ഊത്തുകുഴി പ്രദേശത്തെ തോട്ടംതൊഴിലാളികളുടെ പൊതുശൗചാലയം.
നെല്ലിയാമ്പതി: തേയില, കാപ്പി തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾപോലും ഉറപ്പാക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റിലെ ഊത്തുകുഴി പ്രദേശത്തെ പാടികളിൽ താമസിക്കുന്ന തൊഴിലാളികളാണ് ശോച്യാവസ്ഥയിലുള്ളത്.
വാസസ്ഥലങ്ങളോട് ചേർന്നുള്ള ശൗചാലയങ്ങൾ പോലും ഉപയോഗിക്കാൻ കഴിയാത്തവിധം തകർന്ന നിലയിലാണെന്നാണ് തൊഴിലാളികളുടെ പരാതി. ശൗചാലയത്തിനു വാതിലില്ല, മേൽക്കൂരയിലെ ഓടുകൾ ഏതുനിമഷവും നിലംപൊത്താം, സെപ്റ്റിക് ടാങ്ക് സ്ലാബുകളിൽ വിള്ളൽ വീണതിനെ തുടർന്ന് അസഹ്യമായ ദുർഗന്ധം തുടങ്ങി ഒട്ടനവധി പരാതികളാണ് തൊഴിലാളികൾക്കു പറയാനുള്ളത്.
പ്രശ്നത്തിന്റെ ഗൗരവം മാസങ്ങളായി സൂപ്പർവൈസർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ശാശ്വത പരിഹാരത്തിനായി എസ്റ്റേറ്റ് മാനേജ്മെന്റ് നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. തൊഴിലാളികളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പാക്കേണ്ട ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്ത് ഭരണസമിതിയും വിഷയത്തിൽ കാര്യമായ ഇടപെടുന്നില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു.
നിരവധി അംഗീകൃത തൊഴിലാളി യൂണിയനുകളും രാഷ്ട്രീയ പാർട്ടികളും മേഖലയിലുണ്ടെങ്കിലും തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആക്ഷേപം ശക്തമാണ്.
തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ചുമതലപ്പെട്ട പ്ലാന്റേഷൻ ഇൻസ്പെക്ടർപോലും ഇതുവരെ പാടി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടില്ലെന്നു തൊഴിലാളികൾ പറയുന്നു.
ഇതേ രീതിയിലുള്ള അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ മണലാറു എസ്റ്റേറ്റിലെ തേനിപാടി, എലം സ്റ്റോർ പ്രദേശങ്ങളിലും നിലനിൽക്കുന്നതായും പരാതിയുണ്ട്.
അടിസ്ഥാന സൗകര്യങ്ങളുടെ ശോച്യാവസ്ഥയ്ക്കെതിരെ തൊഴിലാളികൾ പരാതിയുമായി മുന്നോട്ടുവരാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. പരാതിപ്പെടുന്ന തൊഴിലാളികളെ അതേ എസ്റ്റേറ്റിലെ മറ്റൊരു ഡിവിഷനിലേക്ക് മാറ്റുക, നിലവിൽ ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ടേറിയ ജോലി നൽകുക, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ജോലിക്ക് നിയോഗിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കുന്നതായി ചില തൊഴിലാളികൾ ആരോപിക്കുന്നു.
Tags : Plantation workers in Nelliampathy in distress Nattuvishesham DistrictNews