കൂലിക്ക് ‘യുഎ’ വേണമെന്ന ഹർജി തള്ളി ഹൈക്കോടതി; ചിത്രത്തിന് എ സർട്ടിഫിക്കറ്റ് തന്നെ
Friday, August 29, 2025 9:34 AM IST
ലോകേഷ്–രജനികാന്ത് ചിത്രം കൂലിക്ക് യുഎ സർട്ടിഫിക്കറ്റ് നൽകണമെന്ന നിർമാതാക്കളുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. നിർമാതാക്കളുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ടി.വി. തമിഴ്സെൽവി ഹർജി തള്ളിയത്.
ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് തുടരുന്നതിനാൽ 18 വയസിൽ താഴെയുള്ളവർക്ക് കാണാനാകില്ല. എല്ലാ പ്രായത്തിലുമുള്ളവർക്ക് കാണാൻ ഇനി ഒടിടി റിലീസ് വരെ കാത്തിരിക്കേണ്ടിവരും.
എ സർട്ടിഫിക്കറ്റ് കാരണം 18 വയസിന് താഴെയുള്ളവർക്ക് ചിത്രം കാണാൻ കഴിയുന്നില്ലെന്നായിരുന്നു നിർമാതാക്കളുടെ വാദം. തമിഴ് സിനിമകളിൽ സംഘട്ടന രംഗങ്ങൾ അനിവാര്യമാണെന്നും ഈ കാരണത്താൽ ഒരു സിനിമ പൂർണമായും നിരോധിക്കാൻ കഴിയില്ലെന്നും നിർമാതാക്കൾ പറഞ്ഞു.
അശ്ലീല പദപ്രയോഗങ്ങൾ നീക്കം ചെയ്യുകയും മദ്യപാന രംഗങ്ങൾ മറയ്ക്കുകയും സിബിഎഫ്സി ഏർപ്പെടുത്തിയ മറ്റ് നിബന്ധനകൾ പാലിക്കുകയും ചെയ്തിട്ടും ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകുന്നത് അന്യായമാണെന്നും നിർമാതാക്കൾ കോടതിയിൽ വാദിച്ചു.
എന്നാൽ, ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് വേണമെങ്കിൽ എല്ലാ വയലൻസ് രംഗങ്ങളും നീക്കം ചെയ്യണമെന്നാണ് സിബിഎഫ്സിയുടെ നിലപാട്. ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷം മദ്രാസ് ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.