ഫാമിലിക്കൊപ്പം ആസ്വദിക്കാം "തിയേറ്റര്‍'
ടി.ജി.ബൈജുനാഥ്
Thursday, October 16, 2025 9:02 AM IST
തെങ്ങുകയറുന്ന റിമ കല്ലിങ്കലിന്റെ ചിത്രമുള്ള പോസ്റ്ററാണ് സജിൻ ബാബുവിന്റെ തിയേറ്റര്‍ എന്ന സിനിമയിലേക്ക് ആദ്യമടുപ്പിച്ചത്. ഒറ്റവീടു മാത്രമുള്ള മാവും പ്ലാവും നിറയെ തെങ്ങുകളുമുള്ള തുരുത്തില്, പ്രായമായ അമ്മയ്ക്കൊപ്പം ന്യൂജെന്‍ ലോകത്തിന്റെ വര്ണത്തിളക്കങ്ങളില്ലാതെ, സോഷ്യല്‍ മീഡിയ എന്തെന്നറിയാതെ, എന്തിന്, മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന മീരയാണു തിയറ്ററിലെ കഥാനായിക.
22 ഫീമെയില്‍ കോട്ടയത്തിനുശേഷം വേഷപ്പകര്‍ച്ചയില്‍ റിമ കല്ലിങ്കലിന്റെ ശക്തമായ കഥാപാത്രങ്ങളിലൊന്ന്. മരംകേറി, ചക്കയും മാങ്ങയും തേങ്ങയും കുരുമുളകുമൊക്കെ വിളവെടുത്ത് കടത്തുവള്ളത്തിലേറ്റി, താനേ തുഴഞ്ഞ് മറുകരയെത്തി, അവിടത്തെ കടയില്‍ വിറ്റാണ് മീര വീട്ടുചെലവുകൾ നടത്തുന്നതും അമ്മ ശാരദാമ്മയെ സംരക്ഷിക്കുന്നതും.

നാട്ടിലെ പേരുകേട്ട വിഷവൈദ്യനായിരുന്നു മീരയുടെ അച്ഛന്. അച്ഛന്റെ മരണശേഷമുണ്ടായ വൈകാരിക ബന്ധനങ്ങളാണ് വെള്ളപ്പൊക്കത്തില്‍ പോലും അവരെ തുരുത്തില് തുടരാന്‍ നിര്‍ബന്ധിതരാക്കുന്നത്.
ഒപ്പം, തുരുത്തിലെ കാവും അവിടത്തെ നാഗത്തറയും സര്‍പ്പങ്ങളും അതുമായി ബന്ധപ്പെട്ടു വേരുറച്ച വിശ്വാസങ്ങളുമൊക്കെ അവരെ അവിടെ പിടിച്ചുനിര്‍ത്തുന്നു. റിസോര്‍ട്ട് പണിയാന്‍ നാട്ടിലെ പ്രമാണിമാർ പലരും തുരുത്തു വിലയ്ക്കു ചോദിച്ചെങ്കിലും അവിടുത്തെ പാരമ്പര്യങ്ങളെയും അവരെ കാത്തുരക്ഷിക്കുന്ന നാഗങ്ങളെയും മറന്ന് അവര്‍ക്കതു വില്‍ക്കാനാവുന്നില്ല.
ഒരിക്കല്‍ തെങ്ങു കയറുന്നതിനിടെ ഒരു വിചിത്ര പ്രാണിയുടെ കടിയേല്‍ക്കുന്നതോടെ ദേഹമാസകലം ചൊറിഞ്ഞുപൊട്ടി മീര ഒരപൂര്വരോഗത്തിന്റെ പിടിയലമരുന്നു. തുടര്‍ന്നു മീരയുടെയും അവളുടെ എല്ലാമെല്ലാമായ ശാരദാമ്മയുടെയും സംഭവബഹുലമായ ജീവിതയാത്രയാണു സിനിമ പറയുന്നത്.
