ന്യൂജെന്‍ ഹൃദയംതൊട്ട് സത്യന് അന്തിക്കാട്
ടി.ജി.ബൈജുനാഥ്
Thursday, August 28, 2025 9:17 PM IST
ഈ അടുത്തകാലത്തെങ്ങും ഇത്രയും എന്ജോയ് ചെയ്ത് സത്യന് അന്തിക്കാട് ഒരു സിനിമ ഷൂട്ട് ചെയ്തിട്ടുണ്ടാവില്ലെന്നു തോന്നും, ഹൃദയപൂര്‍വം കണ്ടിറങ്ങുമ്പോള്‍. അത്രമേല്‍ ചിരിപൂക്കുന്ന രണ്ടര മണിക്കൂര്‍. ചിരിയോരത്ത് ഒരല്പം കണ്ണീരു പൊടിയുന്ന ജീവിതമൂഹൂര്ത്തങ്ങളും. എല്ലാ അര്‍ഥത്തിലും ഇതൊരു സത്യന് അന്തിക്കാട് സിനിമ തന്നെ.
പക്ഷേ, ന്യൂജെന്‍ വൈബില്‍ പുതുതലമുറയുടെ ഇഷ്ടങ്ങളറിഞ്ഞ് പൂനെ എന്ന പുത്തൻ പശ്ചാത്തലത്തില്‍ സിങ്ക് സൗണ്ടിൽ പുതിയൊരു ലാലേട്ടനെ അവതരിപ്പിക്കുന്നു എന്നതാണു പടത്തിന്റെ പുതുമ. ഇതു ഹൃദയബന്ധങ്ങളുടെ കഥയാണ്. ഓര്‍ഗാനിക് ആയ ഒരു കഥ. കഥ തുടങ്ങുന്നതു കൊച്ചിയിലാണ്. അവിടെ ലഞ്ച് ബോക്സ് എന്ന ക്ലൗഡ് കിച്ചണ്‍ നടത്തുകയാണ് മോഹൻലാലിന്റെ കഥാപാത്രം സന്ദീപ് ബാലകൃഷ്ണന്.
ഹൃദയത്തകരാറുള്ള സന്ദീപ് പെട്ടെന്നൊരു ദിവസം ഹൃദയം മാറ്റിവയ്ക്കല്‍ സര്‍ജറിക്കു വിധേയനാകുന്നു. പൂനെയില്‍ അപകടത്തില്‍ മരിച്ച കേണല്‍ രവീന്ദ്രനാഥാണ് ഡോണർ . സര്‍ജറി വിജയമായി. തുടര്‍ന്നു സന്ദീപിനെ പൊന്നുപോലെ നോക്കാനെത്തുകയാണ് ഹോംനഴ്സ് ജെറി. പ്രേമലുവിലൂടെ ഹിറ്റായ സംഗീത് പ്രതാപാണ് ആ വേഷത്തില്‍.

അങ്ങനെയിരിക്കെ തന്റെ വിവാഹനിശ്ചയത്തിനു സന്ദീപിനെ പുനെയിലേക്കു ക്ഷണിക്കാന്‍ കേണല്‍ രവീന്ദ്രനാഥിന്റെ മകള്‍ ഹരിത കൊച്ചിയിലെത്തുന്നു. ജെറിക്കൊപ്പം സന്ദീപ് പൂനെയിലെത്തുന്നതും ഹരിതയുടെ വിവാഹനിശ്ചയത്തെ തുടര്‍ന്നുള്ള നാടകീയ കഥാമൂഹൂര്ത്തങ്ങളുമാണു സിനിമ.
സത്യന് അന്തിക്കാടിനു കുടുംബം വിട്ടൊരു കഥയും സിനിമയുമില്ല. പുതിയ തലമുറയ്ക്കും ഈ കുടുംബകഥ ഇഷ്ടമാകുമെന്നുറപ്പ്. അങ്ങനെയാണ് ഇതിന്റെ കഥപറച്ചിലും മേക്കിംങ്ങും. ഇതില്‍ പുതിയ തലമുറയുടെ ജീവിതമുണ്ട്. ഇഷ്ടങ്ങളുണ്ട്. വര്‍ത്തമാനങ്ങളുണ്ട്. അവരുടെ യുട്യൂബ് കാഴ്ചകളുണ്ട്.
അവരുടെ വാക്കും വൈബുമുണ്ട്. അവരുടെ സിനിമാസ്വപ്നങ്ങളുണ്ട്. ഇതിനെല്ലാം സന്ദീപിന്റെ ഹൃദയകഥയുമായി ബന്ധവുമുണ്ട്. മക്കള്‍ക്കൊപ്പം പുതുമയുടെ ഭാഷയും താളവുമറിഞ്ഞു ജീവിക്കുന്ന സത്യന് അന്തിക്കാടിന് എത്രനാള്‍ ന്യൂജനറേഷനെ കണ്ടില്ലെന്നു നടിക്കാനാവും. അഖില്‍ സത്യന്റെ കഥ. അനൂപ് സത്യന്റെ സംവിധാന സഹകരണം.
