15-ാം വയസിൽ എമ്മി പുരസ്കാരം സ്വന്തമാക്കി ഓവൻ കൂപ്പർ; അഡോളസെൻസിലൂടെ ചരിത്രനേട്ടം
Monday, September 15, 2025 10:41 AM IST
77-ാമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഞായറാഴ്ച ലോസ് ആഞ്ചലസിലെ പീക്കോക്ക് തിയറ്ററിൽ വച്ചായിരുന്നു പുരസ്കാര ചടങ്ങ്. കോമഡി സീരിസ് ആയ ദ് സ്റ്റുഡിയോയും സൈക്കളോജിക്കൽ ക്രൈം ഡ്രാമ സീരിസ് അഡോളസെൻസും എമ്മി പുരസ്കാരനേട്ടത്തിൽ തിളങ്ങി.
13 പുരസ്കാരങ്ങളാണ് സെത്ത് റോഗെൻ ഒരുക്കിയ സ്റ്റുഡിയോ വാരിക്കൂട്ടിയത്. ലിമിറ്റഡ് സീരിസിലെ മികച്ച നടൻ ഉൾപ്പടെ അഞ്ച് പ്രധാന പുരസ്കാരങ്ങളാണ് അഡോളസെൻസ് വാരിക്കൂട്ടിയത്. ഇതേ സീരിസിലൂടെ ലിമിറ്റഡ് ആന്തോളജി സീരിസിൽ സഹനടനുള്ള പുരസ്കാരം നേടുന്ന പ്രായം കുറഞ്ഞ താരമായി 15-കാരനായ ഓവൻ കൂപ്പർ മാറി.
ആഷ്ലി വാൾട്ടേഴ്സ്, ഹാവിയർ ബാർഡെം, ബിൽ കാമ്പ്, പീറ്റർ സാർസ്ഗാർഡ്, റോബ് ഡെലാനി എന്നിവരുൾപ്പെടെ അഞ്ച് മുതിർന്ന താരങ്ങളെ പിന്തള്ളിയാണ് കൂപ്പറിന്റെ ചരിത്ര നേട്ടം. ഓവന്റെ അഭിനയത്തിലെ അരങ്ങേറ്റം കൂടിയായിരുന്നു അഡോളസെൻസ്.
2019-ൽ വെൻ ദെയ് സീ അസ് എന്ന പരമ്പരയിലെ പ്രകടനത്തിന് 21-ാം വയസിൽ പുരസ്കാരം നേടിയ ജാറെൽ ജെറോം ആയിരുന്നു ഒരു ലിമിറ്റഡ് സീരീസിലെ ഏറ്റവും പ്രായം കുറഞ്ഞ സഹനടൻ. ആ ചരിത്രമാണ് ഓവൻ കൂപ്പർ ഇപ്പോൾ തിരുത്തിയിരിക്കുന്നത്.
27 നോമിനേഷനുകളുമായി സെവറൻസ് (Severance) ആയിരുന്നു മുന്നിൽ. 24 നോമിനേഷനുകളോടെ ദ് പെൻഗ്വിൻ (The Penguin) തൊട്ടുപിന്നിലും. സെവറൻസിലെ പ്രകടനത്തിന് ബ്രിട്ട് ലോവറിന് (Britt Lower) മികച്ച പ്രധാന നടിക്കുള്ള (ഡ്രാമ സീരീസ്) പുരസ്കാരം ലഭിച്ചു. അതേസമയം, ദ് സ്റ്റുഡിയോയിലെയും (The Stuido) ഹാക്ക്സിലെയും (Hacks) പ്രകടനങ്ങൾക്ക് യഥാക്രമം സെത്ത് റോഗനെ (Seth Rogen) മികച്ച പ്രധാന നടനായും ജീൻ സ്മാർട്ടിനെ (Jean Smart) മികച്ച പ്രധാന നടിയായും (കോമഡി സീരീസ്) തെരഞ്ഞെടുത്തു.