ദീപിക തീവ്രപ്രചാരണ യജ്ഞത്തിന്റെ തലശേരി അതിരൂപതാതല ഉദ്ഘാടനവും എകെസിസി, മാതൃവേദി, ഡിഎഫ്സി ഇടവക, മേഖല, രൂപത ഭാരവാഹികളുടെ നേതൃസംഗമവും തലശേരി സാൻജോസ
തലശേരി: കുടിയേറ്റ ജനതയുടെ സമരങ്ങളൊക്കെയും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചതിനു പിന്നിൽ " ദീപിക' നൽകിയ ഐതിഹാസിക പിന്തുണയായിരുന്നുവെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. മലയാളത്തിന്റെ പ്രഥമ ദിനപത്രം "ദീപിക'യുടെ തീവ്രപ്രചാരണ യജ്ഞത്തിന്റെ തലശേരി അതിരൂപതാതല ഉദ്ഘാടനവും എകെസിസി, മാതൃവേദി, ഡിഎഫ്സി ഇടവക, മേഖല, രൂപത ഭാരവാഹികളുടെ നേതൃസംഗമവും പഠനശിബിരവും തലശേരി സാൻജോസ് മെട്രോ പൊളിറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
ദീപിക സമുദായ ശാക്തീകരണത്തിന്റെ ഏറ്റവും ഫലപ്രദമായ മാനദണ്ഡമാണ്. എല്ലാ കത്തോലിക്ക കുടുംബങ്ങളിലും ദീപിക ദിനപത്രമുണ്ടാകണം. തിരുഹൃദയരൂപം വീടിന്റെ അനുഗ്രഹവും അടയാളവുമായി സൂക്ഷിക്കുന്നതുപോലെ വീട്ടിലെ സ്വീകരണമുറിയിൽ ദീപിക കാണുന്പോൾ തിരുസഭയുടെ മക്കളുടെ കുടുംബമാണെന്ന് നാട്ടുകാർ അറിയാൻ ഇടവരണം. ദീപിക കത്തോലിക്ക അസ്തിത്വത്തിന്റെ ഭാഗമായി പരിഗണിക്കണം. മറ്റാരു മറന്നാലും മലബാറുകാരായ നമുക്ക് ദീപികയെ മറക്കാനാവില്ല. കൊട്ടിയൂരിലും കാക്കടവിലും ഗൂഡല്ലൂരിലും വടക്കേക്കളത്തും അന്പലവയലിലുമൊക്കെ കുടിയിറക്കു നീക്കമുണ്ടായപ്പോൾ ജനരോഷത്തിന്റെ യഥാർഥ ചൂടും ചൂരും അധികാരികളുടെ പക്കലെത്തിച്ചതും തീരുമാനം മാറ്റിച്ചതും ദീപികയായിരുന്നു.
കുടിയേറ്റ ജനത ഇന്ന് അനുഭവിക്കുന്ന സൗഭാഗ്യങ്ങളുടെ പിന്നിൽ ദീപികയുടെ ശക്തമായ പിന്തുണയുണ്ട്. സമുദായത്തിന്റെ നിലനില്പിന് ദീപിക അനിവാര്യമാണെന്ന തിരിച്ചറിവാണ് തീവ്രപ്രചാരണ യജ്ഞത്തിന്റെ പിന്നിലെന്നും ആർച്ച്ബിഷപ് പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യം ഇന്ന് സങ്കല്പം മാത്രമാണ്. പല മാധ്യമങ്ങളും കോർപറേറ്റുകളുടെ കൈയിലാണ്. നമുക്ക് സത്യം അറിയാൻ, സത്യസന്ധമായി അറിയാൻ ദീപിക കൂടിയേ കഴിയൂ. ദീപികയുടെ ഒപ്പം നിൽക്കുകയെന്നാൽ സത്യത്തിന്റെ ഒപ്പം നിൽക്കുകയെന്നാണ് അർഥം. സഭയുടെ ശക്തി ഏതെങ്കിലും വിധത്തിൽ ചോർത്തിക്കളഞ്ഞ് സഭാമക്കളുടെ മേൽ അധീശത്വം പുലർത്താൻ ഇന്നു പലരും സംഘടിതമായി പ്രവർത്തിക്കുന്നു. അതിനുതക്ക നിയങ്ങൾ ഇവിടെ നിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇഎസ്എ, ഇഎഫ്എൽ, ബഫർസോൺ തുടങ്ങിയ ഓമനപ്പേരിട്ട് വിളിക്കുന്ന നിയമനിർമാണങ്ങൾ ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് മലയോര കർഷകരെയാണ്.
