തൊടുപുഴ: ജോലിയും സാങ്കേതികവിദ്യയും ജീവിതത്തിന്റെ വലിയൊരു പങ്ക് കൈയടക്കുമ്പോള്‍, സ്വന്തം ആരോഗ്യത്തിനും നേരിട്ടുള്ള ജീവിതാനുഭവങ്ങള്‍ക്കും സമയം കണ്ടെത്തി അയണ്മാന് ട്രയാത്തലോണ്‍ പൂര്‍ത്തിയാക്കിയതിന്റെ ആത്മഹര്‍ഷത്തിലാണ് തൊടുപുഴ സ്വദേശി അനൂപ് തോമസ് മാത്യു. അമേരിക്കയിലെ സാക്രമെന്റോയില്‍ ഒക്ടോബര്‍ 18ന് ആരംഭിച്ച് കലിഫോര്‍ണിയയിലാണ് അനൂപ് തന്റെ ആദ്യ അയണ്മാന് മത്സരം വിജയകരമായി പൂര്‍ത്തിയാക്കിയത്.
3.8 കിലോമീറ്റര്‍ നീന്തല്‍, 180 കിലോമീറ്റര്‍ സൈക്ലിംഗ്, തുടര്‍ന്ന് 42.2 കിലോമീറ്റര്‍ മാരത്തണ്‍ ഓട്ടം എന്നിവ ഉള്‍പ്പെടുന്നതാണ് മത്സരം. ഒരേദിവസം 226 കിലോമീറ്ററോളം ദൂരം പിന്നിടേണ്ട ഈ വെല്ലുവിളിക്കായി ജോലിത്തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തിയാണ് മാസങ്ങള്‍ നീണ്ട പരിശീലനം നടത്തിയത്.
കരിങ്കുന്നം വെള്ളിമൂഴയില്‍ റിട്ട.ബാങ്ക് മാനേജര്‍ തോമസ് മാത്യുവിന്റെയും മോളിയുടെയും മകനാണ് അനൂപ്. ഭാര്യ അല്മിയോടും രണ്ടു മക്കളോടുമൊപ്പം കലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലാണ് താമസം. നിര്‍മിതബുദ്ധി രംഗത്തെ സ്റ്റാര്‍ട്ടപ്പായ ഡോക്കറ്റ് എഐയുടെ സഹസ്ഥാപകനും ചീഫ് കസ്റ്റമര്‍ ഓഫീസറുമാണ്.
നീന്തല്പേടി മറികടന്ന പരിശീലനം
മുമ്പ് മാരത്തണിലും ദീര്‍ഘദൂര സൈക്ലിംഗിലും മികവുകാട്ടിയിരുന്നെങ്കിലും നീന്തലായിരുന്നു അയണ്മാന് മത്സരത്തിലെ ഏറ്റവും വലിയ വെല്ലുവിളി. നീന്തലില്‍ തുടക്കക്കാരനായിരുന്ന അനൂപിന് ദൂരം പിന്നിടാനുള്ള ശേഷിക്കൊപ്പം ആഴമുള്ള വെള്ളത്തോടുള്ള ഭയവും മറികടക്കേണ്ടിവന്നു. നീന്തല്‍ക്കുളത്തിലെ പരിശീലനത്തില്‍നിന്ന് തുറന്ന ജലാശയങ്ങളിലെ പരിശീലനത്തിലേക്ക് ക്രമേണ മുന്നേറി.
ഇതൊടൊപ്പം മണിക്കൂറുകള്‍ നീണ്ട സൈക്കിള്‍ യാത്രകളും ദീര്‍ഘദൂര ഓട്ടവും തുടര്‍ന്നു. ഭക്ഷണം, ജലപാനം, ഉറക്കം, വിശ്രമം എന്നിവയ്ക്കും പരിശീലനത്തോടൊപ്പം ശ്രദ്ധ നല്കി. ജോലിയുടെ ഉത്തരവാദിത്വങ്ങളും രണ്ടു മക്കളടങ്ങുന്ന കുടുംബത്തിന്റെ കാര്യങ്ങളും ഒപ്പം കൊണ്ടുപോകുന്നതിനാല്‍ ടൈം മാനേജ്മെന്റും അനിവാര്യമായിരുന്നു.
മത്സരദിവസം തണുത്ത വെള്ളത്തിലിറങ്ങിയ ആദ്യ അഞ്ചു മിനിറ്റുകള്‍ അനൂപിനു മറക്കാനാവാത്ത അനുഭവമാണ്. നീന്തലും സൈക്ലിംഗും പിന്നിട്ട് മാരത്തണിന്റെ 26 കിലോമീറ്റര്‍, എത്തിയപ്പോഴും മനക്കരുത്ത് പരീക്ഷിക്കപ്പെട്ടു. ഏറെ ദൂരം പിന്നിട്ടിട്ടും ശേഷിക്കുന്ന ഒരു റൗണ്ട് കൂടി പൂര്‍ത്തിയാക്കാനുള്ള തീരുമാനമായിരുന്നു വഴിത്തിരിവായത്.
ജോലിക്കൊപ്പം ആരോഗ്യത്തിനു ഇടം
ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നിലിരുന്നുള്ള ജോലിക്കിടയില്‍ ശരീരത്തിനായി സമയം മാറ്റിവയ്ക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ യാത്ര വിളിച്ചോതുന്നത്. ജോലിയിലെ ലക്ഷ്യങ്ങള്‍ക്കൊപ്പം ശാരീരികക്ഷമതയും ജീവിത നൈപുണിയും വികസിപ്പിക്കുക, അതിനായി സ്ഥിരതയാര്‍ന്ന പരിശീലനം നടത്തുക എന്നിവ അയണ്മാന് ഒരുക്കത്തിന്റെ ഭാഗമായിരുന്നു.
ആരോഗ്യവും കായികക്ഷമതയും നിലനിര്‍ത്താന്‍ എല്ലാവരും അയണ്മാന് പോലുള്ള മത്സരങ്ങളില്‍ പങ്കെടുക്കണമെന്നില്ലെന്നും ഇദ്ദേഹം പറയുന്നു. ഓരോരുത്തരുടെയും ശേഷിക്കും സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ നടത്തം, സൈക്ലിംഗ്, നീന്തല്‍, കളികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈനംദിന ജീവിതത്തില്‍ ഇടം നല്‍കുക എന്നതാണ് പ്രധാനം.കുടുംബത്തിന്റെയും പരിശീലകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും പ്രോത്സാഹനവുമാണ് അനൂപിന്റെ നേട്ടത്തിനു പിന്നിലെ രഹസ്യം.
Tags :