സ്വന്തം വീട്ടിൽ ഒരു ദിവസം രാഹുലിനെ നിർത്താൻ ധൈര്യമുണ്ടോ?: മറുപടിയുമായി സീമ ജി. നായർ
Friday, August 29, 2025 3:42 PM IST
ലൈംഗിക ആരോപണങ്ങളില്‍ ഗുരുതരമായ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന് നടി സീമ ജി. നായർക്കെതിരെ വലിയ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.
രാഹുലിനെ പിന്തുണച്ചെഴുതിയ കുറിപ്പിൽ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്. സീമയുടെ കുറിപ്പിനു കീഴില്‍ വന്ന കമന്റും സീമ നല്കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘‘സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി’’ എന്നാണ് കമന്റ്. 'ഉണ്ട്' എന്നാണ് സീമയുടെ മറുപടി. ‘‘ഉഭയകക്ഷി സമ്മത പ്രകാരം ബന്ധത്തിൽ ഏർപ്പെടുകയും വർഷങ്ങൾക്ക് ശേഷം പുരുഷനെതിരെ പീഡനം ആരോപിക്കുകയും ചെയ്യുന്നത് ശരിയാണോ?
കഴിഞ്ഞ മാസം അവസാനത്തിൽ അല്ലേ ഒരു വ്യാജ പോക്സോ കേസിൽ പാവം 75കാരൻ ജയിലിൽ കിടന്നത് 285 ദിവസം എന്ന വാർത്ത നമ്മൾ എല്ലാവരും കേട്ടത്?’’മറ്റൊരു വിമര്‍ശനത്തിന് മറുപടിയായി സീമ കമന്റ് ചെയ്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ചര്‍ച്ചകളും പ്രതിഷേധങ്ങളും കാണുമ്പോള്‍ തനിക്ക് ഓര്‍മവരുന്നത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ തേജോവധമാണെന്നായിരുന്നു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സീമ നേരത്തെ അഭിപ്രായപ്പെട്ടത്.
ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങൾക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാൽ മതിയോ എന്നും നീതി എന്ന് പറയുന്നത് രണ്ട് ഭാഗത്തിനും ലഭിക്കേണ്ടതാണെന്നും സീമ ജി. നായർ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നു.