കോട്ടയം: കേരള പഞ്ചായത്ത് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. തടയണകളിലെ മണൽ വാരുന്നതിനും, പഞ്ചായത്തുകൾ സ്ഥലം വാങ്ങുന്ന പക്ഷം കുളം കുത്തി കെട്ടുന്നതിനും മോട്ടോർ വാങ്ങുന്നതിനും എംഎൽഎ ഫണ്ട് അനുവദിക്കാവുന്നതാണെന്നു മന്ത്രി പറഞ്ഞു. ജൽ ജീവൻ മിഷൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു പുനരുദ്ധരിച്ചതിന്റെ പണം പഞ്ചായത്തുകൾക്ക് നൽകേണ്ടത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും.
നദികളിൽ നിന്നും മണൽ നീക്കം ചെയ്യുമ്പോൾ കിട്ടുന്ന വരുമാനത്തിന്റെ വിഹിതം നിർദിഷ്ട പഞ്ചായത്തുകൾക്ക് നൽകണമെന്ന് അധ്യക്ഷർ ആവശ്യപ്പെട്ടു. ജനപ്രതിനിധികൾക്ക് വർധിപ്പിച്ച ഓണറേറിയം മുൻകാല പ്രാബല്യത്തോടെ ലഭിക്കും. ഒക്ടോബറിനുള്ളിൽ ബ്ലോക്ക് തല പഞ്ചായത്ത് അസോസിയേഷൻ ജില്ലയിൽ ആകമാനം രൂപീകരിക്കും. പഞ്ചായത്ത് അസോസിയേഷൻ സ്വന്തം ടെലിവിഷൻ ചാനൽ ആരംഭിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് അനിൽ അക്കര പറഞ്ഞു. ഡിപിസി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സുനു ജോർജ് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ .ആർ. ജയകുമാർ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സിജു കെ ഐസക്ക്, വൈസ് പ്രസിഡന്റ് കെ.കെ ശാന്താറാം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസി ജോസഫ്, ഗിരീഷ് കുമാർ പി.എൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ട്രീസ ജോൺ എന്നിവർ പ്രസംഗിച്ചു.