നേതാക്കളുടെ മരണം: അധിക്ഷേപ പരാമർശവുമായി വിനായകൻ
Thursday, July 24, 2025 3:03 PM IST
മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അച്യുതാനന്ദനും ഉൾപ്പെടെ അന്തരിച്ച ഒട്ടേറെ രാഷട്രീയ പ്രമുഖർക്കെതിരേ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റിലാണ് വിനായകൻ മോശപ്പെട്ട ഭാഷയിൽ അധിക്ഷേപ പരാമർശം നടത്തിയത്.
ഇവർക്ക് പുറമെ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിനായകൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബുധനാഴ്ച സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ വിനായകന് അന്ത്യാഭിവാദ്യം അർപ്പിച്ചു പങ്കെടുത്തിരുന്നു.
‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു വിനായകൻ അഭിവാദ്യം അർപ്പിച്ചത്. വിനായകന് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന വീഡിയോയും പുറത്തുവന്നു.
നേരത്തെ ഉമ്മന്‍ചാണ്ടി അന്തരിച്ചപ്പോഴുണ്ടായ നിലയ്ക്കാത്ത ജനപ്രവാഹവും മാധ്യമവാർത്തകളും കണ്ട് രൂക്ഷമായ ഭാഷയിൽ വിനായകൻ വിമർശിച്ചിരുന്നു. ഇതിനെതിരെ അന്ന് വ്യാപകമായ വിമര്‍ശവും ഉയർന്നിരുന്നു.
വിനായകനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകർ പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിനായകനെതിരെ കേസെടുത്തെങ്കിലും ഉമ്മന്‍ചാണ്ടിയുടെ കുടുംബം അതിനെ പിന്തുണച്ചിരുന്നില്ല.