കാന്താര ചാപ്റ്റർ 1: ഋഷഭിന്റെ പകർന്നാട്ടം, "പുലിദൈവ' വിളയാട്ടം
ടി.ജി.ബൈജുനാഥ്
Friday, October 3, 2025 7:19 AM IST
കാന്താരയെന്ന ഈശ്വരന്റെ പൂന്തോട്ടത്തിലെ പഞ്ചുരുളിയെന്ന ദൈവാംശമുള്ള കല്ല് വീണ്ടെടുക്കാൻ കാന്താരയുടെ കാവലാൾ ബെർമയുടെ തീപാറും പോരാട്ടം. അതാണ് ഋഷഭ് ഷെട്ടി എഴുതി, സംവിധാനം ചെയ്ത് ബെർമയെന്ന നായക വേഷത്തിൽ വിളയാടിയ കാന്താര ചാപ്റ്റർ1. പാൻ ഇന്ത്യ കത്തിപ്പടരുന്ന "കാന്താര' പുലിദൈവ വിളയാട്ടം.
കാന്താര ആദ്യ ഭാഗത്തിന്റെ കഥ ശിവയുടെ ജീവിത പരിസരങ്ങളിലും വർത്തമാനകാലത്തിലുമായിരുന്നുവെങ്കിൽ കാന്താര ചാപ്റ്റർ 1 ശിവയുടെ ആദിപൂർവികരുടെ വിശ്വാസ സംരക്ഷണത്തിന്റെ കഥയാണ്.
കാന്താരയെന്ന നിഗൂഢ വനത്തിലെ ഗോത്രവാസികളുടെ നായകനാണ് ഋഷഭ് ഷെട്ടി അവതരിപ്പിക്കുന്ന ഈശ്വരന്റെ രക്ഷാകവചമുള്ള ബെർമയെന്ന വീരപുരുഷൻ. ഏതാണ്ട് 1,500 വർഷം മുന്പുള്ള കാന്താരയും സമീപനാടായ ബാംഗ്രയുമാണു ഈ സിനിമയുടെ കഥാപശ്ചാത്തലം.
ആദ്യമേ തന്നെ പറയട്ടെ, ഇതു തിയറ്ററിൽ തന്നെ കാണേണ്ട സിനിമയാണ്. പുതുമയുള്ള കഥാവതരണം, വേറിട്ട ആക്ഷൻ സീക്വൻസുകൾ, ത്രസിപ്പിക്കുന്ന പശ്ചാത്തലസംഗീതം, ഭക്തിസാന്ദ്രവും മെലോഡിയസും ആവേശജകനവുമായ ഗാനങ്ങൾ, നായകതുല്യമായ ഇടവും കാന്പുമുള്ള കഥാപാത്രങ്ങളുടെ പെർഫോമൻസ്...
അത്രമേൽ അനുഭവസന്പന്നമാണു ഹോംബാലെ ഫിലിംസ് നിർമിച്ച കാന്താര പ്രീക്വൽ. അധർമത്തിനു മേൽ ദൈവീകതയുടെ തീ പടരുന്ന, അനീതിക്കുമേൽ നീതിയുടെ അഗ്നികരം നീളുന്ന, കൈയേറ്റങ്ങൾക്കു മേൽ വീണ്ടെടുപ്പിന്റെ അഭിമാനം നിറയുന്ന തിയറ്റർ അനുഭവത്തിന്റെ ത്രില്ലടിപ്പിക്കുന്ന 168 മിനിറ്റുകൾ.
കാന്താരയെന്ന ഈശ്വര ചൈതന്യമുള്ള മണ്ണിലെ ആദിമ വാസികളുടെ നിലനിൽപ്പിനായി നിലകൊളളുന്ന ബെർമ ആ യാത്രയിൽ പ്രതിസന്ധി നേരിടുന്പോഴൊക്കെ ധർമസംരക്ഷണത്തിനു ദൈവത്തിന്റെ ഭൂതഗണങ്ങൾ ബെർമയിലേക്കു സന്നിവേശിക്കുന്ന നിരവധി മുഹൂർത്തങ്ങളുണ്ട് സിനിമയിൽ.
