കട്ടപ്പന: നിര്‍ദിഷ്ട കുയിലിമല-നിര്‍മലാസിറ്റി-കട്ടപ്പന 220/110 കെവി ഹൈടെന്‍ഷന്‍ ലൈന്‍ സ്ഥാപിക്കലിന്റെ ഭാഗമായി വെള്ളയാംകുടിയില്‍ നടന്നുവന്ന ടവര്‍ നിര്‍മാണം പോലീസ് നിര്‍ത്തിവയ്പിച്ചു. 2024ലെ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം അര്‍ഹമായ നഷ്ടപരിഹാരം നല്കി നിര്‍മാണം നടത്തണമെന്ന എഡിഎമ്മിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി നടത്തിവന്ന കെഎസ്ഇബിയുടെ ജോലികളാണ് തടഞ്ഞത്.
വെള്ളയാംകുടി സ്വദേശികളായ വയോദമ്പതികളെ തെറ്റിദ്ധരിപ്പിച്ച് നഷ്ടപരിഹാരം നല്‍കാതെ ടവര്‍ നിര്‍മാണം നടത്തിവരികയായിരുന്നു. 2025 ഡിസംബറില്‍ സ്ഥലമുടമകള്ക്കെതിരേ കെഎസ്ഇബി, എഡിഎമ്മിന് പരാതി നല്‍കിയിരുന്നു. ലൈന്‍ കടന്നുപോകുന്ന മേഖലകളിലെ സ്ഥലമുടമകള്‍ ഇതില്‍ കക്ഷിചേര്‍ന്നു. തുടര്‍ന്ന്, ഭൂവുടമകള്‍ക്ക് അനുകൂലമായാണ് എഡിഎം ഉത്തരവിട്ടത്. ഇതു നിലനില്‍ക്കേ നിര്‍മാണജോലികള്‍ നടത്തുന്നത് നാട്ടുകാര്‍ ചോദ്യംചെയ്തു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി രേഖകള്‍ പരിശോധിച്ചശേഷം നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
2024ലെ കേന്ദ്രനിയമപ്രകാരം 66 കെവി മുതലുള്ള ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കലിനും ടവര്‍ നിര്‍മാണത്തിനും സ്ഥലത്തിന്റെ 200 ശതമാനവും റൈറ്റ് ഓഫ് വേയില്‍ 30 ശതമാനം മാര്‍ക്കറ്റ് വിലയും കാര്‍ഷികവിളകള്‍ക്ക് മൂല്യത്തിന്റെ അടിസ്ഥാനവിലയും ഉടമയ്ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ജോയിന്റ് വേരിഫിക്കേഷന് നടത്തി പരാതി പരിഹരിച്ച് പണം മുന്‍കൂര്‍ ഉടമയ്ക്ക് നല്‍കിയശേഷമേ നിര്‍മാണം പാടുള്ളൂവെന്നാണ് നിയമം. ഇതു ലംഘിച്ചാണ് വെള്ളയാംകുടിയില്‍ ഉള്‍പ്പെടെ ജോലികള്‍ നടത്തിവന്നത്.
സ്ഥലമുടമകള്ക്കായി അഡ്വ. ജോര്‍ജി ജോര്‍ജ് പാലിയത്ത് ഹാജരായതായും പരാതിക്കാരായ ജ്യോതിസ് സെബാസ്റ്റ്യന്‍, കെ.എ. ജോണി, പ്രിനോ സ്കറിയ, ഷൈജു ജോസഫ് എന്നിവര്‍ പറഞ്ഞു.
Tags : nattuvishesham district news