നൈറ്റ് കോള്‍ എന്ന ഷോര്‍ട്ട് ഫിലിം എഴുതി സംവിധാനം ചെയ്ത് സത്യന് അന്തിക്കാടിന്റെ ഹൃദയത്തില്‍ ഇടംനേടിയ സോനു ടി.പി എന്ന പുതുമുഖ തിരക്കഥാകൃത്ത്. ഹൃദയംതൊടുന്ന പാട്ടുകളും പശ്ചാത്തലസംഗീതവുമൊരുക്കിയ ജസ്റ്റിന് പ്രഭാകരന് എന്ന സംഗീതസംവിധായകന്.
പുനെയുടെ സൗന്ദര്യം അപ്പാടെ പകര്‍ത്തി അതില്‍ കഥാപാത്രങ്ങളുടെ വേറിട്ട ജീവിതകൗതുകങ്ങള് കൊരുത്തുവച്ച അനു മൂത്തേടത്ത് എന്ന കാമറാമാന്. ചെറുപ്പക്കാരുടെ പുത്തന്‍ ടീമിനൊപ്പം സിനിമ ചെയ്യാന്‍ കൂടിയതിന്റെ അടയാളങ്ങളെല്ലാം ഹൃദയപൂര്‍വം സിനിമയിലുണ്ട്.

നമുക്ക് അടുത്തറിയാവുന്നവരാണ് സത്യന് അന്തിക്കാടിന്റെ കഥാപാത്രങ്ങള്‍. സംഗീതിന്റെ കഥാപാത്രം ജെറിയും അങ്ങനെതന്നെ. സിനിമയുടെ 90 ശതമാനം സീനുകളിലും മോഹന്‍ലാല്‍-സംഗീത് കോമ്പോയുടെ വൈബുണ്ട്.
ഹോംനഴ്സായി വരുന്ന ജെറി പതിയെപ്പതിയെ സ്നേഹം പൊടിക്കുന്ന ശാസനകളിലൂടെ സന്ദീപിന്റെ ഹൃദയവാതില്‍ അയാളറിയാതെ തുറന്നുകയറുന്നു. ജെറിയുടെ മുഖഭാവങ്ങളിലും വര്‍ത്തമാനങ്ങളിലും കൗണ്ടറുകളിലും ചിരി വിടരുന്ന സീനുകള്‍ എത്രയെത്രയാണു ഹൃദയപൂര്‍വം സിനിമയില്‍.
കൊച്ചിയില്‍ നിന്ന് ഫ്ളൈറ്റ് പിടിച്ചു പൂനെയില്‍ വന്ന് ഇടി വാങ്ങണമോ, ഹാര്‍ട്ട് പോലെ നടുവ് മാറ്റിവയ്ക്കാന്‍ ആവില്ലല്ലോ എന്നിങ്ങനെ പോകുന്നു ആ കൗണ്ടറുകള്‍. പഴയ ജഗതി-മോഹന്‍ലാല്‍, ശ്രീനിവാസന്-മോഹന്‍ലാല്‍ കോമ്പോ പോലെ രസകരം, ജനപ്രിയം.
മാളവികയും സംഗീതയുമാണ് കഥയിലെ നായികമാര്‍. പൂനെയില്‍ ജനിച്ചുവളര്‍ന്ന ഹരിതയായി വേഷത്തിലും ഭാഷയിലും സ്റ്റൈലിലും മിന്നിത്തിളങ്ങാന്‍ മാളവികയ്ക്ക് അപ്പുറം മറ്റൊരു ചോയ്സ് ഉണ്ടാകുമെന്നു തോന്നുന്നില്ല. അച്ഛനെ നഷ്ടമായെങ്കിലും ആ ഹൃദയം സന്ദീപില്‍ തുടിക്കുന്നുവെന്നതിൽ ആശ്വാസം കണ്ടെത്തുന്ന ഹരിത.
ഭര്‍ത്താവിൽ നിന്ന് ഒരിക്കലും കിട്ടിയിട്ടില്ലാത്ത സോറി എന്ന വാക്ക് സന്ദീപില്‍ നിന്നു കേള്‍ക്കുമ്പോള്‍ അയാളോട് അടുക്കുന്ന സംഗീതയുടെ കഥാപാത്രം, ദേവിക. രണ്ടാവരവില്‍ സംഗീതയുടെ വ്യക്തിത്വമുള്ള കഥാപാത്രങ്ങളില്‍ മുന്‍നിരയിലാണ് ഗ്രേസ്ഫുള്‍ ലുക്കുള്ള ദേവിക.
