"മിറാഷ്' എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലര്‍
ടി.ജി.ബൈജുനാഥ്
Friday, September 19, 2025 6:46 PM IST
ജീത്തു ജോസഫിന്റെ പുത്തന്‍പടം മിറാഷിനെപ്പറ്റി വെറുതേ, ത്രില്ലറെന്നു പറഞ്ഞാല്‍ പോരാ, എഡ്ജ് ഓഫ് ദ സീറ്റ് ജീത്തു ജോസഫ് ത്രില്ലര്‍ എന്നു തന്നെ പറയണം. തീര്‍ച്ചയായും ആ വിശേഷണത്തിന് തീ പിടിപ്പിക്കുന്ന കഥാസഞ്ചാരമാണ് രണ്ടാം പകുതിയിലും ക്ലൈമാക്സിനോട് അടുത്ത 15 മിനിറ്റുകളിലും.
ഒരു സാധാരണ മാന്‍ മിസിംഗ് കേസിനെ ചുറ്റിപ്പറ്റിയുള്ള ത്രില്ലിംഗ് അന്വേഷണമെന്നു തുടക്കത്തില്‍ തോന്നുമെങ്കിലും സംഭവബഹുലവും അനുനിമിഷം ട്വിസ്റ്റുകള്‍ കൊണ്ടും സസ്പെന്സുകള് കൊണ്ടും സമ്പന്നവുമാണ് മിറാഷിന്റെ കഥാഗതി.
കഥയിലെയും കഥപറച്ചിലിലെയും പുതുമകളാണ് മിറാഷിനെ രസാവഹമായ എന്‍ഗേജിംഗ് ത്രില്ലറാക്കുന്നത്. രണ്ടര മണിക്കൂറില്‍ നിറയെ ട്വിസ്റ്റുകളും സസ്പെന്സുകളുമുള്ള ജീത്തു ജോസഫ് ത്രില്ലര്‍ സ്വഭാവം തന്നെ മിറാഷിനും.
ഒരു പ്രശ്നത്തിനു പിന്നിലെ സത്യം തേടിയുള്ള യാത്രയിലുടനീളം കീഴ്മേല്‍ മറിയുന്ന സത്യത്തിന്റെ വിചിത്രസ്വഭാവം പ്രേക്ഷകരെ അവസാനനിമിഷം വരെയും വിസ്മയഭരിതരാക്കും എന്നതില്‍ തര്‍ക്കമില്ല.
കോയമ്പത്തൂരിലെ രാജ്കുമാര് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയിലെ ജീവനക്കാരാണ് അഭിരാമിയും റിതികയും. അഭിരാമിയുടെ പ്രതിശ്രുത വരനും അതേ കമ്പനിയിലെ ഉദ്യോഗസ്ഥനുമായ കിരണ്‍ ഒരു ട്രെയിന്‍ അപകടത്തില്‍ മരിക്കുന്നു. കിരണിന്റെ മരണശേഷം കമ്പനി ഉടമ രാജ് കുമാറിന്റെ ആളുകളും എസ്പി അറുമുഖവും അഭിരാമിയെ സമീപിക്കുന്നു. അവര്‍ക്കു വേണ്ടത് കമ്പനിരഹസ്യങ്ങള് അടങ്ങിയ ഹാര്‍ഡ് ഡിസ്ക്. അത് കിരണ്‍ അഭിരാമിക്കു കൈമാറിയിട്ടുണ്ടാവുമെന്ന വിശ്വാസത്തിലാണ് ഇരുകൂട്ടരും.
അതേസമയം മൂന്നാമതൊരാള്‍ കൂടി അഭിരാമിക്കു പിന്നാലെ കൂടുന്നു, പ്യുവര്‍ ഫാക്ട്സ് എന്ന ഓണ്‍ലൈന്‍ ചാനലിലെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ അശ്വിന് കുമാര്‍. അശ്വിനു വേണ്ടത് എക്സ്ക്ലൂസീവ് ന്യൂസ്.
നിഗൂഢ രഹസ്യങ്ങളുള്ള ആ ഹാര്‍ഡ് ഡ്രൈവിനു പിന്നാലെയുള്ള യാത്രയില്‍ അഭിരാമിക്കും റിതികയ്ക്കുമൊപ്പം അശ്വിനും ചേരുന്നതോടെ സംഭവബഹുലമായ കഥാസന്ദര്ഭങ്ങളിലേക്കും ട്വിസ്റ്റുകളിലേക്കുമുള്ള യാത്ര തുടങ്ങുകയായി.
