മർദനത്തിന്റെ അവ്യക്തമാക്കിയ ദൃശ്യം.
കൊച്ചി: സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലെ മെസേജിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 17കാരന് സുഹൃത്തുക്കളുടെ ക്രൂരമര്‍ദനം. കലൂരിലെ സ്കൂളില്‍ പഠിക്കുന്ന എളമക്കര സ്വദേശിയാണ് നടുക്കുന്ന ക്രൂരതയ്ക്ക് ഇരയായത്. മര്‍ദനത്തെത്തുടര്‍ന്ന് മൂത്രത്തിലൂടെ രക്തംവരുന്ന നിലയിലായ വിദ്യാര്‍ഥി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭീഷണിയെത്തുടര്‍ന്ന് മര്‍ദന വിവരം കുട്ടി വീട്ടില്‍ അറിയിച്ചിരുന്നില്ല. മൂത്രത്തിലൂടെ രക്തം വരാൻ തുടങ്ങിയതോടെയാണ് ആക്രമണ വിവരം വീട്ടുകാരോട് പറഞ്ഞത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ആശുപത്രി ജീവനക്കാര്‍ പൊലിസിൽ വിവരമറിക്കുകയായിരുന്നു.
സംഭവത്തില്‍ ഇടപ്പള്ളി ചങ്ങമ്പുഴ റോഡിനു സമീപം വാടകയ്ക്ക് താമസിക്കുന്ന 40കാരിയെ എളമക്കര പൊലിസ് അറസ്റ്റ് ചെയ്തു. ഇവരും ഇവരുടെ 16കാരനായ മകനും ആറ് കൂട്ടുകാരും ചേര്‍ന്നാണ് 17കാരനെ മര്‍ദിച്ചത്. അക്രമത്തില്‍ പങ്കാളികളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരേ പൊലിസ് സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കി ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് സമര്‍പ്പിക്കും. കുട്ടികളെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. വധശ്രമത്തിനാണ് പൊലിസ് കേസെടുത്തിട്ടുള്ളത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ;
ഇന്‍സ്റ്റഗ്രാം മെസേജിനെച്ചൊല്ലിയുണ്ടായ തര്‍ക്കം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ചാണ് 17കാരനെ അക്രമിസംഘം വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. മുമ്പ് അയല്‍വാസികളായി കഴിഞ്ഞിരുന്നവരാണ് മര്‍ദനമേറ്റ 17കാരന്റെ കുടുംബവും അറസ്റ്റിലായ 40കാരിയുടെ കുടുംബവും. ഈ സമയം ഓണ്‍ലൈന്‍ ഗെയിം കളിക്കാനും മറ്റുമായി 17കാരന്റെ പേരില്‍ എല്ലാവര്ക്കും ഉപയോഗിക്കാനാകും വിധം ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നിരുന്നു.
ഇതിനിടെ ഇരുകുടുംബങ്ങളും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഇരുവീട്ടുകാരും താമസം മാറി. ഗെയിമിംഗിനും മറ്റും ഉപയോഗിച്ചിരുന്ന 17കാരന്റെ ഫോണ്‍ കേടായതിനെത്തുടര്‍ന്ന് പുതിയ മൊബൈല്‍ വാങ്ങി ഇതില്‍ ഇന്‍സ്റ്റഗ്രാം തുറന്നതോടെ ഈ അക്കൗണ്ടില്‍നിന്ന് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തി. ഈ കാര്യം ചോദിച്ചു തുടങ്ങിയ തര്‍ക്കമാണ് ഒടുവില്‍ ക്രൂരമര്‍ദനത്തില്‍ കലാശിച്ചത്.
തര്‍ക്കം പരിഹരിക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം 40കാരി 17കാരന്റെ തലയ്ക്ക് അടിച്ചു. തുടർന്നാണ് ഇവരുടെ മകനും മറ്റ് കൂട്ടുകാരും ചേര്‍ന്ന് ക്രൂരമര്‍ദനം നടത്തിയത്.
Tags : Visuals of the attack emerge Nattuvishesham DistrictNews