"കരം' പിടിച്ചിരുത്തുന്ന വിനീത് ത്രില്ലർ
ടി.ജി. ബൈജുനാഥ്
Thursday, September 25, 2025 5:29 PM IST
തിരയ്ക്കുശേഷം വീണ്ടും ത്രില്ലർ വൈബിലേക്ക് വിനീത് ശ്രീനിവാസന്റെ ചുവടുമാറ്റം. ഫീൽഗുഡും ഫാമിലി-ഫ്രണ്ട്ഷിപ്പ് ഇമോഷണൽ ക്രിഞ്ചും വാരിവിതറി ഹൃദയം കവർന്ന 12 വർഷങ്ങൾക്കിപ്പുറം ത്രില്ലിംഗ് അനുഭവങ്ങളുടെ തീപ്പൊരി വിതറുകയാണ് കരം എന്ന ഇന്റർനാഷണൽ ത്രില്ലറിലൂടെ വിനീത് ശ്രീനിവാസൻ.
വിദേശ ത്രില്ലറുകളോടു കിടപിടിക്കുന്ന കഥാപശ്ചാത്തലവും കഥപറച്ചിൽ വേഗവും ആകാംക്ഷയുടെ ശ്വാസവേഗം പരകോടിയിലെത്തിക്കുന്ന ആക്ഷൻ സീക്വൻസുകളും വലിച്ചടുപ്പിക്കുന്ന കിടിലൻ ആക്ഷൻ ത്രില്ലർ. വൈശാഖ് സുബ്രഹ്മണ്യത്തിന്റെ മെറിലാൻസ് സിനിമാസും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണു നിർമാണം.
ലെനാർകോയിൽ ഭാര്യ താരയ്ക്കൊപ്പം കോൺഫറൻസിന് എത്തുന്ന മുൻ ഇന്ത്യൻ മേജർ ദേവ് മഹേന്ദ്രൻ അകപ്പെടുന്ന സംഘർഷഭരിതമായ ചില അവസ്ഥകളിലൂടെയാണു കരത്തിന്റെ കഥാസഞ്ചാരം. ഫ്ലാഷ് ബാക്കിൽ തുടങ്ങുന്ന സിനിമ, പ്രേക്ഷകരെ ഒട്ടും മടിപ്പിക്കാത്ത കഥവഴികളിലൂടെ വർത്തമാനകാലത്തെ സസ്പെൻസ് സീനുകളിലേക്ക് അതിവേഗം കൂട്ടിക്കൊണ്ടുപോകുന്നു.
കരത്തിനു കഥയും തിരക്കഥയുമൊരുക്കിയ നോബിൾ ബാബു തോമസാണ് കഥാനായകൻ ദേവ്മഹേന്ദ്രൻ. നായകവേഷത്തിൽ പുതുമുഖമെങ്കിലും 2019-ൽ റിലീസായ ഹെലൻ സിനിമയുടെ സഹതിരക്കഥാകൃത്തായി നോബിൾ മുന്നേ സിനിമയിലുണ്ട്. ഹെലൻ സിനിമയിൽ ഹെലന്റെ ബോയ്ഫ്രണ്ടിന്റെ വേഷവും നോബിൾ ചെയ്തിരുന്നു. ഒന്നുറപ്പിക്കാം. മലയാള സിനിമയ്ക്കു നോബിൾ ബാബു തോമസ് എന്ന പ്രോമിസിംഗ് നായകനെയും ത്രില്ലിംഗ് തിരക്കഥാകൃത്തിനെയുമാണ് സിനിമ സമ്മാനിക്കുന്നത്.