ഒരമ്മയുടെയും മകളുടെയും ആത്മബന്ധത്തിന്റെ കഥകൂടിയാണു തിയറ്റര്‍. ഒരു സ്ത്രീയുടെ മാത്രം ആവശ്യങ്ങളില്‍ പരസ്പര ബോധ്യമുള്ളവര്‍. റിമയുടെ അമ്മയായി വേഷമിടുന്നതു നാടകരംഗത്തുനിന്നു സുഡാനി ഫ്രം നൈജീറിയയിലൂടെ സിനിമയിലെത്തി, കാരക്ടർ വേഷങ്ങളിൽ മിന്നിത്തിളങ്ങുന്ന സരസ ബാലുശേരി.
ചിലര്‍ക്കു കഥ പറയാനാണിഷ്ടമാണ്. ഇതിലെ ശാരദാമ്മയും അങ്ങനെ തന്നെ. ചിലര്‍ക്കു കഥ കേള്‍ക്കുന്നതാണിഷ്ടം. ആശുപത്രി വരാന്തയിലെ കൊച്ചുപെണ്‍കുട്ടി അവരിലൊരാളാണ്. ശാരദാമ്മ ആ പെണ്‍കുട്ടിയോടു പറയുന്ന കഥയാണ് വാസ്തവത്തില്‍ ഈ സിനിമ. കഥ തീരുമ്പോള്‍ ഒരു നിമിഷം, ഇക്കണ്ടതെതെല്ലാം സത്യമാണോ കടങ്കഥയാണോ എന്നു വേര്‍തിരിച്ചറിയാനാവാത്ത അനുഭവത്തിലാഴുന്നു പ്രേക്ഷകർ.
ആദ്യത്തെ 20 മിനിറ്റിനുള്ളില്‍ പ്രവചനാതീതമായ വഴികളിലൂടെ ഈ കഥ സഞ്ചരിച്ചുതുടങ്ങും. തുരുത്തിൽ നിന്നു നഗരത്തിലേക്കു മീരയ്ക്കും ശാരദാമ്മയ്ക്കുമൊപ്പം കഥവഴികളിലൂടെ നമ്മുടെയും യാത്ര. പ്രേക്ഷകരെ എന്‍ഗേജിംഗ് ആക്കുന്ന അവതരണമാണു സിനിമയുടേത്. വലിച്ചുനീട്ടാതെ, പറയാനുള്ളതു ഭയമില്ലാതെ, കൃത്യമായി പറയുന്നുണ്ട് തിയേറ്റര്‍.

നമ്മുടെ ജീവിതപരിസരങ്ങളിലെ പൊള്ളിക്കുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളും പറിച്ചെറിഞ്ഞാലും പിന്നെയും പടര്ന്നുപറ്റുന്ന രാഷ്ട്രീയചിന്തകളും കഥയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. സോഷ്യല്‍ മീഡിയ എന്തെന്നറിയാത്ത മീരയുടെയും ശാരദാമ്മയുടെയും ജീവിതത്തെ അവയൊക്കെ എത്രത്തോളം സ്വാധീനിക്കുമെന്നതിന്റെ കഥ കൂടിയാണ് അഞ്ജന ടാക്കീസ് നിർമിച്ച തിയേറ്റര്‍.
സോഷ്യല്‍ മീഡിയ വ്ലോഗർ മനോജായി വേഷമിട്ട ഡെയിന്‍ ഡേവിസ്, നഴ്സ് സ്റ്റെല്ലയായി വേഷമിട്ട ആന്‍ സലീം, പലചരക്കുകടക്കാരൻ ജഗൻ ചേട്ടനായി വേഷമിട്ട പ്രമോദ് വെളിയനാട്, വാർഡ് മെന്പറായി വേഷമിട്ട കൃഷ്ണൻ ബാലകൃഷ്ണൻ, ഡോക്ടറായി വേഷമിട്ട ബാലാജി ശർമ എന്നിവരും തനതായ ശൈലിയില്‍ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കുന്നു. മേഘ രാജൻ, അഖിൽ കവലയൂർ, മീനാക്ഷി രവീന്ദ്രൻ, മീനാരാജ്, എബ്രഹാം വടക്കൻ തുടങ്ങിയവരും മറ്റു വേഷങ്ങളിലെത്തുന്നു.
