അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ വിശേഷിപ്പിച്ചതിൽ മനംനൊന്ത് നിലവിളിക്കുന്ന ഒരുപാട് പേരെക്കണ്ടു; ജോയ് മാത്യു
Wednesday, July 23, 2025 3:54 PM IST
അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വിഎസിനെ താൻ വിശേഷിപ്പിച്ചതിൽ മനംനൊന്തും അമർഷിച്ചും നിലവിളിക്കുന്ന ഒരുപാട് പേരെക്കണ്ടുവെന്ന് നടൻ ജോയ് മാത്യു. വിഎസിനു ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇവർക്ക് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് ജോയ് മാത്യു ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചുവെന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി.എസ് ഇല്ല എന്നത് ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നുവെന്നുമായിരുന്നു ചൊവ്വാഴ്ച പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞത്. എന്നാൽ ഇതിന് നേരെ നിരവധി വിമർശനങ്ങളാണെത്തിയത്. ഇതിനുള്ള മറുപടിയുമായാണ് താരം ഇന്ന് കുറിപ്പ് പങ്കുവച്ചത്.
""കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ വിശേഷിപ്പിച്ചതിൽ മനം നൊന്തും അമർഷിച്ചും വെകിളിച്ചും നിലവിളിക്കുന്ന ഒരുപാട് പേരെക്കണ്ടു. എന്നാൽ വിഎസിനു ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇവർക്ക് സാധിക്കുന്നുമില്ല.
പ്രിയ വായനക്കാരാ നിങ്ങളുടെ മനസിൽ വരുന്ന നേതാക്കളുടെ മുഖങ്ങളിൽ നിന്നും ഇതാ ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന് പറയാവുന്ന ഒരാളെയെങ്കിലും, എന്തിനു ഒരു അര വിഎസിനെയെങ്കിലും ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്കാവുമോ? അങ്ങിനെയെങ്കിൽ ഞാൻ എന്റെ മുൻ പോസ്റ്റ് ഫ്രീയായി പിൻവലിക്കുന്നതാണ്''. ജോയ് മാത്യുവിന്റെ വാക്കുകൾ ഇങ്ങനെ.
വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ
കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചു. പോരാട്ടങ്ങളുടെ, ചെറുത്ത് നില്പുകളുടെ, നീതിബോധത്തിന്റെ, ജനകീയതയുടെ ആൾരൂപം അതായിരുന്നു വി എസ്. ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി.എസ്. ഇല്ല എന്നത് ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നു. ജനനേതാവേ വിട.