പുതുമുഖമെങ്കിലും ഇന്നത്തെ ജീവിത പരിസരങ്ങളിൽ എവിടെയോ നമുക്കു പരിചിതനായ ഒരാളെപ്പോലെ നോബിളിന്റെ നായക കഥാപാത്രം ദേവ് മഹേന്ദ്രൻ നമ്മളെ കഥയിലേക്കു കൈപിടിച്ചു കൊണ്ടുപോകുന്നു. അത്രമേൽ ഹൃദയം തൊടുന്നതാണ് ദേവിന്റെ ഭൂതകാലവും അയാൾക്ക് അത്രപെട്ടെന്ന് ഉപേക്ഷിക്കാനാവാത്ത വൈകാരിക അടുപ്പങ്ങളും. ആക്ഷൻ സീനുകളിൽ മാത്രമല്ല കഥാഗതിയിലെ വൈകാരിക മുഹൂർത്തങ്ങളിലും നോബിളിന്റെ സ്ക്രീൻ പ്രസൻസ് എടുത്തുപറയാതെ വയ്യ.
കരം അനൗൺസ് ചെയ്തപ്പോൾ മുതൽ ശ്രദ്ധിക്കപ്പെട്ട കാസ്റ്റിംഗുകളിൽ മുന്നിലാണ് കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ ആശാൻ എന്ന് അറിയപ്പെടുന്ന ഇവാന് വുകോമനോവിച്ചിന്റേത്. കരത്തിന്റെ കഥാഗതിയിൽ ഏറ്റവും നിർണായക സന്ദർഭങ്ങളൊരുക്കുന്ന ആന്ദ്രേ നിക്കൊലെ എന്ന നിർണായക വേഷത്തിൽ ഇവാൻ ആശാൻ കസറുന്നു. ആ വേഷത്തിന്റെ സസ്പെൻസും ട്വിസ്റ്റും ലെനാർകോയിലെ ഔൾ സിറ്റി ക്ലബ്ബും ഇവാൻ ആശാനും തമ്മിലുള്ള ബന്ധവും സിനിമ കണ്ടുതന്നെയറിയണം.
കഥാഗതിയിലും കഥാമൂഹൂർത്തങ്ങളിലും ക്ലൈമാക്സിലുമുൾപ്പെടെ സ്ത്രീകഥാപാത്രങ്ങൾക്കു നിർണായക പങ്കുള്ള സിനിമയാണു കരം. ചിത്രത്തിൽ രണ്ടു നായികമാർ. ദേവ് മഹേന്ദ്രന്റെ ഭാര്യ താരയുടെ വേഷത്തിലെത്തുന്ന രേഷ്മ സെബാസ്റ്റ്യനും ദേവിന്റെ വൈകാരിക ജീവിതത്തിൽ നിർണായക പങ്കുള്ള സനയായി വേഷമിടുന്ന ഓഡ്രി മിറിയവും.
പുതുമുഖങ്ങളെങ്കിലും ഇരുവരുടെയും പെർഫോമൻസ് കഥയോടും കഥാസന്ദർഭങ്ങളോടും നീതിപുലർത്തുന്നതായി. അതിലെ സസ്പെൻസും ഇവരുടെ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും സിനിമ കണ്ടുതന്നെയറിയണം.
എടുത്തുപറയേണ്ട സ്ത്രീ കഥാപാത്രങ്ങളിൽ ഒരാൾകൂടിയുണ്ട്. നന്ദിതാ ബോസ് എന്ന പ്രൗഢോജ്വല വേഷത്തിലെത്തുന്ന ശ്വേതാമേനോൻ. ക്ലൈമാക്സിലേക്കു നയിക്കുന്ന കഥയിലെ ട്വിസ്റ്റുകളിൽ നിർണായ പങ്കുള്ള കഥാപാത്രം. അതിന്റെ ഫ്ലാഷ് ബാക്ക് വിശേഷവും സിനിമ കണ്ടുതന്നെയറിയണം.
