ബോക്സ് ഓഫീസ് കീഴടക്കി ലോക; 200 കോടി കൊയ്ത് ചന്ദ്രയും കൂട്ടരും
Wednesday, September 10, 2025 3:37 PM IST
ആരാധക ഹൃദയം കീഴടക്കി ലോക - ചാപ്റ്റർ വൺ: ചന്ദ്ര ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നു. ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രമാണ് ലോക. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം ലോക സ്വന്തമാക്കിയത്.
കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.
12ാം ദിനം ഇന്ത്യയില്‍ നിന്ന് ലോക നേടിയ കളക്ഷന്‍ 5.75 കോടിയാണ്. ഇന്‍ഡസ്ട്രി ട്രാക്കറായ സാക്നില്‍ക്കിന്റെ കണക്കനുസരിച്ച് ചിത്രത്തിന്റെ ഇതുവരെയുള്ള ആഭ്യന്തര കളക്ഷന്‍ 88.25 കോടിയിലെത്തിയിട്ടുണ്ട്. അതേസമയം രണ്ടാം ഞായറാഴ്ച 10.15 കോടി രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്.