സിനിമ നിർമാണത്തിലേയ്ക്ക് ചുവടുവെച്ച് ബേസിൽ ജോസഫ്
Monday, September 15, 2025 11:07 AM IST
നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ഇനി നിര്‍മാണരംഗത്തേക്കും ഇറങ്ങുന്നു. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നിർമാണക്കമ്പനിയെക്കുറിച്ച് ബേസിൽ പരിചയപ്പെടുത്തിയത്. ബാനറിന്റെ ടൈറ്റില്‍ ഗ്രാഫിക്സും പുറത്തുവിട്ടു. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സ് എന്നാണ് നിർമാണക്കമ്പനിയുടെ പേര്.
""അങ്ങനെ വീണ്ടും. ഇതുവരെ ചെയ്യാത്തൊരു കാര്യം ശ്രമിക്കുന്നു- സിനിമാ നിര്‍മാണം. എങ്ങനെ എന്ന് ഇപ്പോഴും പഠിച്ചുവരുന്നതേയുള്ളൂ. എന്നാല്‍, കഥകള്‍ കൂടുതല്‍ നന്നായി, ധൈര്യപൂര്‍വ്വം, പുതിയ രീതികളില്‍ പറയണം എന്നതുമാത്രമാണ് എനിക്ക് അറിയാവുന്ന ഒരുകാര്യം. എവിടെവരെ പോകുമെന്ന് നോക്കാം. ബേസില്‍ ജോസഫ് എന്റര്ടെയ്ന്മെന്റ്സിലേക്ക് സ്വാഗതം''. ബേസില്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
ചരിഞ്ഞ ഗോപുരം താഴെ നിന്ന് ഉയര്‍ത്തി നേരയാക്കാന്‍ നോക്കുന്ന സൂപ്പര്‍ഹീറോ വേഷത്തിലുള്ള ഒരുകുഞ്ഞിന്റെ ആനിമേഷനിലാണ് ടൈറ്റില്‍ ഗ്രാഫിക്സ്.
നേരെ നിര്‍ത്തിയ ഗോപുരം തള്ളി താഴെയിട്ട ശേഷം കൂളിംഗ് ഗ്ലാസ് ധരിച്ച് കൈയില്‍ കോലുമിഠായിയുമായി നില്ക്കുന്നു കുട്ടിയുടെ കാരിക്കേച്ചര്‍ ഉള്‍പ്പെടുന്നതാണ് ലോഗോ. ബേസില്‍ സംവിധാനം ചെയ്ത മിന്നല്‍മുരളി റഫറന്‍സ് ഉള്ളതാണ് ടൈറ്റില്‍ ഗ്രാഫിക്സ്. പശ്ചാത്തലസംഗീതത്തിനൊപ്പം ബേസിലിന്റെ പൊട്ടിച്ചിരിയും കേള്‍ക്കാം.
നിര്‍മിക്കുന്ന ആദ്യ സിനിമ ഏതായിരിക്കുമെന്നതടക്കം മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംവിധാനസഹായിയായി തുടങ്ങി സംവിധായകനായും നടനായും ബേസില്‍ മലയാള സിനിമയില്‍ സജീവമാണ്.
കുഞ്ഞിരാമായണം, ഗോദ, മിന്നല്‍മുരളി എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. മരണമാസ് ആണ് ബേസില്‍ നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സത്യന് അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വത്തില്‍ അതിഥിവേഷത്തിലുണ്ട്.