കഥാഗതിയിലെ അത്തരം വഴിത്തിരിവുകളിൽ തിയറ്ററുകളിൽ തീപടർത്തുന്ന ഋഷഭ് ഷെട്ടിയുടെ ഹൈ വോൾട്ടേജ് സീനുകളാണ് സിനിമയുടെ ഹൈലൈറ്റ്. റൈറ്ററായും സംവിധായകനായും നായകനായും ഋഷഭിന്റെ മൾട്ടി ഡയമെൻഷൻ പ്രതിഭാവിലാസം വജ്രകാന്തി ചൊരിയുന്ന മാസ്മര മൂഹൂർത്തങ്ങൾ.
കാന്താരയിൽ നിന്ന് ഒരു പകൽ ദൂരമുള്ള ബാംഗ്രയെന്ന നാട്ടുരാജ്യത്തിന്റെ അധിപനാണ് വിജയേന്ദ്രരാജാവ്. ഒരിക്കൽ കാന്താരയിൽ, മകൻ രാജശേഖരനുമൊത്തു വേട്ടയ്ക്കെത്തുന്ന വിജയേന്ദ്രന് അവിടെ അതിക്രമിച്ചു കടന്നതിന്റെ വിലയായി സ്വന്തം ജീവൻ പകരം കൊടുക്കേണ്ടിവരുന്നു. പിന്നീടു ബാംഗ്രയുടെ അധിപനാകുന്ന രാജശേഖരനു രണ്ട് മക്കൾ. കുലശേഖരനും കനകവതിയും.
യുവരാജാവായ കുലശേഖരനെ രാജ്യഭാരമേൽപ്പിച്ചുവെങ്കിലും അയാളുടെ കെടുകാര്യസ്ഥതയിൽ ബാംഗ്രയിലെ കച്ചവടകേന്ദ്രമായ തുറമുഖം കാന്താരയുടെ നായകൻ ബെർമെയുടെ നിയന്ത്രണത്തിലാകുന്നു. ഇതിനിടെ യുവറാണി കനകവതിക്കു ബെർമെയെന്ന വീരനായകനോട് അടുപ്പവും അനുരാഗവും തോന്നിപ്പിക്കുന്ന കഥാഗതിയിലേക്കു സിനിമയുടെ കഥാസഞ്ചാരം. അതിനിടെ ബാംഗ്രയുടെ നഷ്ടത്തിനു പകരം ചോദിക്കാൻ കാന്താരയിൽ രാത്രിയുദ്ധത്തിനെത്തുന്ന കുലശേഖരൻ കൊല്ലപ്പെടുന്നതും തുടർന്നുള്ള സംഭവബഹുലമായ കഥാഗതിയുമാണു സിനിമ.
ഇതൊക്കെ സിനിമയുടെ ആമുഖം മാത്രം. യഥാർഥ കഥാഗതിയും അതിന്റെ ഉപകഥകളും വഴിത്തിരിവുകളുമെല്ലാം തിയറ്ററിൽ തന്നെ അനുഭവിക്കുന്നതാണു ത്രിൽ. രാജശേഖരനായി ജയറാമും കുലശേഖരനായി ഗുൽഷൻ ദേവയ്യയും കനകവതിയായി രുക്മിണി വസന്തും സ്ക്രീനിൽ പുതുമ നിറയ്ക്കുന്നു.
അനുഭൂതിയുടെ സിരകളിൽ ആവേശത്തിന്റെ ചോരതിളയ്ക്കുന്ന സീനുകളുടെ ഘോഷയാത്ര തന്നെ കാന്താര ചാപ്റ്റർ 1. ബാംഗ്രയിലെ കച്ചവട കേന്ദ്രത്തിലെത്തുന്ന ബെർമ, യുവറാണി കനകവതിയെ തേനീച്ച ആക്രമണത്തിൽ നിന്നു രക്ഷിക്കുന്ന സീനിലാണ് ആവേശത്തുടക്കം.