കഥാപാത്രങ്ങളും കഥാമൂഹുര്ത്തങ്ങളുമാണ് സത്യന് അന്തിക്കാട് സിനിമകളുടെ ജീവന്. സന്ദീപിന്റെ ജീവിതത്തില്‍ നിറയെ പ്രവചനങ്ങളുമായി തുടരുന്ന ജനാര്‍ദനന്റെ കഥാപാത്രം ചിറ്റപ്പനും സന്ദീപിന്റെ കോടിക്കണക്കിനുള്ള ആസ്തികളില്‍ കണ്ണുംനട്ട് കപടസ്നേഹം നടിക്കുന്ന സിദ്ധിക്കിന്റെ ഓകെ പണിക്കരും അപകടത്തില്‍ മരിച്ച കേണൽ രവീന്ദ്രനാഥിന്റെ അവസാനചിന്ത എന്തെന്നറിയാന്‍ അടങ്ങാത്ത വെമ്പലുമായി ആ ഹൃദയം ഉള്ളിലുള്ള സന്ദീപിന്റെ പിന്നാലെ കൂടുന്ന ലാലു അലക്സിന്റെ ജേക്കബും നിരന്തരം ചിരിവിടര്ത്തി കഥയില്‍ നിറയുന്നു.

ഇത്തവണ സര്‍പ്രൈസുണ്ടോ. തീര്‍ച്ചായും. ആക്ടിംഗിലും ശോഭിക്കുന്ന രണ്ടു മുന്‍നിര യുവ സംവിധായകരും മോഹന്‍ലാലിന്റെ നായികയായിട്ടുള്ള ഒരു നടിയും നിര്ണായകവേഷങ്ങളിലുണ്ട്. അതിന്റെ വിശേഷങ്ങള്‍ സിനിമ കണ്ടുതന്നെയറിയണം. ഇപ്പോള്‍ ആന്റണി പെരുമ്പാവൂരില്ലാത്ത ലാല്‍ സിനിമകളില്ല എന്നതു പകല്‍ പോലെ സത്യമായതിനാല്‍ അതുമാത്രം മറച്ചുവയ്ക്കുന്നില്ല.
നിഷാന്റെ കഥാപാത്രത്തിലെ സസ്പെൻസും സിനിമയിലൂടെ അറിയാം. ഇത്തവണ, ടെലിവിഷനില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നുമൊക്കെ ചിലരുണ്ട് സത്യൻസിനിമയിൽ. വിവാഹദിവസം സന്ദീപിനെ പറ്റിച്ച് കാമുകനൊപ്പം ഒളിച്ചോടുന്ന രജനി മോഹനായി വേഷമിടുന്നത് അളിയന്‍സില്‍ ലില്ലിയായി ഹിറ്റായ സൗമ്യയാണ്.
മറിമായത്തിലെ പ്യാരിജാതന് സലിം ഹസനും ഇന്‍സ്റ്റഗ്രാം താരങ്ങളായ അമല്താഹ, അരുണ്‍ പ്രദീപ്, ദേവരാജന്‍ തുടങ്ങിയവരും നിര്‍ണായക വേഷങ്ങളില്‍ തിളങ്ങുന്നു. മാളവികയ്ക്കൊപ്പമുള്ള ഒരു സീനില്‍ ലാലേട്ടന് പാടുന്ന പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ എന്ന പഴയൊരു പാട്ടുശകലവും ജേക്കബ്, സന്ദീപിനു സമ്മാനിക്കുന്ന റെയ്ബാന്‍ ഗ്ലാസും രണ്ടാം പകുതിയിലെ ലാലേട്ടന്റെ കലക്കന്‍ സ്റ്റണ്ടും പൂനെ വീട്ടിലെ വേലക്കാരി പല്ലവിയും ചെറുതെങ്കിലും ചിരിപ്പിക്കുന്ന ബാബുരാജിന്റെ കഥാപാത്രവും പൂനെ വീട്ടിലെ പെറ്റ് ഡോഗ് സ്കൂബിയുമൊക്കെ ഈ ഉത്സവചിത്രത്തിലെ കളറുകളാണ്.

ലാല്‍ വൈബ് ഇഷ്ടമുള്ളവര്‍ക്ക്, ഹൃദയബന്ധങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക്, കോമഡി ഇഷ്ടപ്പെടുന്നവര്‍ക്ക്, പാട്ടും ഡാന്‍സുമൊക്കെ ഇഷ്ടമുള്ളവര്‍ക്ക് ധൈര്യപൂര്‍വം ടിക്കറ്റെടുക്കാം. ഇതു പുതുരക്തത്തിന്റെ കരുത്തില്‍ സത്യന് അന്തിക്കാട് ഒരുക്കിയ സാമൂഹിക പ്രസക്തിയുള്ള, പുത്തന്‍ കഥയാണ്. ബെറ്റര്‍ ആയ ഒരു ജീവിതം തന്നിനു നന്ദിയെന്ന് ഇതില്‍ മോഹൻലാലിന്റെ കഥാപാത്രം സന്ദീപ് ബാലകൃഷ്ണന് പറയുന്നുണ്ട്. ബെറ്റര്‍ ആയ ഒരു സിനിമ തന്നതിനു നന്ദിയെന്നു പ്രേക്ഷകരും പറയുകയാണ്.