കർണാടകക്കാരുടെ വികാരത്തെ വ്രണപ്പെടുത്തി: ‘ലോക’യിലെ ആ ഡയലോഗ് നീക്കം ചെയ്യാൻ വേഫെറർ ഫിലിംസ്
Wednesday, September 3, 2025 8:30 AM IST
കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ലോക സിനിമയിലെ ഡയലോഗിലെ ഭാഗം നീക്കം ചെയ്യുമെന്ന് നിർമാതാക്കൾ. ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ ഡയലോഗിലാണ് മാറ്റംവരുത്തുന്നത്. ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല ഡയലോഗെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും വേഫെറര്‍ ഫിലിംസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
""ഞങ്ങളുടെ ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’ എന്ന സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ഡയലോഗ് കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ അവിചാരിതമായി വ്രണപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടു.
വേഫെറര്‍ ഫിലിംസ് മറ്റെല്ലാത്തിനുമുപരി മനുഷ്യര്‍ക്കാണ് പരിഗണന നല്‍കുന്നത്. വീഴ്ചയില്‍ ഞങ്ങള്‍ ഖേദം അറിയിക്കുന്നു. ഞങ്ങള്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യക്തമാക്കുന്നു.
പ്രസ്തുത ഡയലോഗ് എത്രയും വേഗം നീക്കംചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുമെന്ന് അറിയിക്കുന്നു. ഇതുമൂലമുണ്ടായ പ്രയാസങ്ങൾക്ക് ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു''. വേഫെറർ പ്രസ്താവനയിൽ പറയുന്നു.
ബംഗളൂരുവിനെ പാർട്ടികളുടെയും മയക്കുമരുന്നുകളുടെയും കേന്ദ്രമായി ചിത്രീകരിച്ചുവെന്നും ബംഗളൂരുവിലെ പെൺകുട്ടികളെ അപമാനിച്ചുവെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണങ്ങളാണ് ‘ലോക’ക്കെതിരെ ഉയരുന്നത്. ചിത്രത്തിലെ ഇത്തരം സംഭാഷണങ്ങളും രംഗങ്ങളും നീക്കം ചെയ്യണമെന്നും ആവശ്യം ഉയർന്നിരുന്നു.