കൊച്ചി: മനുഷ്യജീവനുകള്‍ പൊലിഞ്ഞിട്ടും ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിട്ടും കൊച്ചിയില്‍ സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍ തുടരുന്നു. ഗതാഗത നിയന്ത്രണത്തിനായി റോഡിൽ നിൽക്കുന്ന ട്രാഫിക് പൊലിസിനു പോലും രക്ഷയില്ലാതായതോടെ സ്വകാര്യ ബസുകളുടെ ഈ മരണപ്പാച്ചിലിന് ആര് തടയിടുമെന്ന ആശങ്കയിലാണ് പൊതുജനം.
ഓരോ വര്‍ഷവും സ്വകാര്യ ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ വര്‍ധിക്കുന്നതായാണ് ട്രാഫിക് പൊലിസിന്റെ കണക്കുകള്‍. 2023ല്‍ 23 മരണങ്ങള് ഉള്‍പ്പടെ 228 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, അടുത്ത വര്‍ഷം 20 മരണങ്ങള് ഉള്‍പ്പടെ 240 അപകടങ്ങളുണ്ടായി. 2025ല്‍ കേസുകളുടെ എണ്ണം 271 ആയി ഉയര്‍ന്നു. 16 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് മരണങ്ങള്ക്കിടിയാക്കിയിട്ടുള്ളത്.
സ്വകാര്യ ബസുകളുടെ സര്‍വീസ് സമയമാണ് നഗരത്തിലെ അമിതവേഗതയ്ക്ക് കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്. അപകടങ്ങളും ഇതേത്തുടര്‍ന്നുള്ള മരണങ്ങളും പെരുകുന്ന സാഹചര്യത്തില്‍ നിലവിലെ സമയക്രമത്തില്‍ കാലോചിതമായ പരിഷ്കരണം നടത്തണമെന്ന ആവശ്യവും ശക്തമാണ്.
ലൈസന്‍സില്ലാതെ വാഹനമോടിക്കുക, അമിത വേഗത, അപകടകരമായ ഡ്രൈവിംഗ്, അശ്രദ്ധവും അപകടകരവുമായ ഓവര്‍ടേക്കിംഗ്, ലഹരി കേസുകളിലടക്കം പ്രതികളായവരെ ജീവനക്കാരായി നിയമിക്കുക, നിയമപരമായ ഉത്തരവുകള്‍ മനഃപൂര്‍വം അനുസരിക്കാതിരിക്കുക, നിശ്ചിത ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്താതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് വിവിധ പരിശോധനകളില്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുള്ളവ.
ബസിലെ ജീവനക്കാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കെ ഇവ കൃത്യമായി പാലിക്കുന്ന വാഹനങ്ങള്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ്. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരും, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും നിരവധിയാണ്. റോഡിലെ തിരക്കുമൂലം നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാനുള്ള മത്സരയോട്ടത്തിനിടെ ഫുട്പാത്തിലൂടെയുള്ള അപകടകരമായ ഡ്രൈവിംഗും നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം കുറ്റക്കാര്‍ക്ക് പലപ്പോഴും ശരിയായ ശിക്ഷ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം കര്‍ശനമാക്കുന്ന പരിശോധനകളും നിയമങ്ങളും നിരന്തരമാക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
Tags : Private buses High Speed Nattuvishesham DistrictNews