ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിച്ചിലില്‍ വീണ കൂറ്റന്‍ കല്ലുകള്‍.
കോട്ടയം: പ്രളയത്തില്‍ ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ 42 ഇടങ്ങളിലാണു മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനൊപ്പം കൂറ്റന്‍ പാറക്കല്ലുകളും റോഡിലേക്ക് പതിച്ചിരുന്നു. മണ്ണുമാറ്റലും പാറപൊട്ടിക്കലും റോഡില്‍ നടന്നുവരികയാണ്. രണ്ടു ദിവസം റോഡില്‍ പൂര്‍ണമായും ഗതാഗതം തടസപ്പെട്ടിരുന്നു.
തീക്കോയി ചാത്തപ്പുഴ മുതല്‍ വഴിക്കടവ് വരെയുള്ള ഭാഗത്താണു മണ്ണിടിച്ചിലേറെയുമുണ്ടായത്. ഒരാള്‍ പൊക്കമുള്ള പാറക്കഷ്ണങ്ങളാണ് റോഡിലേക്ക് പതിച്ചത്. ഇവ നിരനിരയായി റോഡിന്റെ ഒരു വശത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇതു പൊട്ടിച്ചു മാറ്റുന്ന ശ്രമകരമായ ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാഴ്ചയെങ്കിലും വേണ്ടിവരും റോഡിലെ മണ്ണും കല്ലും പൂര്‍ണമായി നീക്കം ചെയ്യാന്‍. റോഡിന്റെ ചെങ്കുത്തായ ഭാഗത്തുനിന്നു റോഡിലേക്ക് മണ്ണിടിയുകയായിരുന്നു. പലയിടങ്ങളിലും റോഡ് താഴേക്ക് ഇടിഞ്ഞിട്ടുണ്ട്.
വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പലയിടത്തും ടാറിംഗ് പൊളിഞ്ഞുപോയിട്ടുമുണ്ട്. ചാത്തപ്പുഴ മുതല്‍ വഴിക്കടവു വരെയുള്ള ഭാഗത്ത് ഇനിയും കൂറ്റന്‍ പാറക്കല്ലുകള്‍ അപകടാവസ്ഥയിലുണ്ട്. രാപകൽ വ്യത്യാസമില്ലാതെ ദിവസവും നൂറുകണക്കിനു വാഹനങ്ങള്‍ ഈ വഴി കടന്നുപോകുന്നതാണ്. അതിതീവ്രമഴ സമയത്ത് റോഡിലൂടെയുള്ള രാത്രിയാത്ര നിരോധിക്കുന്നതല്ലാതെ മറ്റു സുരക്ഷയൊന്നും ഒരുക്കിയിട്ടില്ല. അപകടാവസ്ഥയിലായ പാറക്കൂട്ടങ്ങള്‍ പൊട്ടിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അനധികൃതമായ കൈയേറ്റങ്ങള്‍ നിരവധിയാണുള്ളത്. ചെങ്കുത്തായ കുന്നുകള്‍ ഇടിച്ചുനിരത്തി യാതൊരു മാനദണ്ഡവുമില്ലാതെയാണു കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. ഇതിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കൈയറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഓണാവധിക്കാലത്ത് വാഗമണിലെ വിനോദസഞ്ചാരത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ധാരാളംപേര്‍ എത്തുന്നതാണ്. ഇതിനു മുന്നോടിയായി റോഡ് പൂര്‍ണമായും ഗതാഗതയോഗ്യമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Tags : Nattuvishesham Local News difficult task Erattupetta-Vagamon road