തായന്നൂർ ഗോത്രബന്ധു വികസനസമിതിയുടെ ആഭിമുഖ്യത്തിൽ വേങ്ങച്ചേരി ഊരിൽ സംഘടിപ്പിച്ച നാട്ടുപയമ.
തായന്നൂർ: അടിമത്തവും തനതായ ഗോത്രസംസ്കാരവും ഭക്ഷണരീതിയും ചികിത്സാരീതികളുമൊക്കെ നിറഞ്ഞ പഴയ കാലങ്ങളുടെ ഓർമപ്പെടുത്തലായി തായന്നൂർ ഗോത്രബന്ധു വികസനസമിതിയുടെ ആഭിമുഖ്യത്തിൽ നാട്ടുപയമ സംഘടിപ്പിച്ചു.
പഴയകാല ഊരുമൂപ്പൻമാരും മൂപ്പത്തികളും മുതിർന്ന അംഗങ്ങളും അവരുടെ ചരിത്രവും ഓർമകളും അനുഭവങ്ങളും വിദ്യാർഥികളും യുവജനങ്ങളുമടങ്ങുന്ന പുതിയ തലമുറയ്ക്കു മുന്നിൽ പങ്കുവച്ചു.
ഗോത്രബന്ധു വികസനസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഊരുത്സവത്തിനു മുന്നോടിയായാണ് വേങ്ങച്ചേരി ഊരിൽ നാട്ടുപയമ സംഘടിപ്പിച്ചത്. സിനിമാ പ്രവർത്തകൻ ചന്ദ്രു വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ വി. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. ഗോത്ര കവികളും ഗവേഷകരുമായ ധന്യ വേങ്ങച്ചേരി, സീന തച്ചങ്ങാട്, ഗ്രീഷ്മ കണ്ണോത്ത് എന്നിവർ മോഡറേറ്റർമാരായി.
വിവിധ ഊരുകളിൽ നിന്നെത്തിയ കൊച്ചു വെളുത്തൻ, ചിരുത, ചോയിച്ചി, കൊട്ടൻ ചീരോൽ, വെള്ളൻ, കല്ലളൻ, കണ്ണൻ, ചിറ്റ, കാരിച്ചിയമ്മ, കാരിക്കുട്ടി, വെള്ളച്ചി, കോരൻ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. പുതുതലമുറയിലെ അംഗങ്ങൾ ഗോത്രാചാരപ്രകാരം പാളതൊപ്പി നൽകി അതിഥികളെ സ്വീകരിച്ചു. തുടർന്ന് മംഗലംകളിയും നാടൻ പാട്ടുകളും അവതരിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ വി. രാധിക സ്വാഗതവും ബാബു വേങ്ങച്ചേരി നന്ദിയും പറഞ്ഞു.
Tags : NattuVishesham.DistricteNews