മണിയാറൻകുടി-വട്ടമേട്ടിൽ അമ്പലക്കുന്നിൽ അജയൻ രവിയുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് വീട് തകർന്ന നിലയിൽ.
ചെറുതോണി: ശക്തമായ മഴയിൽ മരം വീണ് വീട് തകർന്നു. വട്ടമേട് അമ്പലക്കുന്നിൽ അജയൻ രവിയുടെ വീടാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ തകർന്നത്.
അജയനും കുടുംബാംഗങ്ങളും വീട്ടിനുള്ളിൽ വിശ്രമിക്കുകയായിരുന്നു. മരം വീഴുന്ന ശബ്ദംകേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവസമയം കുട്ടികൾ സ്കൂളിലായിരുന്നു. മരം വീണ് വീടിന്റെ ആസ്ബസ്റ്റോസ് മേൽക്കൂര പൂർണമായും തകർന്നു. വീടിന്റെ ഒരു ഭാഗം ഉപയോഗശൂന്യമായ നിലയിലാണ്.
വട്ടമേട് ആദിവാസി സെറ്റിൽമെന്റ് മേഖലയിലുൾപ്പെടെ നിരവധി വീടുകൾക്ക് ഭീഷണിയായി വലിയ മരങ്ങൾ ഏത് നിമിഷവും കടപുഴകി വീഴാവുന്ന അപകടാവസ്ഥയിലാണ്. വർഷങ്ങളായി അപകടഭീഷണി ചൂണ്ടിക്കാട്ടി വനംവകുപ്പിനും ജില്ലാ ഭരണകൂടത്തിനും ഉൾപ്പെടെ നിരവധി തവണ പരാതികൾ നൽകിയിട്ടും നടപടികളുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
Tags : nattuvishesham district news