ഭാര്യയുടെ ചിലവിലാണ് ജീവിക്കുന്നതെന്ന് പറയാൻ യാതൊരു നാണക്കേടുമില്ല; രാഹുൽ രാമചന്ദ്രൻ
Friday, August 29, 2025 10:13 AM IST
വരുമാനമില്ലാത്ത കാലത്ത് ഭാര്യ തന്നെ പൊന്നുപോലെയാണ് നോക്കിയിരുന്നതെന്നും അവരുടെ ചിലവിലാണ് ജീവിച്ചതെന്ന് പറയാൻ യാതൊരു നാണക്കേടുമില്ലെന്നും സംവിധായകനും നടി ശ്രീവിദ്യ മുല്ലച്ചേരിയുടെ ഭർത്താവുമായ രാഹുൽ രാമചന്ദ്രൻ.
ഏറ്റവും ശക്തരായ രണ്ട് സ്ത്രീകളുടെ (അമ്മയും ശ്രീവിദ്യയും) സംരക്ഷണയിലാണ് താൻ ഇക്കാലത്തോളം ജീവിച്ചത് എന്നും രാഹുൽ കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
രാഹുലിന്റെ വാക്കുകൾ
കഴിഞ്ഞ എട്ട് കൊല്ലമായി എന്നെ പൊന്നുപോലെ നോക്കിയത് ചിന്നുവാണ് (ശ്രീവിദ്യ). ഒരു കുറവും വരാതെയാണ് എന്നെ നോക്കുന്നത്. ചിന്നുവിന് മുമ്പേ അമ്മയായിരുന്നു എന്നെ നോക്കിയത്. ആറ് വർഷമായി സിനിമ ചെയ്യാതിരിക്കുന്ന ഒരു സംവിധായകന് ഉണ്ടാകാവുന്ന എല്ലാ സാമ്പത്തിക പരാധീനതകളും എനിക്കുണ്ട്. ഈ സമയത്തൊക്കെ എന്റെ കാര്യങ്ങൾ നോക്കിയത് ചിന്നുവാണ്. ഇപ്പോഴാണ് എനിക്ക് തിരിച്ച് നോക്കാൻ പറ്റുന്നത്.
എനിക്ക് ചെറിയ ബ്രാൻഡ് കൊളാബുകൾ ചെയ്ത് ലഭിക്കുന്ന പണത്തിൽ നിന്ന് അടുത്തിടെയാണ് അവൾക്കൊരു സമ്മാനം വാങ്ങിനൽകുന്നത്. കുറേ നാളുകൾകൂടിയാണ് അവൾക്ക് ഇങ്ങനെയൊരു സമ്മാനം വാങ്ങിക്കൊടുക്കാൻ പറ്റുന്നത്.
അവളുടെ ജന്മദിനം അടുക്കാറാകുമ്പോൾ അവൾ തന്നെ എന്റെ അക്കൗണ്ടിലേക്ക് പതിനായിരം ഒക്കെ അയക്കും. അമ്മയുടെ കൈയിൽ നിന്ന് കൂടി ചെറിയ ഷെയർ വാങ്ങി ഞാൻ ഗിഫ്റ്റ് വാങ്ങിക്കൊടുക്കുമായിരുന്നു. അടുത്ത പിറന്നാൾ മുതൽ എനിക്ക് സ്വന്തമായി അവൾക്ക് ഗിഫ്റ്റ് വാങ്ങിക്കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാര്യയുടെ ചെലവിലാണ് ജീവിച്ചിരുന്നത് എന്ന് പറയാൻ എനിക്കൊരു മടിയും ഇല്ല. സ്വന്തം ഭാര്യയുടെ ചെലവിലല്ലേ, മറ്റുള്ളവരുടെ ഭാര്യമാരുടെ ചെലവിലല്ലോ... എന്നെപ്പോലെ ഭാര്യയുടെ സഹായത്തിൽ ജീവിക്കുന്ന ഏതൊരു ഭർത്താവിനും ഒരു വിശ്വാസമുണ്ട്, നാളെ ഇതിന്റെ പത്തിരട്ടി മടങ്ങിൽ അവളെ തിരികെ നോക്കാൻ പറ്റും എന്ന്.
ആ വിശ്വാസത്തിലായിരിക്കും ഓരോ ദിവസവും കഴിയുന്നത്. അത് ഭാര്യയുടെ മേലിൽ എല്ലാ ഉത്തരവാദിത്വവും വെച്ചുകൊടുത്ത് മാറി നിൽക്കുന്ന പരിപാടിയല്ല. അതിൽ ഒരു തെറ്റുമില്ല. കഴിഞ്ഞ മാസം വരെ ഞാനും ഭാര്യയുടെ ചെലവിലാണ് ജീവിച്ചിരുന്നത്. അത് പറയാൻ എനിക്ക് സന്തോഷമേ ഉള്ളൂ.
അവൾക്ക് അതിൽ ചെറിയ പ്രശ്നമുണ്ടെന്ന് തോന്നിയിട്ടുണ്ട്. ചിലപ്പോൾ ഭക്ഷണമൊക്കെ കഴിച്ചിട്ട് പൈസ കൊടുക്കാൻ നേരം അവളുടെ ഫോൺ എന്റെ കൈയിൽ തരും, പൈസ കൊടുക്കെന്ന് പറഞ്ഞ്. കൈ കഴുകാൻ പോകുമ്പോൾ എന്റെ പോക്കറ്റിൽ ഫോൺ വച്ചിട്ട് പോകും. കണക്കോ കാര്യങ്ങളോ ഒന്നും സൂക്ഷിക്കാറില്ല. എല്ലാം ഞാനാണ് നോക്കുന്നത്. അക്കൗണ്ട് ഡീറ്റെയിൽസ് നോക്കുന്നതൊക്കെ അവൾക്ക് ഭയങ്കര മടിയുള്ള കാര്യമാണ്. അതുകൊണ്ട് ഞാൻ നോക്കുന്നു.
2024 സെപ്റ്റംബർ 8ന് ആണ് ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകൻ രാഹുല് രാമചന്ദ്രനും വിവാഹിതരായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
ക്യാംപസ് ഡയറി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീവിദ്യ പിന്നീട് മമ്മൂട്ടി, അനു സിത്താര എന്നിവർക്കൊപ്പം‘ ഒരു കുട്ടനാടൻ ബ്ലോഗ്’, ബിബിൻ ജോർജ്, പ്രയാഗ എന്നിവരോടൊപ്പം ‘ഒരു പഴയ ബോംബ് കഥ’, ‘നൈറ്റ് ഡ്രൈവ്’, ‘സത്യം മാത്രമെ ബോധിപ്പിക്കാവൂ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷൻ ഷോകളിലൂടെയാണ് ശ്രീവിദ്യ ജനപ്രീതി നേടിയത്.
അസ്കർ അലി, അനീഷ് ഗോപാൽ, അഞ്ജു കുര്യൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജീ ബൂം ഭാ’ എന്ന ചിത്രം സംവിധാനം ചെയ്താണ് രാഹുൽ രാമചന്ദ്രൻ സിനിമയിലെത്തുന്നത്.