ധൻസികയുമായുള്ള വിവാഹം നീട്ടിവയ്ക്കാൻ കാരണമുണ്ട്; വെളിപ്പെടുത്തി വിശാൽ
Wednesday, September 3, 2025 10:12 AM IST
ധൻസികയുമായുള്ള വിവാഹം നീട്ടിവയ്ക്കാനുണ്ടായ കാരണം വ്യക്തമാക്കി നടൻ വിശാൽ. തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ഓഫിസ് കെട്ടിടം പണിയാണ് വിവാഹം നീളാനുള്ള കാരണമെന്നാണ് താരം പറഞ്ഞത്.
ഒൻപത് വർഷമായി ഈ കെട്ടിടത്തിന്റെ പണി പൂർത്തിയാകാൻ കാത്തിരിക്കുകയാണെന്നും രണ്ട് മാസം കൂടെ കഴിഞ്ഞ് ഓഫിസ് തുറക്കുമെന്നും വിശാൽ പറഞ്ഞു. നടികർ സംഘം ഓഫിസ് പണി പൂർത്തിയായതിന് ശേഷം പോരെ വിവാഹം എന്ന് ധൻസികയോട് ചോദിച്ചതായും അവർ സമ്മതിച്ചതായും വിശാൽ പറഞ്ഞു.
പുതുതലമുറൈ ടിവി എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിശാലിന്റെ വെളിപ്പെടുത്തൽ. നടികർ സംഘം കെട്ടിടം തനിക്ക് ഏറെ വൈകാരികമായ ഒന്നാണെന്നു വിശാൽ പറഞ്ഞു. ധൻസികയോടുള്ള ബന്ധം പോലെതന്നെയാണ് തനിക്കതെന്നും വിശാൽ കൂട്ടിച്ചേർത്തു. തമിഴ് താരസംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി കൂടിയാണ് വിശാൽ.
47-ാം ജന്മദിനത്തിലാണ് വിശാലിന്റെയും ധൻസികയുടെയും വിവാഹനിശ്ചയം നടന്നത്. അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. കഴിഞ്ഞ മേയ് മാസത്തിലാണ് വിശാലും ധൻസികയും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. 15 വർഷത്തോളം ഇരുവരും സൗഹൃദത്തിലായിരുന്നു.