പടിഞ്ഞാറെക്കര ഓണത്തോടിയിൽ വിഷ്ണുവിനും കുടുംബത്തിനും ഇനി സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ കഴിയാം. സ്വന്തമായി ഭൂമിപോലുമില്ലാത്ത കുടുംബത്തിന് നാല് സെന്റ് സ്ഥലം കണ്ടെത്തിനൽകിയതിനു പിന്നാലെ ആരംഭിച്ച സ്വപ്നഭവനമാണ് 9.5 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയത്. ലൈഫ് ഭവന പദ്ധതിയിൽനിന്നുള്ള നാല് ലക്ഷം രൂപയ്ക്കു പുറമെ ആവശ്യമായ 5.5 ലക്ഷം രൂപ സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രവർത്തകരിൽനിന്നും ബഹുജനങ്ങളിൽനിന്നും സമാഹരിച്ചാണ് വീട് യാഥാർഥ്യമാക്കിയത്.
ഇന്ന് രാവിലെ 11ന് മുൻ മന്ത്രി വി.എൻ. വാസവൻ വിഷ്ണുവിനും കുടുംബത്തിനും വീടിന്റെ താക്കോൽ കൈമാറും.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരുന്ന വിഷ്ണുവിന് ചികിത്സാചെലവിനായി നാട്ടുകാർ കൈകോർത്ത സമയത്താണ് സ്വന്തമായി വീടില്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടത്. വിഷ്ണുവിന്റെ ചികിത്സയ്ക്കും കുടുംബത്തിന്റെ പുനരധിവാസത്തിനുമായി ആവശ്യമായ ഇടപെടലുകൾ പ്രദേശത്തെ സി പി എം നേതാക്കളുടെ അഭ്യർത്ഥനപ്രകാരം വി. എൻ.വാസവൻ നടത്തിയിരുന്നു. കുടുംബത്തിന് സ്വന്തമായി വീട് നിർമിക്കുന്നതിന് വൈക്കപ്രയാർ സ്വദേശിയും ജന്റിൽമാൻ ചിറ്റ്സിന്റെ മാനേജിംഗ് ഡയറക്ടറുമായ ബാബുകേശവനാണ് നാല് സെന്റ് സ്ഥലം വാങ്ങി നൽകിയത്.