പേരിനോടു നൂറല്ല, നൂറ്റൊന്നു ശതമാനം നീതിപുലര്‍ത്തുന്ന കഥാഗതിയാണു മിറാഷിന്റേത്. മിറാഷ് എന്നാല്‍ മരീചിക, തോന്നല്‍ എന്നൊക്കെയാണ് അര്‍ഥം. ഹാര്‍ഡ് ഡ്രൈവിനു പിന്നാലെയുള്ള അഭിരാമിയുടെയും അശ്വിന്റെയും റിതികയുടെയും യാത്രയില്‍ ഓരോ നിമിഷവും അവര്‍ ഓരോ പ്രശ്നങ്ങളിലേക്കെത്തുന്നു. അതിലെ സത്യം ഇന്നതാവും എന്നു കരുതി ചില നിഗമനങ്ങളോടെ അതിന്റെ അടുത്തെത്തുമ്പോഴേക്കും യാഥാര്‍ഥ്യം അതല്ലെന്ന് അവര്‍ അനുഭവിച്ചറിയുന്നു. എല്ലാം വെറും തോന്നല്‍ മാത്രമെന്നു തിരിച്ചറിയുന്നു.
വീണ്ടും പ്രശ്നപരിഹാരം തേടിയുള്ള യാത്രകള്‍, വീണ്ടും പ്രശ്നങ്ങള്‍.... അടുത്തെത്തുമ്പോഴേക്കും മനസില്‍ കണ്ടതൊന്നുമല്ല സത്യമെന്ന തിരിച്ചറിവിലെത്തുകയാണു മൂവരും. അവിടെയാണ് സസ്പെന്‍സും ട്വിസ്റ്റും തീര്‍ക്കുന്ന ജീത്തുജോസഫ് സ്പർശം പ്രേക്ഷകർക്ക് അനുഭവപ്പെട്ടുതുടങ്ങുക. കഥ തീര്‍ന്നെന്നു തോന്നുന്ന നിമിഷത്തില്‍ മറ്റൊരു കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന രസാന്വേഷണ വൈഭവം. അതാണു ജീത്തു ജോസഫ് മാജിക്. അത് മിറാഷിലും അനുഭവിച്ചറിയാം.
അഭിനേതാക്കളിലേക്കു വരാം. ആസിഫ് അലിയാണ് കഥയിലെ ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ അശ്വിന്‍കുമാര്‍. ആസിഫിന്റെ കഥാപാത്രം നെഗറ്റീവാണോ പോസിറ്റീവാണോ നായകനാണോ വില്ലനാണോ എന്നൊക്കെ സിനിമ കണ്ടുതന്നെയറിയുന്നതാവും അതിന്റെ ത്രില്‍.
പക്ഷേ, ഒന്നു പറയാതെ വയ്യാ. ഓരോ സിനിമ കഴിയുംതോറും താന്‍ സെലക്ട് ചെയ്ത കഥാപാത്രങ്ങളിലൂടെ തന്നിലെ നടനവൈഭവം മിനുക്കിയെടുക്കാനുള്ള ആസിഫിന്റെ പരിശ്രമങ്ങള്‍ക്ക് അടിവരയിടുകയാണ് മിറാഷിലെ അശ്വിന്‍കുമാര്‍.

അപര്‍ണ ബാലമുരളിയാണ് അഭിരാമിയുടെ വേഷത്തില്‍. കൂമനിലും കിഷ്കിന്ധാകാണ്ഡത്തിലും ആസിഫ്- അപര്‍ണ പെയര്‍ വിസ്മയമുഹൂര്‍ത്തങ്ങള്‍ പകര്‍ന്നിരുന്നു. ആ സിനിമകളും കഥാപാത്രങ്ങളും നല്കിയ പ്രതീക്ഷകള്‍ക്കപ്പുറമുള്ള കഥാഗതിയും കഥാസന്ദര്‍ഭങ്ങളുമാണ് ഇരുവര്‍ക്കും മിറാഷിലുള്ളത്.
മിറാഷിലെത്തുമ്പോള് അപര്ണയിലൂടെയാണു കഥ പറയുന്നത്. അപര്‍ണയുടെ സംഭവ ബഹുലമായ ജീവിതമാണു കഥയുടെ കാതല്‍. അപര്‍ണയുടെ കഥാപാത്രത്തിനും ഇപ്പോള്‍ വെളിപ്പെടുത്താനാവാത്ത ചില ട്വിസ്റ്റുകളും രഹസ്യങ്ങളുമുണ്ട്. അതും തിയറ്ററുകളിലെത്തി നേരിട്ടറിയാം.
