.
മാർച്ചിൽ തിയറ്ററിൽ റിലീസ് ചെയ്ത 15 സിനിമകളിൽ 14 ഉം പരാജയമാണെന്നായിരുന്നു കണക്ക്. നഷ്ടമില്ലാതെ രക്ഷപെട്ടത് മോഹൻലാൽ-പൃഥ്വിരാജ് ചിത്രമായ എമ്പുരാൻ മാത്രമാണ്.
പ്രസിദ്ധീകരിച്ചിരിക്കുന്ന കണക്കുകൾ നിർമാതാക്കൾക്ക് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് ലഭിക്കുന്ന ഷെയറുകൾ മാത്രമായതിനാല്‍ യഥാർഥ കലക്ഷൻ പലപ്പോഴും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ നിർമാതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
മറ്റ് വരുമാന സ്രോതസ്സുകളായ ഒടിടി, സാറ്റലൈറ്റ്, കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങൾ, ഇന്ത്യക്ക് വെളിയിൽ നിന്നുള്ള കലക്ഷൻ, മറ്റ് ഓഡിയോ വിഡിയോ റൈറ്റ്സുകളിൽ നിന്നും ലഭിക്കുന്ന വരുമാനം ഇവയൊന്നും കണക്കിൽ കാണിച്ചിരുന്നില്ല.