ഈ കഥയില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള കലഹത്തില്‍ സിനിമ ഒരുപക്ഷത്തും നിലയുറപ്പിക്കുന്നില്ല. ബഹുവിധ ചിന്തകളുള്ള പ്രേക്ഷകര്‍ക്കിടയില്‍ ഇത് സിനിമയ്ക്കു പൊതുസ്വീകാര്യതയ്ക്കിടനല്കുമെന്നു തോന്നുന്നു.
വിശ്വാസവും അവിശ്വാസവും രണ്ടിന്റെയും കച്ചവട താത്പര്യങ്ങളും ശാസ്ത്രം കൈകാര്യം ചെയ്യുന്നവരുടെ ഉദ്ദേശശുദ്ധിയുമെല്ലാം ചര്‍ച്ചയാകുന്നുണ്ട്. അതേസമയം മതവിശ്വാസങ്ങളെയും പാരമ്പര്യത്തെയും സിനിമ മുറിവേല്പ്പിക്കുന്നുമില്ല. സംവിധായകന്റെ കാഴ്ചപ്പാടുകള്‍ ചിത്രം അടിച്ചേല്പിക്കുന്നില്ല. ചിന്താശേഷിയുള്ള ജനം സത്യവും മിഥ്യയുമൊക്കെ അനുഭങ്ങളിലൂടെ തിരിച്ചറിയുമെന്ന പ്രതീക്ഷയാണു ചിത്രം മുന്നോട്ടുവയ്ക്കുന്നത്.

സജിന്റെ മുന്‍ സിനിമകള്‍ പോലെയല്ല തിയേറ്റര്‍. സങ്കീര്‍ണതകളില്ലാത്ത സിനിമ എല്ലാവര്ക്കും മനസിലാകുന്ന സാധാരണ കാഴ്ചകളാണു പങ്കുവയ്ക്കുന്നത്. സിനിമാറ്റിക് ആകുന്ന സീനുകളുമുണ്ട്. ആര്‍ട്ട് പടമോ പലപ്പോഴും വിരസമാകാറുള്ള അവാര്‍ഡ് പടമോ അല്ല.
വേറിട്ട സംഗീതവും ദൃശ്യങ്ങളും റിമയുടെ പെര്‍ഫോമന്‍സും ഒന്നുചേരുന്ന ക്ലൈമാക്സ് സീക്വന്‍സുകള്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ അപൂര്‍വമെന്നു പറയാം. ശ്യാമപ്രകാശിന്റെ കാമറയും അപ്പു ഭട്ടതിരിയുടെ എഡിറ്റിം ഗും ഹരികുമാർ മാധവൻ നായരുടെ സിങ്ക് സൗണ്ട് റെക്കോഡിംഗും ജുബിൻരാജി ന്റെ സൗണ്ട് മിക്സിംഗും ഈ ചലച്ചിത്രാനുഭവം മികവുറ്റതാക്കുന്നു.
യഥാര്‍ഥ സംഭവങ്ങളില്‍ നിന്നാണ് ഈ സിനിമ. ഇന്നത്തെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന, കണ്ടിട്ടും നാം കണ്ടില്ലെന്നു നടിക്കുന്ന ജീവിതചിത്രങ്ങളാണ് സിനിമയുടെ കരുത്ത്. പെര്‍ഫോമന്‍സാണു സിനിമയെന്നു വിശ്വസിക്കുന്ന സജിൻ ബാബു സംവിധാനം ചെയ്ത പുത്തന്‍പടം, തിയേറ്റർ - ദ മിത്ത് ഓഫ് റിയാലിറ്റി, തിയറ്റര്കാഴ്ച ആവശ്യപ്പെടുന്നുണ്ട്.
ഇതു കഥയുള്ള ചിത്രമാണ്. സസ്പെൻസും ട്വിസ്റ്റുമുണ്ട്. റിമയുടെയും സരസ ബാലുശേരിയുടെയും സ്വാഭാവിക പെര്‍ഫോമന്‍സുകളുടെ ഉജ്ജ്വല മൂഹൂര്‍ത്തങ്ങള്‍ നമ്മുടെ അനുഭവങ്ങളെ സമ്പന്നമാക്കും. നിശ്ചയമായും, ഫാമിലിക്കൊപ്പം തിയറ്ററില്‍ തന്നെ ഈ സിനിമ ആസ്വദിക്കാം.