അഭിരാമിയുടെ സഹപ്രവര്‍ത്തകയും സുഹൃത്തുമാണ് റിതിക. ഹന്ന റെജി കോശിയാണു റിതികയുടെ വേഷത്തില്‍. ഏറെ രഹസ്യങ്ങളിലൂടെയും നിഗൂഢതകളിലൂടെയും കടന്നുപോകുന്ന കഥാപാത്രത്തെ ഒട്ടും കൈവിട്ടുപോകാതെ ഹന്ന അവതരിപ്പിച്ചുവെന്നത് എടുത്തുപറയേണ്ടതുതന്നെ.
കിരണ്‍ എന്ന നിര്ണായകവേഷത്തിലെത്തുന്ന ഹക്കീം ഷാജഹാന്, പ്രകാശായി വേഷമിട്ട ദീപക് പറമ്പോള്‍, അഭിരാമിയുടെയും റിതികയുടെയും സഹപ്രവര്ത്തകന് അനന്തുവായി വേഷമിട്ട ബിഗ്ബോസ് ഫെയിം അര്ജുന്, എസ്പി അറുമുഖമായി വേഷമിട്ട തമിഴ് നടന് സമ്പത്ത് രാജ് തുടങ്ങിയവരും കഥയില്‍ നിറഞ്ഞുനില്ക്കുന്നു. നായകന്, നായിക, സഹതാരം എന്നതിനൊക്കെയപ്പുറം എല്ലാ കഥാപാത്രങ്ങള്‍ക്കും ഇടമുള്ള സിനിമ കൂടിയാണു മിറാഷ്.
ഹിന്ദി റൈറ്റര്‍ അപര്‍ണ ആര്. തരാക്കടിന്റെ കഥയ്ക്കു ശ്രീനിവാസ് അബ്രോളും ജീത്തു ജോസഫും ചേര്‍ന്നാണു തിരക്കഥയൊരുക്കിയത്. അപര്‍ണയുടെ കഥാപാത്രം അഭിരാമിക്കു കഥയിലുള്ള പ്രാധാന്യം പരിഗണിച്ചാല്‍ മിറാഷിനു "പെണ് ഡ്രൈവ് ത്രില്ലറെ'ന്ന വിശേഷണവും നന്നായിണങ്ങും.
ആരെ ആരു വിശ്വസിക്കും എന്ന അവസ്ഥയിലെത്തിയ ഒരുപിടി കഥാപാത്രങ്ങള്‍. മനസില്‍ കരുതിയതും മനസിലാക്കിയതുമല്ല വാസ്തവമെന്നു ബോധ്യപ്പെടുത്തുന്ന കഥവഴികള്‍. അതിനെ ബലപ്പെടുത്തുന്ന കുറേ കഥാസന്ദര്‍ഭങ്ങളും. ഇതൊക്കെയാണ് കോയമ്പത്തൂര്‍, തൃശൂര്‍, കോഴിക്കോട്, തൂത്തുക്കുടി എന്നിവയുടെ പശ്ചാത്തലത്തിലൊരുക്കിയ മിറാഷിനു പുതുമ പകരുന്നത്.
സതീഷ് കുറുപ്പിന്റെ കാമറയും വിനായകിന്റെ എഡിറ്റിംഗും വിഷ്ണു ശ്യാമിന്റെ മ്യൂസിക്കും ലിജു പ്രഭാകറിന്റെ കളറിംഗും സിനോയ് ജോസഫിന്റെ ശബ്ദ ഡിസൈനും ചിത്രത്തെ മികവുറ്റതാക്കുന്നു. കഥ തുടങ്ങുമ്പോള്‍ ഇതൊരു ഇമോഷണല്‍ ത്രില്ലറാണെന്ന തോന്നല്‍ നമുക്കുണ്ടാവും. പക്ഷേ, ഇമോഷനുകളെ പുറംതള്ളി സംഭവത്തിനു പിന്നിലെ നിഗൂഢതകള്‍ ഒന്നൊന്നായി പുറത്തുവരുന്ന സംഭവപരമ്പരകളാണു പ്രേക്ഷകരെ കാത്തിരിക്കുന്നത്.
ഇതുവരെ നമ്മള് കണ്ടറിഞ്ഞ ത്രില്ലറുകളിലെ കഥാസന്ദര്ഭങ്ങള്ക്കപ്പുറം വേറിട്ട ട്വിസ്റ്റുകളും സസ്പെന്സുകളും അനുഭവിക്കുമ്പോഴാണല്ലോ ഒരു സിനിമ കൂടുതല്‍ രസാകരമാവുക. അത്തരം സസ്പെന്‍സ് സംഭവങ്ങളുടെ ഘോഷയാത്ര തന്നെയാണു മിറാഷ്. എല്ലാ അര്‍ഥത്തിലും ഇവന്റ്ഫുൾ സസ്പെന്‍സ് ത്രില്ലറെന്നു തന്നെ പറയാം.