"മിനിമം' പോലുമില്ലാത്ത കൂലി
സിബിൾ ജോസ്
Monday, August 18, 2025 11:02 AM IST
കൂലി സിനിമ എങ്ങനെയെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാൻ കഴിയുക മിനിമം ചിത്രമെന്നോ അതിലും താഴെയെന്നോ മാത്രമാണ്. പ്രതീക്ഷകളുടെ അമിതഭാരം ഇല്ലെങ്കിൽ കൂടി രജനികാന്തിലും ലോകേഷ് കനകരാജിലുമുള്ള വിശ്വാസം തകർന്നടിഞ്ഞൊരു ചിത്രമാണ് കൂലി.
ലോകേഷ് ഒരുക്കിയ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും മോശം സിനിമ. സൂപ്പർ സ്റ്റാറുകൾ അഴിഞ്ഞാടിയ ചിത്രത്തിൽ ഇവരൊക്കെ എന്തിനായിരുന്നു എന്ന ചോദ്യം വീണ്ടും ചിന്തിക്കേണ്ടി വരുന്നു. എന്നാൽ സൗബിൻ ഷാഹീർ ചിത്രത്തിലുടനീളം മികച്ച പെർഫോമൻസ് കാഴ്ച വച്ചത് കൈയടി നേടുന്നു.
സിനിമ കൊള്ളാമോ എന്നു ചോദിച്ചാൽ ഇതല്ല പ്രതീക്ഷിച്ചത് എന്നൊരു ഉത്തരമാണ് നൽകാനുള്ളത്. അല്ലെങ്കിൽ രജനികാന്ത് സിനിമ കാണുമ്പോൾ നമ്മുടെ മനസിലുള്ള ലോജിക്കുകളെല്ലാം മടക്കി വച്ചിട്ടുപോയാൽ ഇത് കൊള്ളാം. അത്രമാത്രം. എന്നാൽ ലോകേഷ് കനകരാജ് എന്ന സംവിധായകനിൽ നിന്നും പ്രേക്ഷകർ ഇതല്ല പ്രതീക്ഷിച്ചിരുന്നതെന്ന് ഉറപ്പാണ്. പാളിപ്പോയ കഥയും തിരക്കഥയുമാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ.

രജനികാന്തിനൊപ്പം നാഗർജുനയും ഉപേന്ദ്രയും ഒടുവിൽ കോളം തികയ്ക്കാൻ എന്ന പോലെ ആമിർ ഖാനും എത്തുന്നുണ്ട്. എന്നാൽ വലിയ ഇൻട്രോയിലാണ് ആമിറിനെയും ഉപേന്ദ്രയും അവതരിപ്പിച്ചതെങ്കിലും ആ കാമിയോ റോളുകൾ എന്തിനായിരുന്നുവെന്ന് ഇന്നും പിടികിട്ടാത്ത വസ്തുതയാണ്.
ചെന്നൈയിൽ ദേവാസ് മാൻഷൻ എന്ന പേരിൽ ഒരു ലോഡ്ജ് നടത്തുന്ന ദേവയാണ് നായകൻ. വാർഡന്റെ നിയന്ത്രണങ്ങളാണ് ലോഡ്ജിലെ പ്രധാനകാര്യം. ഹോസ്റ്റലിൽ മദ്യം കയറ്റാൻ പാടില്ല എന്നത് അതിലെ നല്ലകാര്യങ്ങളിലൊന്നാണ്. ഇങ്ങനെ ലോഡ്ജും കാര്യങ്ങളുമായി ജീവിക്കുന്നതിനിടയിലാണ് 30 വർഷങ്ങൾക്കുമുൻപ് വേർപിരിഞ്ഞ പഴയകാല സുഹൃത്ത് രാജശേഖർ വിശാഖപട്ടണത്ത് മരിച്ച വിവരം ദേവ അറിയുന്നത്.
ആ മരണം സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും തിരിച്ചറിയുന്നതോടെ ദേവ പ്രതികാരത്തിനിറങ്ങുകയാണ്. ആരാണ് ദേവയെന്നും ആരാണ് രാജശേഖറെന്നും അവരെന്തിനാണ് പഴയകാലത്തെ കൈയിലിരിപ്പുകൾ മറന്ന് സാധാരണക്കാരായി ജീവിക്കുന്നതെന്നുമാണ് ചിത്രം പറയുന്നത്.

രജനികാന്തിന്റെ സ്റ്റൈലുകളോ ഡയലോഗുകളോ ഒന്നും ആവേശമുണർത്തുന്നില്ലെന്ന് മാത്രമല്ല ചില കഥാപാത്രങ്ങളൊക്കെ എന്തിനാണ് വന്നുപോയതെന്ന തോന്നലുകൾ പോലും കൂലി സമ്മാനിക്കുന്നുണ്ട്.
ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം സൗബിൻ ഷാഹിറിന്റെ മുഴുനീള കഥാപാത്രമാണ്. കല്യാണിയായെത്തിയ രജിത റാമിന്റെ പ്രകടനവും കൊള്ളാം. എന്നാൽ ശ്രുതി ഹസൻ സ്ഥിരം ഒരേ ശൈലിയിലുള്ള കഥാപാത്രം പോലെ തന്നെ കൂലിയിലും അനുഭവപ്പെടുന്നു. ചില ട്വിസ്റ്റുകൾ ചിത്രത്തിലുണ്ടെങ്കിലും പലതും ഒരുപാട് സിനിമകളിൽ കണ്ട് പഴകിയതാണ്. സിനിമയുടെ ആദ്യ പകുതിയും രണ്ടാം പകുതിയും വളരെ മന്ദഗതിയിലായിരുന്നു.

മലയാളിയായ ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണമികവാണ് എടുത്തു പറയാവുന്ന മറ്റൊന്ന്. മികച്ച ബാക്ക്ഗ്രൗണ്ട് സ്കോറുണ്ടെങ്കിലും അനിരുദ്ധിന്റെ പാട്ടുകൾക്ക് സിനിമയിൽ വലിയൊരു ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
ഉപേന്ദ്രയുടെ ആക്ഷൻ സീക്വൻസുകൾ തിയറ്ററിൽ ഓളം സൃഷ്ടിക്കുന്നുണ്ട്. പ്രേക്ഷകർ കാത്തിരുന്ന ആമിർഖാന്റെ വരവാണ് ചിത്രത്തിന്റെ മറ്റൊരു ടേണിംഗ് പോയന്റ്. ആമിറിന്റെ ഇൻട്രോയും സ്റ്റൈലും കൈയടി വാങ്ങി കോരിത്തരിപ്പിച്ചെങ്കിലും യാതൊരു ഇംപാക്ടും ഉണ്ടാക്കാൻ സാധിച്ചില്ലെന്നതാണ് വാസ്തവം.
കുറച്ചുകൂടി നല്ല കഥയാക്കി ഇതിനെ മാറ്റിയിരുന്നെങ്കിൽ ഫുൾ കൂലിയായി ഇത് മാറുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ ചിത്രം മിനിമം കൂലിയോ അല്ലെങ്കിൽ ആവേറജ് കൂലിയോ മാത്രമാണ്.