തുടർന്നു ബാംഗ്രെയുടെ വിരിമാറിലൂടെ ബെർമെയുടെ തേരോട്ട സീക്വൻസുകളുടെ വിസ്മയം. രാജാവിന്റെ കുതിരയെ മെരുക്കുന്ന ബെർമെയുടെ തന്ത്രങ്ങളും തുടർന്നുള്ള സീനുകളും കനകവതിക്കു മുന്നിൽ അയാളുടെ വീരത്വവും നായകപരി വേഷവും അനാവൃതമായ മുഹൂർത്തങ്ങളാകുന്നു.
കദംബ ദേശത്തു നിന്നും കാന്താര മോഹിച്ചെത്തുന്നവരിൽ നിന്നു കാടിനെ രക്ഷിക്കുന്ന പുലിദൈവത്തിന്റെ കിടിലൻ സീക്വൻസുകളാണ് ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ഋഷഭ് ഷെട്ടി എന്ന റൈറ്ററുടെ വേറിട്ട ഭാവനയുടെ ദൃഷ്ടാന്തങ്ങളിലൊന്നാണ് ഈ സീൻ. കാന്താര ചാപ്റ്റർ 1 സിനിമ തന്നെ ഋഷഭ് എന്ന തിരക്കഥാകാരന്റെ വേറിട്ട ഭാവന വിടർത്തിയ പുതുവസന്തമെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല.
കുലശേഖരൻ കാന്താര ആക്രമിക്കുന്ന രാത്രിയുദ്ധ സീനുകളും തീ പടരുന്ന ഫ്രെയിമുകളും അധർമവും ധർമവും തമ്മിലുള്ള പോരാട്ടവും രുദ്രഗുളികൻ, രാഹു ഗുളികൻ, സ്വാമിരാജ ഗുളികൻ...എന്നിങ്ങനെ വിവിധതരം ഗുളികന്മാരാൽ ആവേശിതനായി ബെർമയുടെ പകർന്നാട്ടവുമെല്ലാം പ്രേക്ഷകരെ വിസ്മയലഹരിയിലാഴ്ത്തുമെന്നതിൽ തർക്കമില്ല.
അരവിന്ദ് എസ്.കശ്യപിന്റെ ഛായാഗ്രഹണവും അജനീഷ് ലോകനാഥിന്റെ പാട്ടും പശ്ചാത്തല സംഗീതവും ആ സീക്വൻസുകളെ ആവേശഭരിതമാക്കുന്നു. അർജുൻ രാജിന്റെ ആക്്ഷൻ കൊറിയോഗ്രഫിയും ഋഷഭിന്റെ ഭാര്യ പ്രഗതിയുടെ വസ്ത്രാലങ്കാരവും സിനിമയെ ആകർഷക മാക്കുന്ന ചേരുവകളിൽ പ്രധാനമാണ്.
എടുത്തുപറയേണ്ടതു തന്നെയാണ് ചിത്രത്തിന്റെ ക്ലൈമാക്സിനോട് അടുത്ത പത്തു മിനിറ്റുകൾ. ഈശ്വരന്റെ പൂന്തോട്ടം മോഹിച്ചുവന്ന ദുഷ്ടശക്തികൾക്കു മേൽ തീകോരിയിടുന്ന പുലിദൈവ വിളയാട്ടത്തിന്റെ കാഴ്ചകളിലാണ് പിന്നീടുള്ള കഥകൾ.
