"കാമറ വിളിക്കുന്നു' ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ടയിടത്തേയ്ക്ക് ഞാൻ തിരികെ പോകുന്നു; മാസ് ലുക്കിൽ മമ്മൂട്ടി
Wednesday, October 1, 2025 9:14 AM IST
ഇടവേളയ്ക്ക് ശേഷം വീണ്ടും കാമറയുടെയും ഷൂട്ടിന്റെയും ബഹളങ്ങളിലേയ്ക്ക് തിരികെ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി. ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ പോകുന്നു എന്ന കുറിപ്പോടെയാണ് താരം സന്തോഷം പങ്കുവച്ചത്.
തന്റെ ഏറ്റവും പുതിയ ടൊയോട്ട ലാൻഡ് ക്രൂസർ കാറിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി സന്തോഷം അറിയിച്ചത്.
‘ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ പോകുന്നു. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കാൻ വാക്കുകൾ മതിയാകില്ല. കാമറ വിളിക്കുന്നു.’ എന്നാണ് മമ്മൂട്ടി ചിത്രത്തിനൊപ്പം കുറിച്ചത്.
നിരവധിപ്പേരാണ് മമ്മൂട്ടിയുടെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച് കമന്റ് ചെയ്തത്. സംവിധായകൻ തരുൺ മൂർത്തി, മിഥുൻ മാനുവൽ തോമസ്, ടിനു പാപ്പച്ചൻ, നടൻ ആന്റണി വർഗീസ്, നൈല ഉഷ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ കമന്റ് ചെയ്തിരിക്കുന്നത്.
ചെന്നൈ വിമാനത്താവളത്തിലേക്ക് കാറോടിച്ചെത്തിയ മമ്മൂട്ടിയുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഓറഞ്ച് ഷര്ട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി വിമാനത്താവളത്തിലെത്തിയത്.
മഹേഷ് നാരായൺ ചിത്രത്തിന്റെ ഷൂട്ടിനായി ഹൈദരബാദിലേക്കാണ് താരത്തിന്റെ യാത്ര. ഹൈദരാബാദ് ഷെഡ്യൂളിൽ മമ്മൂട്ടി ഒക്ടോബർ ഒന്നിന് ചേരുമെന്ന് നേരത്തെ വാർത്ത പുറത്തുവന്നിരുന്നു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹൈദരാബാദിലെ ഷൂട്ടിന് ശേഷം ചിത്രത്തിന്റെ ബാക്കി ഷെഡ്യൂളിനായി മമ്മൂട്ടി യുകെയിലേക്ക് പോകും. ഈ മാസം 25 വരെ യുകെയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. നവംബർ പകുതിയോടെ ആയിരിക്കും മമ്മൂട്ടി കേരളത്തിലേക്ക് തിരിച്ചെത്തുക. അതിനു ശേഷം ഇതേ സിനിമയുടെ ബാക്കി ചിത്രീകരണത്തിലും മമ്മൂട്ടി ഭാഗമാകും.