പാലാ: മീനച്ചില്‍, മുത്തോലി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറ്റില്ലം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് തുടക്കമാകുന്നു. മാണി സി. കാപ്പന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 70 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ പാലം നിര്‍മിക്കുന്നത്. പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്നു രാവിലെ പത്തിന് മാണി സി. കാപ്പന് എംഎല്‍എ നിര്‍വഹിക്കും.
മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് മുഖ്യപ്രഭാഷണം നടത്തും. വാര്‍ഡ് മെംബര്‍മാരായ പ്രിന്‍സ് ഓടയ്ക്കല്‍, സരിത ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
മീനച്ചില്‍ തോടിന് കുറുകെയുള്ള ഈ പാലത്തിന് പറയാന്‍ ഒരു നാടിന്റെ അതിജീവനത്തിന്റെ കഥയുണ്ട്. 1992ന് മുന്‍പ് നാട്ടുകാര്‍ സ്വന്തം നിലയില്‍ നിര്‍മിച്ച ഒരു തടിപ്പാലമായിരുന്നു ഏക യാത്രാമാര്‍ഗം. പിന്നീട് നാട്ടുകാരുടെ സജീവ സഹകരണത്തോടെ 1992ല്‍ മുത്തോലി പഞ്ചായത്തില്‍നിന്നു ജെആര്‍വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിലവിലെ പാലം നിര്‍മിച്ചത്.
33 വര്‍ഷത്തോളം പഴക്കമുള്ള ഈ പാലം ഇപ്പോള്‍ അതീവ ശോച്യാവസ്ഥയിലാണ്. വീതി കുറഞ്ഞ നിലവിലെ പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ടുന്നതും പാലത്തിന്റെ ബലക്ഷയവും കണക്കിലെടുത്ത് നാട്ടുകാര്‍ ഒന്നിച്ച് നല്കിയ നിവേദനത്തെത്തുടര്‍ന്ന് അഞ്ചു വര്‍ഷം മുന്‍പാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.
എന്നാല്‍ വിവിധ വകുപ്പുകളില്‍നിന്നുള്ള സാങ്കേതികാനുമതികള്‍ ലഭിക്കാനുള്ള കാലതാമസം മൂലം പദ്ധതി നീണ്ടുപോയി. നാട്ടുകാര്‍ രൂപീകരിച്ച പാലം നിര്‍മാണ കമ്മിറ്റിയുടെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് നിർമാണം ആരംഭിക്കുന്നത്.
പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ഇരുനൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ പാലമെന്നും സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡിൽ രണ്ട് വലിയ വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ സാധിക്കുന്ന വിധത്തില്‍ 15 അടി വീതിയിലാണ് പുതിയ പാലം വിഭാവനം ചെയ്തിരിക്കുന്നതെന്നു നിര്‍മാണ കമ്മിറ്റി ചെയര്മാന് ഷാജി മാത്യു തകിടിയേല്‍, കണ്‍വീനര്‍ സുമോദ് വളയത്തില്‍ എന്നിവര്‍ പറഞ്ഞു.