പ്രതീകാത്മക ചിത്രം
കൂത്താട്ടുകുളം: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന് കീഴില്‍ വിജയകരമായി 501 വിനോദയാത്രകള്‍ പൂര്‍ത്തിയാക്കി കൂത്താട്ടുകുളം ഡിപ്പോ. 1550 ദിവസങ്ങള്‍ കൊണ്ടാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. വിവിധ പ്രദേശങ്ങളില്‍ നിന്നായി 20,000 ഓളം യാത്രികര്‍ ഇതിന്റെ ഭാഗമായി.
2022 ഏപ്രില്‍ 10 നാണ് കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്ന് ആദ്യ ബജറ്റ് ടൂറിസം ട്രിപ്പ് ആരംഭിച്ചത്. കോതമംഗലത്തിന് ശേഷം രണ്ടാമതായാണ് കൂത്താട്ടുകുളത്ത് പദ്ധതി തുടങ്ങിയതെങ്കിലും, ഇന്ന് സംസ്ഥാനത്ത് തന്നെ ബജറ്റ് ടൂറിസത്തിലൂടെ ഏറ്റവും കൂടുതല്‍ വരുമാനം കണ്ടെത്തുന്ന മുന്‍നിര ഡിപ്പോകളില്‍ ഒന്നായി കൂത്താട്ടുകുളം മാറി.
കേരളത്തിനകത്തും പുറത്തുമായി നിരവധി പ്രമുഖ വിനോദസഞ്ചാര, തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് കൂത്താട്ടുകുളത്ത് നിന്ന് സര്‍വീസുകള്‍ നടത്തിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിലേക്ക് നടത്തിയ ദീര്‍ഘദൂര യാത്രകളില്‍ പ്രധാനപ്പെട്ടത് മൂകാംബികയിലേക്കുള്ള ട്രിപ്പായിരുന്നു. ഇതുകൂടാതെ മൂന്നാര്‍, വാഗമണ്‍, ഗവി, മലക്കപ്പാറ, കടലുണ്ടി, മലമ്പുഴ, പരുന്തുംപാറ, രാമക്കല്‍മേട്, പൊന്മുടി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്കും കൊട്ടിയൂര്‍, പഞ്ചപാണ്ഡവ ക്ഷേത്ര യാത്ര, നാലമ്പലദര്‍ശനം, ആഴിമല, ആറ്റുകാല്‍ തുടങ്ങിയ പ്രശസ്ത തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും കൂത്താട്ടുകുളത്ത് നിന്നും സര്‍വീസുകളുണ്ട്.
ഒരു ഡ്രൈവറും കണ്ടക്ടറും അടങ്ങുന്ന സംഘമാണ് ഓരോ ട്രിപ്പും കോ-ഓർഡിനേറ്റ് ചെയ്യുന്നത്. കൂത്താട്ടുകുളം എടിഒ എ.ടി. ഷിബു, ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ കെ.ആര്. രോഹിണി, ബിറ്റിസി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകം, യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ സി.എസ്. രാജീവ് കുമാര്‍ എന്നിവരുടെ ഏകോപനമാണ് ഈ വന്‍ വിജയത്തിന് പിന്നിൽ.
Tags : Nattuvishesham LocalNews