കഥാഗതിയിൽ നിർണായക പങ്കുള്ള നാലുപേർ കൂടിയുണ്ട്. മനോജ് കെ. ജയൻ, ജോണി ആന്റണി, കലാഭവൻ ഷാജോൺ, ബാബുരാജ് എന്നിവരും ലെനാർക്കോയിലെ ത്രില്ലർ വഴികളിൽ കാന്പുള്ള വേഷങ്ങളിലാണ്. കഥയുടെ വഴിത്തിരുവുകളിൽ നിർണായക പങ്കുള്ള കഥാപാത്രമാണ് മനോജ് കെ. ജയന്റെ മഹേന്ദ്രൻ.
ഒരു ഫ്ലാഷ്ബാക്ക് സീനിൽ ഡയലോഗ് ഡെലിവറിയിലൂടെ ജോണി ആന്റണിയുടെ കഥാപാത്രം അബ്ദുള്ള ഒരു പൊടി നർമം തൊടുന്നുവെങ്കിലും പിന്നീടങ്ങോട്ട് കഥാസന്ദർഭങ്ങളുടെ പ്രത്യേകത കാരണം അല്പം സീരിയസാണ്.
ഷാജോണും ബാബുരാജും ഡയലോഗിലും മാനറിസങ്ങളിലും അവിടവിടെ ഒരല്പം നർമം പകരുന്നത് കഥയുടെ പിരിമുറുക്കത്തിൽ ആശ്വാസമാകുന്നുണ്ട്. പക്ഷേ, ഈ കഥയിൽ നർമത്തിനല്ല പ്രാധാന്യം. അത്രമേൽ സംഘർഷഭരിതമാണ് കരത്തിന്റെ കഥവഴി.
കഥാപശ്ചാത്തലത്തിലേക്ക് നമ്മളെ വലിച്ചടുപ്പിക്കുന്നതിൽ ഷാൻ റഹ്മാൻ മ്യൂസിക്കിന് എടുത്തുപറയേണ്ട പങ്കുണ്ട്. ജോർജിയൻ, അസർബൈജാൻ, റഷ്യൻ ലൊക്കേഷനുകളുടെ ഭംഗി പകർത്തിയ ജോമോൻ ടി. ജോൺ കാമറക്കാഴ്ചകളും സിനിമയ്ക്കു ഇന്റർനാഷണൽ ലുക്ക് പകരുന്നു.
സംഘർഷഭരിതമായ രണ്ടേകാൽ മണിക്കൂർ കഥയിൽ ആരാണു രക്ഷാകരമാകുന്നത്, എന്താണു ദൈവകരം എന്നൊക്കെ തിയറ്ററിൽ കണ്ടറിയുന്നതാണു ത്രിൽ. ഈ സിനിമയുടെ പഞ്ചാബി ഹൗസ്, രജനികാന്ത് കണക്ഷനുകളും സിനിമ കണ്ടുതന്നെയറിയണം.
ഒന്നുറപ്പിക്കാം, വിനീതിനു ചുവടുപിഴച്ചില്ല. കരത്തിലൂടെ ത്രില്ലർ ചിത്രങ്ങളുടെ തീപ്പൊരിക്കളത്തിൽ വീണ്ടും ചുവടുറപ്പിക്കുകയാണ് വിനീത് ശ്രീനിവാസൻ. ധൈര്യമായി കുടുംബസമേതം കരത്തിനു ടിക്കറ്റെടുക്കാം, കാത്തിരിക്കുകയാണ് ഉദ്വേഗ ജനകമായ കഥാപരിസരങ്ങളിലേക്കു നിങ്ങളെ വലിച്ചടുപ്പിക്കുന്ന ഒരുഗ്രൻ ത്രില്ലർ.
ത്രില്ലിംഗ് കഥപറയുന്പൊഴും ഏതൊരാളുടെയും കണ്ണു നയ്ക്കുന്ന കുടുംബ ബന്ധങ്ങളും പറിച്ചെറിയാമെന്നു കരുതിയാലും വിട്ടുപോകാത്ത അച്ഛൻ-മകൻ, അച്ഛൻ-മകൾ ബന്ധങ്ങളുടെ ആർദ്രതയും കരം പ്രേക്ഷകരെ അനുഭവിപ്പിക്കുന്നു.