ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നിര്‍മാണം പൂര്‍ത്തിയായ കാനായി കുഞ്ഞിരാമന്റെ വിക്ടിംസ് ഫ്രീഡം ശില്പം.
കാസര്‍ഗോഡ്: പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് തന്റെ ജന്മനാട്ടില് ഒരുക്കിയ വിക്ടിംസ് ഫ്രീഡം എന്ന ശില്പം നാടിന് സമര്‍പ്പിക്കുന്നു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ഈ ശില്പം 13നു രാവിലെ 9.30നു നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നാടിനു സമര്‍പ്പിക്കും.
കാസര്‍ഗോഡിനെ ദുരിതത്തിലാക്കിയ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ പ്രമേയമാക്കിയാണ് വിക്ടിംസ് എന്ന ശില്പം കാനായി കുഞ്ഞിരാമന് നിര്‍മിച്ചിരിക്കുന്നത്. നിസഹായനായ മനുഷ്യന് സ്വാതന്ത്ര്യത്തിന്റെ ആകാശത്തേക്ക് കുതിച്ചുയരുന്നതിനെ ആവിഷ്കരിക്കുന്നതാണ് ഫ്രീഡം എന്ന ശില്പം. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ സന്ദേശമാണ് ഈ ശില്പങ്ങള് വിഭാവനം ചെയ്യുന്നത്. 40 അടി ഉയരമുള്ള ക്യൂബിക് മോഡലിലാണ് ഈ കൂറ്റന്‍ ശില്പം നിര്‍മിച്ചിട്ടുള്ളത്.
20 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശില്പം യാഥാര്‍ഥ്യമാകുന്നത്. ഉദ്ഘാടനച്ചടങ്ങ് അടുത്തെത്തിയിട്ടും ഈ ശില്പം നിര്‍മിക്കാന്‍ കരാര്‍ നല്കിയ ജില്ലാ പഞ്ചായത്ത് ശില്പിക്ക് നല്‍കാനുള്ള 3.20 ലക്ഷം രൂപയുടെ കുടിശിക ഇതുവരെയും തീര്‍പ്പാക്കിയിട്ടില്ല.
തുടക്കത്തില്‍ 20 ലക്ഷം രൂപ അനുവദിച്ചിരുന്ന പദ്ധതിയുടെ ചെലവ്, വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ 65 ലക്ഷം രൂപയായി വര്‍ധിച്ചതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലുണ്ടായ മാറ്റങ്ങള്‍, ഫണ്ട് കണ്ടെത്തുന്നതിലെ പ്രയാസങ്ങള്‍, പ്രളയം, കോവിഡ് തുടങ്ങി നിരവധി പ്രതിസന്ധികള്‍ ഈ പദ്ധതി നേരിട്ടു. ഏകദേശം നാലുമാസം മുമ്പാണ് ശില്പം പൂര്‍ത്തിയായത്. സിഎസ്ആര്‍ (കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി) ഫണ്ട് ഉപയോഗപ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് ശ്രമിച്ചെങ്കിലും കമ്പനികളില്‍നിന്ന് സഹായം ലഭിച്ചില്ല. തുടര്‍ന്ന് വര്‍ഷങ്ങളായി സ്വന്തം ഫണ്ടില്‍നിന്ന് പണം നീക്കിവയ്ക്കുകയായിരുന്നുവെന്നും സെക്രട്ടറി പറഞ്ഞു. പദ്ധതിക്കായി വന്ന അധിക ചെലവിന് സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലുടനീളം നിരവധി ബൃഹത്തായ ശില്പങ്ങള് ഒരുക്കിയിട്ടുള്ള കാനായി, പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ശില്പങ്ങള്ക്ക് കലാകാരൻ എന്ന നിലയിലുള്ള പ്രതിഫലം ഈടാക്കാറില്ല. നിര്‍മാണത്തിനാവശ്യമായ സാമഗ്രികളുടെ ചെലവും തൊഴിലാളികളുടെ കൂലിയും മാത്രമേ അദ്ദേഹം ആവശ്യപ്പെടാറുള്ളൂ. സാധാരണയായി ശില്പം സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കുന്ന ഏജന്‍സികളാണ് ഈ ചെലവുകള്‍ വഹിക്കാറുള്ളത്.
എന്നാല്‍ കാസര്‍ഗോട്ടെ ശില്പത്തിന്റെ കാര്യത്തില്‍ ഈ ചെലവുകള്‍ അദ്ദേഹം സ്വന്തം കൈയില്‍ നിന്നാണ് എടുത്തത്. ഈ തുക രണ്ടുദിവസം കൊണ്ട് കൊടുത്തുതീര്‍ക്കാന്‍ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ശില്പത്തിന്റെ മൂന്നു മീറ്റര്‍ മാത്രം അകലെയാണ് മൂന്നു നിലകളുള്ള ജില്ലാ പഞ്ചായത്ത് കെട്ടിടം സ്ഥിതിചെയ്യുന്നത്. ഈ കെട്ടിടം അടുത്ത കാലത്താണ് നിര്‍മിച്ചത്. ശില്പത്തിന്റെ വലുപ്പത്തെ ഈ കെട്ടിടം ചെറുതാക്കി കാണിക്കുന്നുവെന്നും അതു ശില്പം കാണുന്നതിലെ അനുഭവം മോശമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
തുറസായ പശ്ചാത്തലത്തില്‍ ദൂരെ നിന്ന് കാണത്തക്ക രീതിയിലാണ് ഈ ശില്പം സ്ഥാപിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഇവിടെ പുല്‍ത്തകിടിയും ഇരിപ്പിടങ്ങളും വെളിച്ചസൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് ആളുകളെ ആകര്‍ഷിക്കുന്നതും അവര്‍ക്ക് സമയം ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്നതമായഒരിടമാക്കി ഇതിനെ മാറ്റാനാണ് ജില്ലാ പഞ്ചായത്തിന്റെ ശ്രമമെന്നും സെക്രട്ടറി പറഞ്ഞു.