വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ നവ്യ നായർ; ജഗദീഷിന് വേണ്ടി പിൻമാറി ജോയ് മാത്യു
Friday, July 25, 2025 9:29 AM IST
താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കാനുള്ള സ്ഥാനാർഥികളുടെ പത്രിക സമർപ്പണം പൂർത്തിയായി. 74 പേരാണ് പത്രിക നൽകിയിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കു വനിതകളുൾപ്പെടെ ആറ് പേരാണു പത്രിക നൽകിയത്.
ഈ മാസം 31 വരെ പത്രിക പിൻവലിക്കാം. അതിന് ശേഷം മാത്രമേ പാനലുകളും കൂട്ടുകെട്ടുകളും സംബന്ധിച്ച് അന്തിമ ചിത്രം വ്യക്തമാകൂ. ഓഗസ്റ്റ് 15നു കൊച്ചിയിലാണു തെരഞ്ഞെടുപ്പ്. ആദ്യമായാണ് ഇത്രയും പേർ മത്സരരംഗത്തെത്തുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്കു ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവർ പത്രിക നൽകിയിട്ടുണ്ട്. മത്സരരംഗത്തുള്ള ഏറ്റവും സീനിയർ അംഗങ്ങൾ ജഗദീഷും ദേവനുമാണ്.
‘അമ്മ’യിൽ തലമുറമാറ്റം വേണമെന്നും യുവനേതൃത്വം വരണമെന്നും നേതൃനിരയിലുണ്ടായിരുന്ന മുതിർന്ന നടന്മാർ പല തവണ അഭ്യർഥിച്ചെങ്കിലും പ്രമുഖ യുവനടന്മാർ മുന്നോട്ടു വന്നില്ല. വിജയരാഘവൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പത്രിക നൽകിയില്ല.
പ്രസിഡന്റ് സ്ഥാനത്തേക്കു ജോയ് മാത്യു നൽകിയ പത്രിക തള്ളി. ജഗദീഷ് മത്സരിക്കുന്ന സാഹചര്യത്തിൽ വിട്ടുനിൽക്കാൻ ജോയ് മാത്യു തീരുമാനിച്ചെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നാമനിർദേശ പത്രികയിലെ ഡിക്ലറേഷനിൽ ജോയ് മാത്യു ഒപ്പിട്ടില്ല. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു ജോയ് മാത്യുവിന്റെ പത്രിക സ്വീകരിച്ചിട്ടുണ്ട്.
അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ എല്ലാ സ്ഥാനങ്ങളിലേക്കും പത്രിക നൽകിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു ബാബുരാജും പത്രിക നൽകി.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശ അരവിന്ദ്, ലക്ഷ്മിപ്രിയ, നവ്യനായർ, കുക്കു പരമേശ്വരൻ, നാസർ ലത്തീഫ്, ഉണ്ണി ശിവപാൽ എന്നിവരും പത്രിക നൽകി. ട്രഷറർ സ്ഥാനത്തേക്കു വിനു മോഹൻ, ടിനി ടോം, കുക്കു പരമേശ്വരൻ, സുരേഷ് കൃഷ്ണ, കൈലാഷ് എന്നിവരും പത്രിക നൽകി.
505 അംഗങ്ങള്‍ക്കാണു വോട്ടവകാശമുള്ളത്. മോഹന്‍ലാലായിരുന്നു കഴിഞ്ഞ മൂന്നു തവണ ‘അമ്മ’യുടെ പ്രസിഡന്റ്. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ കൂട്ട ആരോപണങ്ങളെത്തുടര്‍ന്നാണു മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവച്ചത്.