ആറന്മുള ഉത്രട്ടാതി ജലോത്സവം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
ആറന്മുള: ആറന്മുള നെട്ടായത്തിൽ ജലമേളയിൽ അണിനിരന്നത് 51 പള്ളിയോടങ്ങൾ. പന്പാനദിയുടെ ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള കരകളിലെ പള്ളിയോടങ്ങൾ ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും പങ്കെടുത്തു. മുത്തുക്കുടയും കൊടിയും അമരച്ചാർത്തുമായി ആറന്മുള ക്ഷേത്രക്കടവിൽ എത്തിയശേഷം പള്ളിയോടങ്ങൾ ഒന്നൊന്നായി ജലഘോഷയാത്രയ്ക്കായി അണിനിരന്നു.
ബി ബാച്ചിലെ രണ്ട് ഗ്രൂപ്പുകൾ ക്ഷേത്രക്കടവിൽ നിന്നു തന്നെ ജലഘോഷയാത്ര ആരംഭിച്ചു. ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്ത ഉടൻ തിരുവോണത്തോണിക്ക് അകന്പടിയായി ക്ഷേത്രക്കടവിൽ നിന്നു നീങ്ങിയ നാലു വീതമുള്ള രണ്ട് ഗ്രൂപ്പുകൾ സത്രക്കടവിൽ ചവിട്ടി തിരിച്ച് മുകളിലേക്ക് തുഴഞ്ഞു നീങ്ങി. പിന്നാലെ സത്രക്കടവിനു താഴെ കാത്തുകിടന്ന പള്ളിയോടങ്ങൾ ബാച്ച് അടിസ്ഥാനത്തിൽ നാല് വീതമുള്ള ഗ്രൂപ്പുകളായി ജലഘോഷയാത്രയായി പന്പാനദിയിലൂടെ നീങ്ങി.
51 പള്ളിയോടങ്ങളാണ് ജലഘോഷയാത്രയില് പങ്കെടുത്തത്. എ ബാച്ചിൽപെട്ട 35 പള്ളിയോടങ്ങളും ബി ബാച്ചിൽപെട്ട 16 പള്ളിയോടങ്ങളും പങ്കെടുത്തു.
എ ബാച്ച് പള്ളിയോടങ്ങൾ ഒന്പത് ഗ്രൂപ്പുകളായും ബി ബാച്ച് പള്ളിയോടങ്ങൾ നാല് ഗ്രൂപ്പുകളായും തിരിഞ്ഞാണ് ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും പങ്കെടുത്തത്. പള്ളിയോടങ്ങൾ പന്പാനദിയിൽ നിറഞ്ഞൊഴുകിയത് കാണികൾക്ക് നയന മനോഹാരിത പകർന്നു. പന്പാനദി ജലസന്പുഷ്ടമായിരുന്നതും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. മഴ മാറി തെളിഞ്ഞു നിന്ന അന്തരീക്ഷമായിരുന്നു. ഉപരാഷ്ട്രപതിയുടെ സന്ദർശനം കാരണം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും മത്സര വള്ളംകളി ആരംഭിച്ചതോടെ ഇരുകരകളിലും തിങ്ങി നിറഞ്ഞ് കാണികളെത്തി. ആറന്മുള വഴിയുള്ള ബസുകൾ വഴിതിരിച്ചുവിട്ടിരുന്നു. വിവിധ പാർക്കിംഗ് ഗ്രൗണ്ടുകൾ കേന്ദ്രീകരിച്ച് കെഎസ്ആർടിസി ആറന്മുളയിലേക്ക് ബസ് സർവീസുകൾ ക്രമീകരിച്ചത് ആളുകൾക്ക് സഹായകരമായി. ഉപരാഷ്ട്രപതി മടങ്ങിയതോടെ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിനു പിന്നാലെ പ്രധാന പലിയനുകളിലടക്കം ആളുകൾ തിങ്ങിക്കൂടി.
ആറന്മുള ജലോത്സവം ദേശീയോത്സവമായി മാറണം: ഉപരാഷ്ട്രപതി
ആറന്മുള: ഉത്രട്ടാതി ജലോത്സവം കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും ഭക്തിയുടെയും കാലാതീതമായ പാരമ്പര്യത്തിന്റെയും പ്രതീകമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ആറന്മുളയിൽ പന്പാനദിയുടെ നെട്ടായത്തിൽ ഇന്നലെ നടന്ന ഉത്രട്ടാതി ജലോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആറന്മുളയിലേത് ദേശീയോത്സവമായി മാറാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ നടത്തണം. ടൂറിസം മേഖലയിലുള്ള സാധ്യത പരമാവധി പ്രയോജനപ്പെടുത്തി പദ്ധതികൾ തയാറാക്കി കേന്ദ്ര സർക്കാരിനു നൽകണമെന്നും ഉപരാഷ്ട്രപതി നിർദേശിച്ചു. നൂറ്റാണ്ടുകളായി ആറന്മുള വള്ളംകളി ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നു. സാംസ്കാരിക, വിനോദസഞ്ചാര ഭൂപടത്തിൽ ആറന്മുളയ്ക്ക് ശ്രദ്ധേയമായ സ്ഥാനം നൽകാൻ കഴിഞ്ഞു. നമ്മുടെ പാരമ്പര്യങ്ങൾക്ക് ആളുകളെ ഒന്നിപ്പിക്കാനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും അസാധാരണമായ കഴിവുണ്ടെന്ന് ഉത്സവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു. ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, റോജി എം. ജോൺ, ആന്റോ ആന്റണി എംപി, അബിൻ വർക്കി എംഎൽഎ, സേവാസഘം പ്രസിഡന്റ് കെ.വി. സാംബദേവൻ എന്നിവർ ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.
Tags : NattuVishesham DistrictNews