മോദിജി അന്ന് എന്നോട് പറഞ്ഞ വാക്കുകൾ എനിക്ക് കരുത്തായിട്ടുണ്ട്; ഉണ്ണി മുകുന്ദൻ
Wednesday, September 17, 2025 1:28 PM IST
ചെറുപ്പം മുതൽ ആരാധിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ബയോപ്പിക്കിൽ അഭിനയിക്കുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ.
അഹമ്മദാബാദിൽ കുട്ടിക്കാലം ചെലവഴിച്ച തനിക്ക് ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ അറിയുന്ന വ്യക്തിത്വമാണ് നരേന്ദ്രമോദി എന്നും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രമായിരിക്കും മാ വന്ദേ എന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
‘‘ഞാൻ വിനയത്തോടെ ഒരു കാര്യം നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. വരാൻ പോകുന്ന മാ വന്ദേ സിനിമയിൽ ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദിജിയായി അഭിനയിക്കുന്നു. അഹമ്മദാബാദിൽ വളർന്ന എനിക്ക് കുട്ടിക്കാലം മുതലേ മോദിജി എന്റെ മുഖ്യമന്ത്രിയായിരുന്നു.
പിന്നീട് 2023 ഏപ്രിലിൽ അദ്ദേഹത്തെ നേരിൽ കാണാൻ എനിക്ക് അവസരം ലഭിച്ചു. അത് എന്നിൽ മായാത്ത മുദ്ര പതിപ്പിച്ച ഒരു നിമിഷമാണ്. ഒരു അഭിനേതാവ് എന്ന നിലയിൽ, ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എനിക്ക് അതിയായ സന്തോഷവും പ്രചോദനവും നൽകുന്നു.
അദ്ദേഹത്തിന്റെ യാത്ര അസാധാരണമാണ്, പക്ഷേ ഈ സിനിമയിൽ, രാഷ്ട്രതന്ത്രജ്ഞനായ അദ്ദേഹത്തിനപ്പുറം ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തെ അടുത്തറിയാൻ ഞങ്ങൾ ശ്രമിക്കും. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ആത്മാവിനെയും രൂപപ്പെടുത്തിയ അദ്ദേഹത്തിന്റെമായുള്ള ആഴമായ ബന്ധം ഈ സിനിമയിൽ ഞങ്ങൾ അവതരിപ്പിക്കുന്നു.
അദ്ദേഹവുമായുള്ള എന്റെ കൂടിക്കാഴ്ചയിൽ, അദ്ദേഹത്തിന്റെ രണ്ട് വാക്കുകൾ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എനിക്ക് എന്നും കരുത്തായിട്ടുണ്ട്. ഗുജറാത്തിയിൽ അദ്ദേഹം പറഞ്ഞത്, ജൂക്ക്വാനു നഹി എന്നാണ്, അതിനർഥം ഒരിക്കലും തലകുനിക്കരുത് എന്നാണ്.
ആ വാക്കുകൾ എനിക്ക് എന്നും കരുത്തും ദൃഢനിശ്ചയവും നൽകിയിട്ടുണ്ട്. ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി ജിക്ക് 75-ാം ജന്മദിനാശംസകൾ നേരുന്ന ഈ പ്രത്യേക അവസരത്തിൽ ഞാനും രാജ്യത്തോടൊപ്പം ചേരുന്നു. നമുക്ക് തീയറ്ററിൽ കാണാം.’’ ഉണ്ണി മുകുന്ദൻ കുറിച്ചു.
മാ വന്ദേ എന്നാണ് ബയോപ്പിക്കിന്റെ പേര്. ക്രാന്തി കുമാർ സി.എച്ച് സംവിധാനം ചെയ്യുന്ന മാ വന്ദേ നരേന്ദ്ര മോദിയുടെ ബാല്യകാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള പ്രചോദനാത്മകമായ ജീവിതകഥയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്.