ഏഴാം ദിവസം 100 കോടി ക്ലബ്ബിൽ; നേട്ടം കൊയ്ത് ലോക
Thursday, September 4, 2025 8:27 AM IST
തെന്നിന്ത്യയിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ് കല്യാണി പ്രിയദർശൻ നായികയായെത്തിയ ‘ലോക’. റിലീസ് ചെയ്ത് ഏഴാം ദിവസം ചിത്രം നൂറ് കോടി ക്ലബ്ബിൽ കടന്നിരിക്കുകയാണ്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ഡൊമിനിക് അരുൺ ചിത്രം ‘ലോക’.
നായികാ കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യൻ സിനിമ ബോക്സ്ഓഫിസിൽ കോടികൾ കൊയ്യുന്നതും അപൂർവ കാഴ്ചയാണ്.
ഏകദേശം മുപ്പത് കോടി ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ്. വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.
ലോക എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ഹോളിവുഡ് ലെവലിൽ ആണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നതെന്നാണ് സിനിമ കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.
ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷനൽ തിരക്കഥ ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു.
സ്റ്റിൽസ് രോഹിത് കെ. സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോ. സുജിത്ത് സുരേഷ്, പിആർഒ ശബരി.