കഥയിലും അവതരണത്തിലും മേക്കിംഗ് നിലവാരത്തിലും കാന്താര ഇന്ത്യൻ സിനിമയുടെ നെറുകയിലേക്ക് ഉയരുന്പോൾ മലയാളികൾക്കും അഭിമാനിക്കാൻ വകയേറെയുണ്ട്. മലയാളികളുടെ ജയറാം, കന്നട സിനിമയിലും പാൻ ഇന്ത്യൻ തലത്തിലും വേറുറപ്പിക്കുന്നതിന്റെ കിടിലൻ കാഴ്ചകളാണ് സിനിമയിലുടനീളം. നമ്മുടെ ജയറാം ലൂക്കിലും ഡയലോഗ് ഡെലിവറിയിലും നായകസമാനമായ രാജോചിത പെർഫോമൻസിലും അഭിമാനം പകരുന്ന നിമിഷങ്ങൾ.
ചിത്രത്തിന്റെ ഓഡിയോഗ്രഫി നിർവഹിച്ച എം. ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈൻ ചെയ്ത വിനേഷ് ബംഗ്ലാൻ, കളറിംഗ് വിഭാഗത്തിൽ പ്രവർത്തിച്ച രമേഷ് സി.പി, ശ്രീക് വാര്യർ, സിനിമയുടെ കഥയിലെ നിർണായക വഴിത്തിരിവിൽ വരുന്ന ബ്രഹ്മകലശ സോംഗ്.. അറിയല്ല ശിവനേ ഭക്തിപാതകൾക്കു ഭക്തിസാന്ദ്രമായ അനുഭവവിശേഷം പകർന്ന യുവ ഗായകൻ കെ.എസ്. ഹരിശങ്കറുമെല്ലാം മലയാളത്തിന്റെ അഭിമാനങ്ങൾ തന്നെ.

കാന്താരയിൽ ബ്രഹ്മരക്ഷസുണ്ടോ അതോ എല്ലാം വെറും കഥകളാണോ, ബെർമെയുടെ പിറവിരഹസ്യം, കാന്താരയെന്ന ഈശ്വരന്റെ പൂന്തോട്ടം കാണാനുള്ള കനവതിയുടെ ആഗ്രഹം നിഷ്കളങ്കമാണോ, ജയറാമിന്റെ കഥാപാത്രം രാജശേഖര രാജാവിനു മുഖംമൂടിയുണ്ടോ, കദന്പ ദേശത്തു നിന്നു വന്നവർ കാന്താരയിൽ കണ്ണുവച്ചതെന്തിന്, വഴികാട്ടികളായി വരുന്ന പുലിക്കും ഗംഗാ നദിക്കും കഥയിലുള്ള ഇടമെന്താണ്... ഇതൊക്കെ തിയറ്ററിലെത്തി നേരിട്ടറിയുന്നതാവും ത്രിൽ.
അച്ഛൻ മാഞ്ഞുപോയ ഇടമെന്നു കാന്താരയിലെ പുതുതലമുറയിലെ കുട്ടി പറയുന്നിടത്തു നിന്നാണ് ഈ സിനിമ തുടങ്ങുന്നത്. ആ ഇടത്തിന്റെ ചരിത്രപരമായ കഥയടരുകളാണ് ഈ സിനിമ. അച്ഛൻ മാഞ്ഞുപോയത് ഒരു കിണറ്റിലേക്കാണ്. പക്ഷേ, ഇപ്പോൾ ആ കിണറും മാഞ്ഞിരിക്കുന്നു. ആ കിണർ മാഞ്ഞുപോയതും ഒരു കഥയാണ്. ആ കഥ പറയാൻ വരും, കാന്താര ചാപ്റ്റർ 2 എന്ന് ചെന്തീയുടെ ജ്വലിതകാന്തിയിൽ സ്ക്രീനിൽ തെളിയുന്നു.
ഒപ്പം, ഒറ്റയ്ക്കൊരു പേരും, ഋഷഭ് ഷെട്ടി... കാന്താര സീരിസിന്റെ അഴകും ആത്മാവും നായകനും മേക്കറുമായ ഒരേയൊരു പുലിജന്മപ്പിറവി!