ോഇരട്ട ടാറിംഗ് ചെയ്തയിടങ്ങളിലെ ഹമ്പ് മാതൃകയിൽ രൂപംകൊണ്ട ഭാഗം മണ്ണുമാന്തി ഉപയോഗിച്ച് നീക്കിയപ്പോൾ.
കണ്ണൂർ: ഇരട്ട ടാറിംഗ് കെണിയിൽ ദേശീയപാതയിൽ നിരവധി അപകടങ്ങൾ സംഭവിച്ചതിനുശേഷം കണ്ണൂർ-പയ്യന്നൂർ റോഡിൽ ഉടൻ പണി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. പള്ളിക്കുന്ന് ദേശീയപാതയിൽ ടാറിംഗ് ഉയർന്നു നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നതിന്റെ ഫോട്ടോ ദീപിക പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് നടപടി. പള്ളിക്കുന്നിൽ ടാറിംഗ് ഉയർന്നു നിന്ന് അപകട ഭീഷണി ഉയർത്തുന്ന ഭാഗം ഇന്നലെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിരപ്പാക്കി.
കണ്ണൂർ നഗരത്തിൽനിന്ന് പയ്യന്നൂർ ഭാഗത്തേക്കും ഇരിട്ടി ഭാഗത്തേക്കും പോകുന്ന റോഡിൽ ടാറിംഗ് ചെയ്തയിടങ്ങളിൽ വീണ്ടും ടാർ ചെയ്തിട്ട് പലഭാഗങ്ങളിലും വലിയതരത്തിലുള്ള ഹമ്പുകൾ രൂപപ്പെട്ടിരുന്നു. ഇത് ഇരുചക്ര വാഹന യാത്രക്കാരെയടക്കം അപകടത്തിലാക്കുന്നുണ്ട്.
കണ്ണൂരിൽനിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന ദേശീയപാതയിൽ പള്ളിക്കുന്ന്, എകെജി ആശുപത്രിക്ക് സമീപം, പുതിയതെരു തുടങ്ങിയ ഭാഗങ്ങളിലും നഗരത്തിൽനിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന മേലേ ചൊവ്വ, തലശേരി ഭാഗത്തേക്ക് പോകുന്ന താഴേ ചൊവ്വ ഭാഗങ്ങളിലും ടാറിംഗ് ഉയർന്ന് ഹന്പിനു സമാനമായി രൂപപ്പെട്ടത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. തുലാവർഷം കഴിയുന്നമുറക്ക് നിർമാണപ്രവൃത്തി നടത്തുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
കണ്ണൂർ-പയ്യന്നൂർ ദേശീയപാതയിൽ മഴ തീരുന്നമുറക്കാണ് ഒരു ലെയർ ടാറിംഗ് നടത്തുക. ഈ നിർമാണപ്രവൃത്തിയുടെ ചുമതല ദേശീയപാത അഥോറ്റിക്കാണ്. നഗരത്തൽ നിന്ന് തുടങ്ങുന്ന രീതിയിലായിരിക്കും നിർമാണം. പുതിയ ദേശീയപാത 66 പൂർണമായി തുറക്കുന്നതിന് മുന്നോടിയായി ദേശീയപാത അഥോറിറ്റി കരാർപ്രകാരം ചെയ്യേണ്ടുന്ന പ്രവൃത്തിയാണിതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു
കണ്ണൂരിൽനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന റോഡിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. പല സംഭവങ്ങളിലും ജീവഹാനിയും ഗുരുതര പരിക്കും പറ്റിയിട്ടുണ്ട്. അശാസ്ത്രീയമായ റോഡ് സംവിധാനമാണ് അപകടത്തിന് കാരണമായി ജനങ്ങൾ ആരോപിക്കുന്നത്.
ടാറിംഗ് ചെയ്ത് റോഡ് കുഴിയായ ഇടങ്ങളിൽ പേച്ച് വർക്ക് ചെയ്യുന്പോൾ സാധാരണ റോഡ് നിരപ്പിൽനിന്ന് പൊങ്ങിയിട്ടാണ് പ്രവൃത്തി നടത്തുന്നത്. ഇങ്ങനെ വരുന്പോൾ ഇരുചക്ര വാഹനങ്ങളും മറ്റും പലപ്പോഴും അപകടത്തിൽപെടുകയാണ്. ഗർഭിണികളും രോഗികളും വാഹനങ്ങളിൽ സഞ്ചരിക്കുന്പോൾ ഇത് വലിയ അപകടത്തിനാണ് വഴിവെക്കുന്നത്. പുതിയ നിർമാണപ്രവൃത്തി നടത്തുേമ്പാൾ പഴയ ടാറിംഗ് ഇളക്കിമാറ്റിയിട്ട് മുഴുവർ മെക്കാഡം രീതിയിൽ ടാറിംഗ് ചെയ്യണമെന്നാണ് ബസ് ജീവനക്കാരും മറ്റ് സ്ഥിരം യാത്രക്കാരും പറയുന്നത്.