നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാർ സംസാരിക്കുന്നു.
നിലന്പൂർ: നിലന്പൂരിലെയും ചാലിയാറിലെയും കാട്ടാന ശല്യം പരിഹരിക്കാൻ നടപടികളുമായി വനംവകുപ്പ്. നാട്ടിലിറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തിരിച്ച് വിടാൻ പ്രത്യേക സേന രൂപീകരിക്കും.
നിലന്പൂർ നഗരസഭയിലെയും ചാലിയാർ പഞ്ചായത്തിലെയും കാട്ടാനശല്യം സംബന്ധിച്ച് ചർച്ച ചെയ്യാൻ നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ്കുമാർ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
പൊക്കോട് റിസർവിൽനിന്ന് പന്തീരായിരം മലവാരത്തിലേക്ക് കാട്ടാനകളെ തിരിച്ചുവിടാൻ പ്രത്യേക സേന രൂപീകരിക്കുമെന്ന് ഡിഎഫ്ഒ പറഞ്ഞു. ശല്യക്കാരായ കാട്ടാനകളെ വേഗത്തിൽ പന്തീരായിരം വനമേഖലയിലേക്ക് കയറ്റിവിടാനാണ് ലക്ഷ്യമിടുന്നത്.
30 അംഗ ടീം
വനപാലകരും ആർആർടി അംഗങ്ങളും ജനപ്രതിനിധികളും വനമേഖലയെക്കുറിച്ച് അറിയുന്ന പ്രദേശവാസികളും ഉൾപ്പെടെ മുപ്പതോളം പേരെ ഉൾപ്പെടുത്തിയാകും സേന രൂപീകരിക്കുക. ടീമിന് വനം വകുപ്പ് പ്രത്യേക യൂണിഫോമും പരിശീലനവും നൽകും.
സേനയിൽ ഉൾപ്പെടുത്തേണ്ടവരുടെ ലിസ്റ്റ് നിലന്പൂർ നഗരസഭാ അധ്യക്ഷയും ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഡിഎഫ്ഒയ്ക്ക് കൈമാറും. ആനകൾ നിലയുറപ്പിച്ചിട്ടുള്ള വനഭാഗങ്ങൾ, സഞ്ചാരപാതകൾ എന്നിവ റേഞ്ച് ഓഫീസർമാരുടെ നേതൃത്വത്തിൽ നീരിക്ഷിക്കും. അതിനുശേഷം കാടുകയറ്റാനുള്ള ഏറ്റവും സുരക്ഷിതമായ ഭാഗങ്ങൾ കണ്ടെത്തും.
ജനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദേശവും നൽകും. കാഞ്ഞിരപുഴ, അകന്പാടം, വള്ളുവശേരി പനയംകോട് വനം സ്റ്റേഷനുകളിൽ ഇതിനായി മുന്നൊരുക്കം നടത്തും.
നേരത്തേ കാടുകയറ്റിയ കാട്ടാനകൾ പിന്നീട് കൃഷിയിടങ്ങൾക്ക് സമീപമുള്ള വനഭാഗങ്ങളിലേക്ക് തന്നെ മടങ്ങിവന്ന സാഹചര്യത്തിൽ ഇക്കുറി ഏറെ ജാഗ്രതയോടെയാകും കാട്ടാനകളെ കാടുകയറ്റുക.
ഫെൻസിംഗ് കാര്യക്ഷമമാക്കണം
കാട്ടാനകളെ പ്രതിരോധിക്കാൻ ശാശ്വത നടപടികൾ വേണമെന്ന് ജനപ്രതിനിധികളും കർഷകരും യോഗത്തിൽ ആവശ്യപ്പെട്ടു. കാട്ടാനകളെ കാട്ടിലേക്ക് തിരിച്ച് വിടുന്നതോടൊപ്പം വനാതിർത്തിയിൽ ഫെൻസിംഗ് പ്രവർത്തനം കാര്യക്ഷമാക്കണമെന്നും ആവശ്യം ഉയർന്നു.
സഹകരണം അനിവാര്യം
കാട്ടാനകളെ പ്രതിരോധിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണം അത്യാവശ്യമാണെന്നും ഇതിനായി ഫണ്ട് ആവശ്യമാണെന്നും ഡിഎഫ്ഒ പറഞ്ഞു.
നിലന്പൂർ കനോലി പ്ലോട്ടിൽ ചേർന്ന യോഗത്തിൽ നഗരസഭാ അധ്യക്ഷ പദ്മിനി ഗോപിനാഥ്, നോർത്ത് ഡിഎഫ്ഒ പി. ധനേഷ്കുമാർ, ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അനുശ്രീ, വൈസ് പ്രസിഡന്റ് തോണിക്കടവൻ ഷൗക്കത്ത്, എടവണ്ണ റേഞ്ച് ഓഫീസർ എം.എൻ. ഷംനാസ്, നിലന്പൂർ റേഞ്ച് ഓഫീസർ ഇൻചാർജ് പി. വിമൽ ചാലിയാർ ഗ്രാമപഞ്ചായത്തംഗങ്ങൾ, നിലന്പൂർ നഗരസഭയിൽ കാട്ടാനശല്യം രൂക്ഷമായ ഡിവിഷനുകളിലെ കൗണ്സിലർമാർ, കർഷക പ്രതിനിധികളായ സിദീഖ് നാലകത്ത്, ജേക്കബ് എളന്പിലാക്കാട്, തോണിയിൽ സുരേഷ്, നാലകത്ത് ഹൈദരാലി എന്നിവർ സംസാരിച്ചു. എടക്കോട് വനം സ്റ്റേഷൻ പരിധിയിലെ പെരുവന്പാടത്തെ ശല്യക്കാരായ കാട്ടാനകളെയും കാടുകയറ്റണമെന്ന് വാർഡ് അംഗം അച്ചാമ്മ ജോസഫ് ആവശ്യപ്പെട്ടു.
Tags : wild elephants NattuVishasham DistrictNews