എന്തുകൊണ്ട് ദീപിക മാത്രം ഈ വിഷയം ഗൗരവമായി എടുക്കുന്നുവെന്നും മറ്റ് പത്രങ്ങൾ സംസാരിക്കുന്നില്ലെന്നതിന്റെയും ഉത്തരം നാം കണ്ടെത്തണം. മലയോര കർഷകരുടെ സങ്കടങ്ങൾ സർവ്വ മന്ത്രി മന്ദിരങ്ങളിലും എത്തിക്കാൻ ദീപികയുള്ളതുകൊണ്ടാണ് നമുക്കെതിരായ നിയമനിർമാണങ്ങൾ ഉദ്ദേശിച്ചത്ര ലാഘവത്തോടെയും വേഗത്തിലും നടപ്പാക്കാൻ കഴിയാത്തതെന്ന സത്യം മനസിലാക്കണം. തിരുസഭയ്ക്കെതിരായ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ മറ്റ് മാധ്യമങ്ങൾ മത്സരിക്കുന്പോൾ നമുക്ക് സത്യം പറയാൻ ദീപിക ആവശ്യമുണ്ട്.
എഫ്സിആർഎ ഫണ്ടിന്റെ പുതിയ നിയമം കൊണ്ടുവന്നത് സുപ്രധാന നഗരങ്ങളുടെ ഹൃദയഭൂമിയിൽ സമുദായത്തിന്റെ പതാകയേന്തുന്ന നമ്മുടെ അഭിമാനസ്തംഭങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ഉൾപ്പെടെ ലക്ഷ്യമിട്ടാണ്. അതു തട്ടിയെടുക്കാൻ രാജ്യത്ത് ഭരണഘടന അനുവദിക്കുന്ന വഴികളൊന്നുമില്ല. അപ്പോൾ പുതിയൊരു വഴി കണ്ടുപിടിച്ചു. എഫ്സിആർഎ നിയമത്തെ സഭ എതിർക്കുന്നത് അതിനകത്ത് ഡെമോക്ലിസിന്റെ വാളുപോലെ സമുദായത്തിന്റ സർവപ്രതാപവും നഷ്ടമാക്കാൻ പോകുന്ന നിഗൂഢമായ ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. ഇങ്ങനെ സർവത്ര പുകമറകൾ സൃഷ്ടിക്കുന്പോൾ സത്യമേതെന്ന് അറിയാൻ ദീപികയില്ലാതെ പോയാൽ സമുദായത്തിന്റെ നിലനില്പുതന്നെ അപകടത്തിലാകുമെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
"സത്യത്തിനൊപ്പം ദീപികയ്ക്കൊപ്പം' പദ്ധതിയുടെ ഭാഗമായ സെബാസ്റ്റ്യൻ പുത്തൻപുര (വായാട്ടുപറന്പ്), ജോൺ തെക്കുംചേരിൽകുന്നേൽ ( ആലക്കോട്), ഏബ്രഹാം ഈറ്റക്കൽ- വത്സമ്മ ഏബ്രഹാം (പൊന്മല), ജോയിച്ചൻ ആൻഡ് മോളിക്കുട്ടി വടയാറ്റുതറയിൽ ( എടക്കോം), ജോർജ് മാത്യു തറപ്പിൽ (പേരാവൂർ), ജോജോ ചേന്നാട്ട് (പൊയ്നാച്ചി), സിസി തൈപ്പറന്പിൽ ( മാതൃവേദി അതിരൂപത പ്രസിഡന്റ്) എന്നിവരെ മെമന്റോ നൽകി ആദരിച്ചു.
രാവിലെ തലശേരി കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ കുർബാനയോടെയായിരുന്നു ദീപിക തീവ്രപ്രചാരണ യജ്ഞത്തിന് തുടക്കം. തലശേരി അതിരൂപത വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടറുമായ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, എകെസിസി മാതൃവേദി, ഡിഎഫ്സി, കുടുംബ യൂണിറ്റ് അതിരൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട്, എകെസിസി-ഡിഎഫ്സി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് മാത്യു വെളിയത്ത്, മാതൃവേദി അതിരൂപത പ്രസിഡന്റ് സിസി തൈപ്പറന്പിൽ, ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ, അസിസ്റ്റന്റ് റസിഡന്റ് മാനേജർ ഫാ. എഡ്വിൻ കോയിപ്പുറം എന്നിവർ പ്രസംഗിച്ചു. ഡിസിഎൽ ദേശീയ പ്രസിഡന്റ് ഫാ. റോയി കണ്ണംചിറ സിഎംഐ, രാഷ്ട്രദീപിക ലിമിറ്റഡ് ചീഫ് കോ-ഓർഡിനേറ്റിംഗ് ഓഫിസർ ഫാ. ജിനോ പുന്നമറ്റത്തിൽ എന്നിവർ ക്ലാസെടുത്തു.
Tags : Campaign Drive Nattuvishesham DistrictNews