ശബരിമല അയ്യപ്പന്റെ കഥയുമായി ശ്രീ അയ്യപ്പന് തുടക്കമായി
Wednesday, September 3, 2025 3:06 PM IST
കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്രമായ ശബരിമല ശ്രീഅയ്യപ്പനേയും സന്നിധാനത്തേയും പ്രധാന പശ്ചാത്തലമാക്കി നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിന് ഓഗസ്റ്റ് 26 ചൊവ്വാഴ്ച്ച കൊച്ചിയിലെ വെണ്ണല ഗീതം സ്റ്റുഡിയോയിൽ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു.
ആദ്യപടിയായി ചിത്രത്തിലെ ഗാനങ്ങളുടെ റിക്കാർഡിംഗ് ആണ് ഇവിടെ അരങ്ങേറിയത്. ഡോ. സുകേഷ് രചിച്ച് ജീവൻ ഈണം പകർന്ന് മധു ബാലകൃഷ്ണൻ സന്നിധാനം എന്നിവർ പാടിയ ആറു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി ഏതാനും ദിവസങ്ങളിലായി ഇവിടെ റിക്കാർഡ് ചെയ്യപ്പെടുന്നത്.
ശബരിമല സന്നിധാനത്തിന്റെ മഹത്ത്വം വിളിച്ചോതുന്ന മനോഹരമായ ഭക്തി സാന്ദ്രമായഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകർ ഒരുക്കുന്നത്. വിശ്വാസികളായ കുടുംബങ്ങൾക്ക് എന്നും പ്രിയമാകുന്ന ഗാനങ്ങൾ തന്നെയായിരിക്കും ഈ ചിത്രത്തിലേത്.
ആദിമീഡിയ, നിഷാ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ യുഎയിലെ പ്രമുഖ വ്യവസായിയായ
ശ്രീകുമാർ (എസ്.കെ. മുംബൈ) ഷാജി പുനലാലും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. വലിയ മുതൽമുടക്കിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം പാൻ ഇന്ത്യൻ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്.
ഹിന്ദി അടക്കം ഇന്ത്യയിലെ അഞ്ചു ഭാഷകളിൽ ഒരുപോലെ പ്രദർശനത്തിനെത്തും. ശബരിമലയും അയ്യപ്പനും ഇൻഡ്യയിലെ വിശ്വാസികൾ ഒരു പോലെ ആരാധിക്കുന്ന തിനാലാണ് പാൻ ഇന്ത്യൻ ചിത്രമായി ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ദേശീയപ്രാധാന്യം നിറഞ്ഞ ഒരു കഥയാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധരായ ഒരു സമൂഹത്തിന്റെയും ഭരണാധികാരികളുടെ ക്രിയാത്മകമായ നടപടികളിലേക്കുമാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.
ഒരു പ്രത്യേക ദിനത്തിൽ ശബരിമലയിൽ അക്രമണം നടത്താനെത്തുന്ന തീവ്രവാദി സംഘത്തിന്റെയും അവരെ നേരിടേണ്ടി വരുന്ന വരുടേയും പോരാട്ടത്തിന്റെ കഥയാണ് ഏറെ ഉദ്വേഗത്തോടെ അവതരിപ്പിന്നു ഈ ചിത്രത്തിലൂടെ അനീഷ് രവി, റിയാസ് ഖാൻ, കോട്ടയം രമേഷ്, ഡ്രാക്കുള സുധീർ, ദിനേശ് പണിക്കർ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ, കുടശ്ശനാട് കനകം, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ് എന്നിവർക്കൊപ്പം ബോളിവുഡ് താരം അൻസർ മുംബൈ അടക്കമുള്ള താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
കിഷോർ, ജഗദീഷ് എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പശ്ചാത്തല സംഗീതം -ഷെറി. ശബരിമല, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുക. പിആർഒ-വാഴൂർ ജോസ്.