കാസർഗോഡ്: കെഎസ്ആർടിസിയിലെ പ്രിയദർശിനി സൗജന്യയാത്ര സ്വകാര്യ ബസ് സർവീസുകളെ അക്ഷരാർത്ഥത്തിൽതന്നെ ഇല്ലാതാക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങുന്നു. ജില്ലയിൽ ഈ മാസം ഇതുവരെ 10 സ്വകാര്യ ബസ് ഉടമകളാണ് സർവീസ് നിർത്തിവയ്ക്കുന്നതിനായി ആർടിഒ മുമ്പാകെ ജി-ഫോം സമർപ്പിച്ചത്. നേരത്തേ അടച്ച ത്രൈമാസ നികുതിയുടെ കാലാവധി തീരുന്ന 30ന് സർവീസ് അവസാനിപ്പിക്കാനാണ് ഇവരുടെ തീരുമാനം.
സർവീസ് പൂർണമായി നിർത്തിവയ്ക്കേണ്ടിവരുമ്പോൾ മോട്ടോർവാഹന വകുപ്പിന്റെ നിയമപ്രകാരം തുടർന്നുള്ള റോഡ് നികുതി ഒഴിവാക്കിക്കിട്ടുന്നതിനാണ് ജി-ഫോം സമർപ്പിക്കേണ്ടത്. ഇതു സമർപ്പിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട സ്വകാര്യ ബസ് ഓട്ടം നിർത്തിയതായി ഔദ്യോഗികരേഖയിൽ അടയാളപ്പെടുത്തും.
പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഡീസലിന്റെ വില വീണ്ടും കൂടിയതോടെ സ്വകാര്യ ബസ് വ്യവസായം നഷ്ടത്തിലേക്കു നീങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം പകുതിയിലും താഴെയായി കുറഞ്ഞത്.
സ്ത്രീ യാത്രക്കാർ നാമമാത്രമായി മാത്രമാണ് ഇപ്പോൾ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. കെഎസ്ആർടിസി ഓടാത്ത റൂട്ടുകളിൽ നിന്നുപോലും ദേശീയപാതയിലെത്തുന്നതുവരെ മാത്രം സ്വകാര്യ ബസുകളിൽ വന്ന് അവിടെ വച്ച് കെഎസ്ആർടിസിയിലേക്ക് മാറിക്കയറുകയാണെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാക്കൾ പറയുന്നു.
ഇതിനൊപ്പം പല സ്വകാര്യ ബസുകളും ട്രിപ്പുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. കുറച്ചെങ്കിലും യാത്രക്കാരെ കിട്ടുന്ന രാവിലെയും വൈകിട്ടുമുള്ള ട്രിപ്പുകളിൽ ബസ് ഓടിച്ച് ഇടയ്ക്കുള്ള ട്രിപ്പുകളെല്ലാം ഒഴിവാക്കുകയാണ് ചെയ്യുന്നത്. സ്ഥിതിഗതികൾ ഇതേപോലെ തുടർന്നാൽ വരുംദിവസങ്ങളിൽ കൂടുതൽ ബസുകൾ ഓട്ടം നിർത്താനാണ് സാധ്യതയെന്ന് ഉടമകൾ പറയുന്നു.
Tags : 10 owners Nattuvishesham District news